...
Home News National വിവാഹം വെറുമൊരു സ്വകാര്യ കാര്യമല്ല; സ്റ്റേറ്റിന് അതിൽ പല താത്പര്യങ്ങളുമുണ്ട്

വിവാഹം വെറുമൊരു സ്വകാര്യ കാര്യമല്ല; സ്റ്റേറ്റിന് അതിൽ പല താത്പര്യങ്ങളുമുണ്ട്

18 വയസായി, വോട്ട് ചെയ്യുന്നു എന്നതൊക്കെ ശരി. കുറച്ച് നാൾ കൂടി പഠിച്ചും സ്വയം പര്യാപ്തതയെക്കുറിച്ച് മിനിമം ഒരു ബോധമെങ്കിലുമായിട്ടും വൈവാഹിക ജീവിതത്തിലേക്ക് കടന്നാൽ മതിയെന്നാണ് സ്റ്റേറ്റ് കാണുന്നത്.

249

| എമ്മെസ് ഷൈജു

വൈവാഹിക ജീവിതമാരംഭിക്കാൻ എത്ര വയസാകണമെന്നതാണ് പുതിയ വിവാദം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. അത് സ്ത്രീക്കും പുരുഷനും ഒന്ന് പോലെയാകണം. അതാണ് നീതി. അതോടെ എല്ലാത്തിനും പരിഹാരമാകുമോ എന്നാണ് ചിലർ ചോദിക്കുന്നത്. ഇല്ല. പക്ഷെ മിക്കവാറും പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണമായ മനോഭാവ നിർമിതിയിലാണ് ഇത് വലിയ മാറ്റങ്ങൾ വരുത്താൻ പോകുന്നത്.

ഇന്ന് നിലനിൽക്കുന്ന ദാമ്പത്യത്തിലെ അധികാരഘടനയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഇമ്പാക്റ്റ്. പുരുഷൻ ജീവിത മാർഗങ്ങൾ തേടി കണ്ടെത്തി സ്വയം പര്യാപ്തനാകുകയും സ്ത്രീക്ക് അതിനവസരം ലഭിക്കുന്നതിന് മുമ്പ് തന്നെ വൈവാഹിക ജീവിതത്തിൽ കടക്കുകയും ചെയ്യുന്നത് വഴിയാണ് ഇന്ന് പൊതുവെ കാണുന്ന പുരുഷാധിപത്യ കുടുംബ ഘടനകൾ രൂപപ്പെടുന്നത്. അടിസ്ഥാനപരമായി അതിനെ നിയന്ത്രിക്കുന്നത് മനോഭാവമാണ്.

ആറും ഏഴും വയസിന്റെ പ്രായാന്തരങ്ങളും ഏകപക്ഷീയമായ സ്വയം പര്യാപ്തതകളുമാണ് ഈ ബോധങ്ങളെ ഉണ്ടാക്കുന്ന കാരണങ്ങളിൽ മുഖ്യമായത്. അത് കൊണ്ട് വിവാഹത്തിന് സ്ത്രീകളുടേയും പുരുഷൻമാരുടെയും കുറഞ്ഞ പ്രായം ഏകീകരിക്കുന്നത് പുരോഗമനം തന്നെയാണ്.

രണ്ടാമതായി, ഒരു ജനാധിപത്യ രാജ്യത്ത് 18 വയസ് പൂർത്തിയായ പൗരന് എപ്പോൾ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാൻ സ്വാതന്ത്ര്യമില്ലേ എന്ന ചോദ്യത്തെപ്പറ്റിയാണ്. സ്റ്റേറ്റ് ആ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നത് അവകാശ ലംഘനമല്ലേ എന്നാണ് ചോദ്യം. വിവാഹം വെറുമൊരു സ്വകാര്യ കാര്യമല്ല എന്നും സ്റ്റേറ്റിന് അതിൽ പല താത്പര്യങ്ങളുമുണ്ട് എന്നും മനസ്സിലാകാത്തത് കൊണ്ടാകണം അങ്ങനെ ഒരു ചോദ്യമുണ്ടാകുന്നത്. വിവാഹത്തിനും അതിനെ തുടർന്നുള്ള ജീവിതത്തിനും ജനാധിപത്യ രാജ്യത്ത് പല നിബന്ധനകളും ഇടപെടീലുകളുമൊക്കെയുണ്ട്‌.

