...
Home News National കലാപക്കളത്തിലേക്ക് പന്തമെറിയുന്ന മണിപ്പൂരിലെ പഴയകാല വനിതാ പോരാളികള്‍

കലാപക്കളത്തിലേക്ക് പന്തമെറിയുന്ന മണിപ്പൂരിലെ പഴയകാല വനിതാ പോരാളികള്‍

സംഘപരിവാരവും ഗവൺമെൻ്റും വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെ മലയോര ഭൂമിയിൽ കണ്ണും നട്ടിരിക്കുന്ന കോർപ്പറേറ്റ് കമ്പനികളും പടച്ചുവിടുന്ന കള്ളപ്രചരണങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്ക് തരംതാണിരിക്കുകയാണ് പഴയകാല വനിതാ പോരാളികള്‍.

201

| കെ സഹദേവൻ

മണിപ്പൂരില്‍ നടക്കുന്ന വംശീയ കലാപത്തിന്റെ സാമൂഹിക/രാഷ്ട്രീയ സമവാക്യങ്ങള്‍ തിരിച്ചറിയാതെ ചിലര്‍ പഴയ കാല ഓര്‍മ്മകളില്‍ നിന്ന് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പങ്കുവെക്കുന്നത് കണ്ടു. ഇതില്‍ ഒരു വ്യക്തത ഉണ്ടാവേണ്ടതുണ്ട് എന്നു കരുതി മാത്രമാണ് ഈ കുറിപ്പ്.

ഒരു കാലത്ത് ഇന്ത്യന്‍ സ്ത്രീ മുന്നേറ്റങ്ങളിലെ ഒരുകാലത്ത് ജ്വലിക്കുന്ന അധ്യായമായി മാറിയിരുന്ന മണിപ്പൂരിലെ മെയ്രാ പെയ്ബിസ് (Meira Paibis-പന്തമേന്തിയ പെണ്ണുങ്ങള്‍) നെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

മണിപ്പൂര്‍ സ്ത്രീകള്‍ക്ക് നേരെ ഇന്ത്യന്‍ പട്ടാളം നടത്തിയ ക്രൂരതകള്‍ക്കെതിരെ, തങ്ജാം മനോരമയെന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ‘Indian Army Rape Us’ എന്ന് തെരുവിൽ നഗ്നരായി നിന്ന് വിളിച്ചു പറഞ്ഞ, AFSPA നിയമത്തിനെതിരെ അത്യുജ്വല പോരാട്ടം നടത്തിയ മെയ്രാ പെയ്ബി എന്ന സംഘടന വര്‍ത്തമാന മണിപ്പൂര്‍ കലാപത്തില്‍ വഹിക്കുന്ന പങ്ക് അങ്ങേയറ്റം ലജ്ജാകരവും നാളിതുവരെ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ ആശയങ്ങളെയും മൂല്യങ്ങളെയും റദ്ദുചെയ്യുന്നതുമാണ്.
മണിപ്പൂരില്‍ കുക്കി, നാഗാ അടക്കമുള്ള ഗോത്രവര്‍ഗ്ഗങ്ങള്‍ക്കെതിരായ പ്രചരണ പ്രവര്‍ത്തനങ്ങളിലാണ് ഇന്ന് മെയ്രാ പെയ്ബി പ്രവര്‍ത്തകര്‍ സജീവമായിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ദില്ലിയിലെത്തിയ നൂറോളം മെയ് രാ പെയ്ബി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആവശ്യം ‘അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണം’ എന്നതായിരുന്നു. സംഘപരിവാരവും ഗവൺമെൻ്റും വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലെ മലയോര ഭൂമിയിൽ കണ്ണും നട്ടിരിക്കുന്ന കോർപ്പറേറ്റ് കമ്പനികളും പടച്ചുവിടുന്ന കള്ളപ്രചരണങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലേക്ക് തരംതാണിരിക്കുകയാണ് പഴയകാല വനിതാ പോരാളികള്‍.

അതിനുമപ്പുറം, കലാപ പ്രദേശങ്ങളില്‍ സ്ത്രീകള്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ അടക്കം നേരിട്ട് പങ്ക് വഹിക്കുകയും, ഗോത്ര വര്‍ഗ്ഗക്കാര്‍ക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലജ്ജാകരമായ അവസ്ഥയിലേക്ക് അവര്‍ എത്തിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഐഐടി ദില്ലിയിലെ ഗവേഷണ ബിരുദദാരിയായ Chinggelniang, ഹൈദരാബാദ് യൂണിവേര്‍സിറ്റിയിലെ ഗവേഷണ ബിരുദദാരിയായ Tawna Valte എന്നിവര്‍ കുറ്റപ്പെടുത്തുന്നു.

മെയ്തി സമുദായത്തിലെ സ്ത്രീകള്‍ക്ക് പ്രാമുഖ്യമുള്ള മെയ് രാ പെയ്ബിസ് സമുദായ താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയായി അധഃപ്പതിച്ചിരിക്കുന്നുവെന്നാണ് വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വര്‍ഗ്ഗ വനിതാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.