...
Home News Kerala തൊഴിൽ പരമായ സാഹോദര്യം എന്നൊന്നില്ലാത്ത വിഭാഗമാണ് മാധ്യമ പ്രവർത്തകർ

തൊഴിൽ പരമായ സാഹോദര്യം എന്നൊന്നില്ലാത്ത വിഭാഗമാണ് മാധ്യമ പ്രവർത്തകർ

ഓൺലൈൻ ചാനൽ ബൂമിന്റെ പരിണിത ഫലമോ അല്ലെങ്കിൽ നിലനിൽപ്പോ രണ്ടോ മൂന്നോ കൊല്ലങ്ങൾക്കകം അവ അതിന്റെ സാച്ചുറേഷൻ പോയിന്റ് മീറ്റ് ചെയ്യുമ്പോഴാണ് മനസിലാകുക.

212

| ശ്രീകാന്ത് പികെ

സംസ്ഥാനത്തെ മാദ്ധ്യമ രംഗത്ത് ചൂഷണം വല്ലാതെ വർദ്ധിക്കുന്നുവെന്നും ജോലി നൂൽ പാലത്തിലൂടെയുള്ള നടത്തമാണെന്നും ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്നുമൊക്കെ പറഞ്ഞു പല മാദ്ധ്യമ പ്രവർത്തകരും കരച്ചിലാണ്.

കേരളത്തിൽ യൂണിയൻ വിരുദ്ധ – തൊഴിലാളി സംഘടനാ വിരുദ്ധ പൊതു ബോധ നിർമ്മാണത്തിൽ എല്ലാ കാലത്തും പങ്കാളിയായവരാണ് ഇവിടുത്തെ മാദ്ധ്യമ സ്ഥാപനങ്ങളും അവയിൽ പണിയെടുക്കുന്ന പ്രവർത്തകരും. യൂണിയൻ നേതാക്കളെ ഗൂണ്ടാ നേതാക്കളും ക്രിമിനലുകളുമായി ചിത്രീകരിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് ഈ മാദ്ധ്യമങ്ങൾ. വരവേൽപ്പും സന്ദേശവുമൊക്ക നൂറ് ദിനവും കഴിഞ്ഞു നിറഞ്ഞോടിയതിൽ അവർ നിർമ്മിച്ച തൊഴിലാളി രാഷ്ട്രീയ വിരുദ്ധ പൊതുബോധത്തിന്റെ പങ്ക് ഒഴിച്ചു നിർത്താനാകില്ല. ഇന്നും സംഘടിത തൊഴിലാളി യൂണിയനുകൾ അതിജീവന സമരം നടത്തുമ്പോൾ നഷ്ടങ്ങളുടെ കണക്കു പുസ്തകവും ബസ് കിട്ടാതെ വലഞ്ഞ ദമ്പതികളുടെ കഥന കഥയുമൊക്കെയായി അവർ അവതരിക്കും.

എന്നാൽ തമാശ എന്തെന്നാൽ, സംസ്ഥാനത്തും രാജ്യത്ത് തന്നെയും ഏറ്റവും കുറവ് വേതനം പറ്റുന്ന തൊഴിൽ മേഖലയിൽ ഒന്നാണ് മാദ്ധ്യമ മേഖല. പേരെടുത്ത സെലിബ്രിറ്റി സ്റ്റാറ്റസുകളിലുള്ള മുൻ നിര ന്യൂസ് ആങ്കർമാർ അല്ലാത്ത മുക്കാൽ ശതമാനം പേർക്കും മാസ വരുമാനം ശരാശരി പതിനഞ്ചായിരം രൂപയിലും താഴെയാണ്. ഇക്കാലത്തും ട്രെയിനി എന്ന ഓമനപ്പേരിൽ ഒരു കൊല്ലത്തോളം ആറായിരവും ഏഴായിരവും രൂപയ്ക്ക് പണിയെടുക്കാൻ തയ്യാറാവുന്ന മറ്റൊരു തൊഴിൽ സമൂഹമുണ്ടാകുമോ എന്ന് സംശയമാണ്. ‘പ്രസ്’ എന്ന വെണ്ടക്കാ അക്ഷരത്തിൽ തിളങ്ങുന്ന ഐഡി കാർഡ് നൽകുന്നു എന്ന് വിശ്വസിക്കുന്ന പ്രിവിലേജാണ് പ്രധാന ആകർഷണം.

