...
Home Entertainments മഞ്ഞുമ്മൽ ബോയ്സ് : മലയാള സിനിമയിലെ ആദ്യ 200 കോടി; ഇപ്പോൾ ഈഡി അന്വേഷണം

മഞ്ഞുമ്മൽ ബോയ്സ് : മലയാള സിനിമയിലെ ആദ്യ 200 കോടി; ഇപ്പോൾ ഈഡി അന്വേഷണം

സിനിമയ്ക്ക് വേണ്ടി മുടക്കിയ പണം തിരികെ നൽകിയില്ല എന്ന വിവാദം ആരംഭിച്ചത് മുതൽ വിവിധ കേസുകൾ ആണ് സിനിമയുടെ നിർമ്മാതാക്കൾക്ക് നേരിടേണ്ടി വന്നത്.

242

മലയാള സിനിമയിലെ എക്കാലത്തെയും കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് എതിരെ കള്ളപ്പണ കേസ് ചുമത്തി ഇ ഡി അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. മറ്റൊരു നിർമ്മാതാവും നടനും ആയ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യുന്നതിന് ഉള്ള നോട്ടീസ് അയച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. സിനിമാ നിർമ്മാണത്തിലെ കള്ളപ്പണ ഇടപാടാണ് പരിശോധിക്കുന്നത്.

മലയാള സിനിമയിലെ ആദ്യ 200 കോടി എന്ന റെക്കോർഡ് സ്വന്തമാക്കിയ സിനിമയാണ് ചിതമ്പരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിൽ അകത്തും പുറത്തുമായി തിയേറ്ററിലും ഓ ടി ടി യിലും വലിയ അഭിപ്രായങ്ങൾ ആണ് സിനിമ നേടിയത്. എന്നാൽ സിനിമയ്ക്ക് വേണ്ടി മുടക്കിയ പണം തിരികെ നൽകിയില്ല എന്ന വിവാദം ആരംഭിച്ചത് മുതൽ വിവിധ കേസുകൾ ആണ് സിനിമയുടെ നിർമ്മാതാക്കൾക്ക് നേരിടേണ്ടി വന്നത്.

ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കൽ ഉൾപ്പെടെ നിരവധി നടപടികൾ ഇതിനോടകം നേരിടേണ്ടി വന്നിരുന്നു. സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയില്‍ പറഞ്ഞിരുന്നു. 7 കോടി രൂപയാണ് സിറാജ് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു

18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. എന്നാൽ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് തിരികെ നല്‍കിയില്ലെന്നും ആസൂത്രിതമായ തട്ടിപ്പ് ആണ് നിർമ്മാതാക്കൾ നടത്തിയത് എന്നുമുള്ള പോലീസ് റിപ്പോർട്ടിന് പിന്നാലെ ആണ് നിലവിൽ ഇ ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വിജയത്തിന് പിന്നാലെ ഉള്ള വലിയ വിവാദങ്ങൾ സൗബിൻ ഉൾപ്പെടെ ഭാഗം ആയ മലയാളത്തിലെ മികച്ച പ്രൊഡക്ഷൻ കമ്പനി ആയ പറവ ഫിലിംമ്സിന് വലിയ മങ്ങൽ ആണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ആരും തന്നെ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.