11 September 2026
Home News Kerala ഷാജന്‍ സ്‌കറിയയ്ക്ക് സംരക്ഷണം; കെ സുധാകരന്റെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നത

ഷാജന്‍ സ്‌കറിയയ്ക്ക് സംരക്ഷണം; കെ സുധാകരന്റെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നത

സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടി ബോധപൂര്‍വമായ ശ്രമം നടത്തുകയാണ് മറുനാടന്‍ മലയാളി. ഇന്ത്യയിലെ സംഘികളുടെ സ്വരമാണ് ഷാജന്‍ സ്‌കറിയക്ക്. - ടിഎന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു

164

മലയാളത്തിലെ ഓൺലൈൻ മാധ്യമമായ മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിന്റെ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് സംരക്ഷണമൊരുക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും മറുനാടന്‍ ഷാജന്‍ സ്‌കറിയയെ ന്യായീകരിക്കാനാവില്ലെല്ലെന്ന് കോണ്‍ഗ്രസ് എംപി ടി എന്‍ പ്രതാപന്‍ ഇന്ന് അഭിപ്രായപ്പെട്ടു.

മറുനാടൻ പുറത്തുവിടുന്നത് സംഘികളുടെ ഭാഷയാണെന്നും അദ്ദേഹം കോണ്‍ഗ്രസിനെയും മുസ്ലിങ്ങളെയും നിരന്തരം അധിക്ഷേപിക്കുകയാണെന്നും അത്തരത്തിലുള്ള ഒരാളെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇപ്പോൾ, കെ സുധാകരന്റെ നിലപാടുകളെ പൂര്‍ണായും തള്ളിക്കൊണ്ടാണ് ടി എന്‍ പ്രതാപനും രംഗത്തുവന്നത്.

യുഡിഎഫിലെ ഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറി പി എം എ സലാമും ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. മറുനാടന്‍ മലയാളി എന്ന സ്ഥാപനം കേരളത്തില്‍ ബോധപൂര്‍വമായി വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചുവരികയാണെന്നും അത്തരം സ്ഥാപനങ്ങള്‍ കേരളത്തിന്റെ മതേതരമായ സാമൂഹികതയ്ക്ക് കടുത്ത ഭീഷണിയാണെന്നുമാണ് ടി എന്‍ പ്രതാപന്‍ ഇന്ന് കുറ്റപ്പെടുത്തിയത്.

‘മറുനാടന്‍ മലയാളി മുസ്ലിം സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുസ്ലിം സമുദായത്തെ മുഴുവന്‍ തീവ്രവാദികള്‍ ആക്കുകയാണ്. മുസ്ലിങ്ങളുടെ അസ്തിത്വത്തെയും വ്യക്തിത്വത്തെയും അവരുടെ വിശ്വാസ പ്രമാണങ്ങളെയും വെല്ലുവിളിക്കുന്ന പ്രചരണങ്ങളാണ് ഷാജന്‍ സ്‌കറിയയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്കും കലാപത്തിലേക്കും നയിക്കാനുള്ള ആഹ്വാനത്തിന് തുല്യമാണ്.

സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടി ബോധപൂര്‍വമായ ശ്രമം നടത്തുകയാണ് മറുനാടന്‍ മലയാളി. ഇന്ത്യയിലെ സംഘികളുടെ സ്വരമാണ് ഷാജന്‍ സ്‌കറിയക്ക്. – ടിഎന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാർ​ഗെയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും പൊതുസമൂഹത്തില്‍ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോകളാണ് ഷാജന്‍ നിർമ്മിച്ചിട്ടുള്ളത്. അതിന്റെ ലിങ്കുകള്‍ തന്റെ കയ്യിലുണ്ട്. ഒരിക്കലും ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും അയാളെ ന്യായീകരിക്കാനാവില്ല. അയാള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ടി എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.