ഇനി മറ്റൊരു കാര്യം. 18 വയസായ പൗരന്മാർക്ക് സ്റ്റേറ്റ് എല്ലാ അവകാശങ്ങളും വക വെച്ച് കൊടുക്കുന്നുണ്ടോ? ഒരു പൗരന് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ എത്രയാണ് മിനിമം പ്രായം? ലോക് സഭയിലേക്കായാലും നിയമസഭയിലേക്കായാലും 25 വയസ് പൂർത്തിയാകണം. രാജ്യസഭയിലേക്കാണെങ്കിൽ 30 വയസ് തികയണം. പഞ്ചായത്തിലേക്കാണെങ്കിൽ 21 വയസും. ഇതിലൊന്നിലും പൗരാവകാശ നിഷേധം കാണാത്തവർ വിവാഹ വിഷയത്തിൽ മാത്രം കാണുമ്പോഴാണ് നെറ്റി ചുളിക്കേണ്ടി വരുന്നത്.

ഒരാൾക്ക് ഗവർണറാകാൻ പ്രായപൂർത്തിയായാൽ മതിയോ? പോര, 35 വയസ് തികഞ്ഞിരിക്കണം. ഇനി ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്ത് വളർത്താൻ നിലവിലെ നിയമപ്രകാരം ദമ്പതികൾക്ക് മിനിമം പ്രായം മതിയോ? ദമ്പതികളിൽ പ്രായം കുറഞ്ഞയാളിന് മിനിമം 24 വയസാകാതെ അത് നടക്കില്ല. ഇങ്ങനെ പല കാര്യങ്ങളും 18 വയസ് പൂർത്തിയായി വോട്ടവകാശമായി എന്ന കാരണം കൊണ്ട് മാത്രം നടക്കില്ല. പൗരനായാലും കുറച്ച് നാൾ പലതും കണ്ടും കേട്ടും തിരിച്ചറിഞ്ഞും ഒരു ബോധം കൂടി ഉണ്ടാകണമെന്നാണ് ഈ ചട്ടങ്ങളൊക്കെ നിഷ്ക്കർഷിക്കുന്നത്.

ഇതാണ് വിവാഹ വിഷയത്തിലും പറയുന്നത്. 18 വയസായി, വോട്ട് ചെയ്യുന്നു എന്നതൊക്കെ ശരി. കുറച്ച് നാൾ കൂടി പഠിച്ചും സ്വയം പര്യാപ്തതയെക്കുറിച്ച് മിനിമം ഒരു ബോധമെങ്കിലുമായിട്ടും വൈവാഹിക ജീവിതത്തിലേക്ക് കടന്നാൽ മതിയെന്നാണ് സ്റ്റേറ്റ് കാണുന്നത്. ഇതിനകം കണ്ടും കേട്ടും പലതും മനസിലാക്കാൻ സാധിക്കുകയും ചെയ്യും. ഇതിനിടയിലാണ് പുരുഷനും കൂടി 18 വയസാക്കി കുറച്ചിട്ട് തുല്യത വരുത്തിക്കൂടെ എന്ന ചോദ്യവുമായി ചിലർ ഇറങ്ങിയിരിക്കുന്നത്. അവരുടെ കൂട്ടത്തിൽ വക്കീലുമാരും കൂടിയുണ്ട് എന്ന് കാണുമ്പോൾ ഇവരൊക്കെ എന്നാ തേങ്ങക്കാ ഈ നിയമം പഠിച്ചത് എന്നെങ്കിലും ചോദിക്കാതിരിക്കാൻ പറ്റുന്നില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.