ഇവിടത്തെ ഉല്പതിഷ്ണുക്കളും സംഘടിത ഇടത് പ്രസ്ഥാനങ്ങളും മാദ്ധ്യമ രംഗത്തെ കോർപ്പറേറ്റ് വൽക്കരണം എന്ന് പറഞ്ഞു എപ്പോഴും വിമർശിക്കുമ്പോൾ സന്ദേശം മോഡൽ ട്രോളുകൾ ഇറക്കി അവരെ സൈബർ ഗൂണ്ടകളാക്കി പരിഹസിക്കാൻ നിന്നവരാണ് ഇതേ മാദ്ധ്യമ പ്രവർത്തകർ. ഇപ്പോൾ ഒരു സുപ്രഭാതത്തിൽ ജോലി പോകുമ്പോഴും മാദ്ധ്യമ സ്ഥാപനം തന്നെ പൂട്ടി കെട്ടുമ്പോഴും ഞങ്ങൾക്ക് വേണ്ടി ആരുമില്ലല്ലോ എന്നുള്ള പരിദേവനം.

മുഖ്യധാരാ ദൃശ്യ മാദ്ധ്യമങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒട്ടനവധി മുൻ നിര മാദ്ധ്യമ പ്രവർത്തകർ ഇക്കാലത്തിനിടെ ആരംഭിച്ച ഓൺലൈൻ മാദ്ധ്യമങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. ഓരോ മാസത്തിലും പലവിധമാന കൂട്ടായ്മകളിലും ഇൻവെസ്റ്റ്‌മെന്റിലും പുതിയ ചാനലുകൾ വരുന്നുമുണ്ട്. ഈ ഓൺലൈൻ ചാനൽ ബൂമിന്റെ പരിണിത ഫലമോ അല്ലെങ്കിൽ നിലനിൽപ്പോ രണ്ടോ മൂന്നോ കൊല്ലങ്ങൾക്കകം അവ അതിന്റെ സാച്ചുറേഷൻ പോയിന്റ് മീറ്റ് ചെയ്യുമ്പോഴാണ് മനസിലാകുക.

ഇപ്പോഴുള്ള കളർ ഫുൾ കാലം കഴിയുമ്പോൾ മനസിലാക്കാം എത്ര ഇൻവെസ്റ്റർമാർ തുടർന്നും പണമിറക്കുമെന്നും എത്ര പേർക്ക് റിട്ടേൺസ് ലഭിക്കുന്നുണ്ടെന്നും എത്ര പേർ നിന്ന് പിഴകുമെന്നും. ഒട്ടുമേ സംഘ ബോധമില്ലാത്ത തൊഴിൽ പരമായ ഫ്രറ്റേണിറ്റി എന്നൊന്നില്ലാത്ത വിഭാഗമാണ് മാദ്ധ്യമ പ്രവർത്തകർ. അങ്ങനെയൊണ് ഉണ്ടാകണമെങ്കിൽ തങ്ങൾ പ്രവർത്തകർ ആണെന്നത് മാറ്റി തൊഴിലാളികൾ ആണെന്ന ബോധം അവർക്കുണ്ടാകണം. അതിന് യാതൊരു സാധ്യതയും കാണുന്നില്ല.

തെക്കും വടക്കും നടുക്കുമായി സാമ്പാർ പരുവത്തിൽ കുന്നായ്മ പറയാൻ ഉണ്ടാക്കി വച്ച യൂണിയൻ പരിപാടി നിർത്തി അവരവരുടെ രാഷ്ട്രീയ ബോധ്യത്തിനനുസരിച്ച് രാഷ്ട്രീയ യൂണിയനുകൾക്ക് കീഴെ സംഘടിക്ക്. സെക്രട്ടറിയേറ്റ് കന്റോൺമെന്റ് ഗേറ്റിന് താഴെ അനക്സ് റ്റൂവിന് അപ്പുറം കിടക്കുന്ന പ്രസ് ക്ലബിലെ ‘കുടി’യിരിപ്പ് അവസാനിപ്പിച്ച് അതേ സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ പന്തല് കെട്ടി കൊടി കുത്തി സമരമിരിക്ക്.

സമരം എന്നതൊക്കെ എന്തോ കുറഞ്ഞ പണിയാണെന്നും തങ്ങളുടെ വില കുറയുമെന്നുള്ള തോന്നൽ മാറ്റി വച്ച് നിങ്ങൾക്ക് നാട്ടിൽ ഇന്നൊരു പട്ടി വിലയുമില്ല എന്ന് മനസിലാക്കി ഉച്ചത്തിൽ തന്നെ മുദ്രാവാക്യം വിളിക്ക്. ഏതോ എവിടെയോ ഉള്ള ശത കോടീശ്വരനായ മുതലാളിക്കും അവരുടെ അജണ്ടയ്ക്കും വേണ്ടി തുള്ളുന്നതിന്റെ കൂടെ വീട്ടിൽ അരി വാങ്ങണമെന്നും അന്തസ്സുള്ള ജീവിതം നയിക്കണമെന്നും കൂടി ആലോചിക്ക്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.