...
Home Entertainments ആളുകളെ മടുപ്പിക്കാതെ ഇഷ്ടപ്പെടുത്താൻ മഞ്ഞുമ്മലിലെ പിള്ളേർക്ക് കഴിയും

ആളുകളെ മടുപ്പിക്കാതെ ഇഷ്ടപ്പെടുത്താൻ മഞ്ഞുമ്മലിലെ പിള്ളേർക്ക് കഴിയും

പൊതുവെ സൗഹൃദങ്ങൾ വിഷയം ആയി വരുന്ന സിനിമകളും, സർവൈവൽ ത്രില്ലെർ സിനിമകളും അവതരണം ഗംഭീരമാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ആളുകളെ മടുപ്പിക്കാതെ ഇഷ്ടപ്പെടുത്താൻ മഞ്ഞുമ്മലിലെ പിള്ളേർക്ക് കഴിയും എന്നാണ് വിശ്വാസം.

443

| ശ്യാം സോർബ

മികച്ച അനുഭവമായി ചിതംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവങ്ങൾ ആസ്‌പദമാക്കി നിർമ്മിച്ച സിനിമ സാങ്കേതികപരമായും അഭിനേതാക്കളുടെ പ്രകടനത്തിലും മുന്നിട്ട് നിൽക്കുന്നു. ഒരു സർവൈവൽ ത്രില്ലെർ സിനിമയായി കണക്കാക്കാം എങ്കിൽപോലും പല സംഭവങ്ങളും പ്രെഡിക്റ്റബിൾ ആണ്. പക്ഷെ അതൊരിക്കലും സിനിമയുടെ ആസ്വാധനത്തെ ബാധിക്കുന്നതല്ല.

മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാൽ ടൂർ പോകുന്ന ഒരു കൂട്ടം യുവാക്കൾ, അവരുടെ ഇടയിൽ ഒട്ടും പ്രതീക്ഷിക്കാതെ കടന്നു വരുന്ന ഒരു പ്രശ്നം, അതിനെ ഒരുമിച്ചു നിന്ന് മറികടക്കൽ എന്നിങ്ങനെ ആണ് കഥയുടെ ഗതി.

ഷൈജു ഖാലിദ് വീണ്ടും ക്യാമെറയിൽ തന്റെ കഴിവുകൾ തെളിയിക്കുന്നു. ഏരിയൽ ഷോർട്ടുകൾ ഉൾപ്പെടെ ചില ഫ്രെയിമുകളുടെ ഭംഗി പറയാതെ വയ്യ. വിവേക് ഹർഷന്റെ എഡിറ്റിംഗ് കൂടെ ചേരുമ്പോൾ ആ ഭംഗി കൂടുന്നു. സുഷിൻ ശ്യാമിന്റെ മ്യൂസിക്, പശ്ചാത്തല സംഗീതം ഉൾപ്പെടെ എല്ലാം ഏറ്റവും മനോഹരമാക്കിയിട്ടുണ്ട്. സിനിമയ്ക്ക് മുൻപ് സുഷിൻ കൊടുത്ത ഹൈപ്പുകൾ വെറുതെ അല്ല.

സൗബിൻ, ശ്രീനാഥ്‌ ഭാസി, ചന്ദു സലിം കുമാർ, ജീൻ പോൾ ലാൽ, അരുൺ കുര്യൻ, ഗണപതി, ദീപക്, ബാലു ഉൾപ്പെടെ ഉള്ള യുവ നടന്മാരുടെ ഒരു വലിയ നിര തന്നെയാണ് സ്‌ക്രീനിൽ. എടുത്തു പറയേണ്ടത് ഭാസിയുടെ രണ്ടാം ഭാഗത്തിലെ പെർഫോമൻസ്. ചെറിയ സ്ക്രീൻ സ്പെസിൽ മനോഹരമാക്കി ഭാസി അവതരിപ്പിച്ചു. അച്ഛന്റെ കുട്ടിക്കാലം മാത്രം അല്ല, അല്ലാതെയും കഥാപാത്രങ്ങൾ വഴങ്ങും എന്ന് ചന്ദുവും തെളിയിച്ചിട്ടുണ്ട്. സംവിധായകൻ പറഞ്ഞതുപോലെ എല്ലാവരും മത്സരിച്ചു അഭിനയിച്ച കാര്യത്തിൽ ഒരല്പം സംശയം ഉണ്ടെങ്കിൽ പോലും ഇവരൊക്കെ തമ്മിൽ ഉള്ള ഒരു കെമിസ്ട്രി എന്തായാലും നന്നായി വർക്ക്‌ ആയിട്ടുണ്ട്.

ഒരിത്തിരി പാളി പോയി എന്ന് തോന്നിയിട്ടുള്ളത് തിരക്കഥ ആണ്. ഒരു യഥാർത്ഥ സംഭവത്തെ വെച്ച് ഒരു തിരക്കഥ എഴുതുക അത്ര എളുപ്പം ഉള്ള കാര്യമല്ല എങ്കിൽ പോലും ഒന്ന് കൂടെ ശ്രദ്ധിച്ചിരുന്നു എങ്കിൽ പല ഭാഗങ്ങളും ഒന്നുകൂടെ രസകരമായേനെ.

പൊതുവെ സൗഹൃദങ്ങൾ വിഷയം ആയി വരുന്ന സിനിമകളും, സർവൈവൽ ത്രില്ലെർ സിനിമകളും അവതരണം ഗംഭീരമാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ആളുകളെ മടുപ്പിക്കാതെ ഇഷ്ടപ്പെടുത്താൻ മഞ്ഞുമ്മലിലെ പിള്ളേർക്ക് കഴിയും എന്നാണ് വിശ്വാസം. ആദ്യപകുതിയേക്കാൾ രണ്ടാം പകുതി മനോഹരമാക്കി ആവേറേജിനു മുകളിൽ ഒരു സിനിമ അനുഭവം മഞ്ഞുമ്മൽ ബോയ്സ് നൽകുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.