| ശ്രീകാന്ത് പികെ
“ഈ സിനിമക്ക് എങ്ങനെ സെൻസറിങ് കിട്ടിയെന്ന് ഞാൻ അത്ഭുതപ്പെട്ടു. ഇതിൽ എന്തിനാണ് അഭിനയിച്ചതെന്ന് ഞാൻ വിനീതിനെ വിളിച്ചു ചോദിച്ചു “
ഇടവേള ബാബു തന്റെ ജീവിതത്തിൽ തന്നെ ഒരു നല്ല സിനിമ കണ്ടു കാണുമോ എന്ന് സംശയമാണ്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയുടെ തലപ്പത്ത് കാലങ്ങളായി അടയിരിക്കുന്ന ഈ ഈവന്റ് മാനേജരാണ് ഈ വർത്തമാനം പറയുന്നത് എന്നതാണ് വിരോധാഭാസം.
ആഗോള സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് കോവിഡിന് മുൻപും – പിൻപും എന്നിങ്ങനെ അടയാളപ്പെടുത്താവുന്ന തരത്തിലാണ് സിനിമാ ആസ്വാദനം ഒരു പക്ഷെ ഈ നൂറ്റാണ്ടിൽ വിഭജിക്കപ്പെട്ടിരിക്കുന്നത്. ലോക് ഡൗണിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തുറന്നു വച്ച വലിയ സിനിമാ സാധ്യതകൾ മലയാളി പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും ലോക സിനിമയിലേക്ക് തുറവി നൽകി എന്ന് മാത്രമല്ല, നമ്മുടെ മലയാള സിനിമകൾ കൂടി അന്താരാഷ്ട്ര സിനിമാ ആസ്വാദകരുടെ മൊബൈൽ സ്‌ക്രീനിലേക്കും സ്വീകരണ മുറിയിലേക്കും ഈ കാലത്തിനിടെ ചേക്കേറി.
ഒരു പക്ഷെ ലോകത്ത് ഇന്ത്യക്കാരല്ലാത്ത ഏറ്റവുമധികം പ്രേക്ഷകർ മലയാള സിനിമ കാണുന്ന കാലമിതായിരിക്കും. ഒരുപാട് അന്താരാഷ്ട്ര ക്രിട്ടിക്കുകളും കൊള്ളാവുന്ന സിനിമാ ഗ്രൂപ്പുകളും നിരൂപകരുമടക്കം ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് മാത്രമല്ലെന്നും, അവിടെ മൂല്യ പരമായി മുന്നിൽ നിൽക്കുന്ന കാമ്പുള്ള പ്രമേയങ്ങൾ അവതരിപ്പിക്കുന്ന പ്രാദേശിക സിനിമാ മേഖലകൾ നില നിൽക്കുന്നുണ്ടെന്നും, അവയിൽ പലതും ലോക സിനിമാ നിലവാരത്തിൽ അവതരിപ്പിക്കപ്പെടാവുന്നതാണെന്നുമൊക്കെ തിരിച്ചറിഞ്ഞു തുടങ്ങി.
യൂ ട്യൂബിൽ തന്നെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതെങ്കിലും കൂട്ടത്തിൽ മെച്ചപ്പെട്ട ഇംഗ്ളീഷ് – ഫ്രഞ്ച് ഫിലിം റിവ്യൂ ചാനലുകളിൽ ഇന്ത്യൻ സിനിമകളിൽ തന്നെ ഏറ്റവും മുന്നിലേക്ക് മലയാള സിനിമകൾ ഇടിച്ചു കയറി. ഭൂപരിഷ്കരണം മൂലം ഭൂമി നഷ്ടപ്പെട്ടെന്ന് പറയുന്ന എന്നാലും ഒരു പണിക്കും പോകാത്ത നമ്പൂതിരി ഇല്ലത്തെ ഇല്ലായ്മകളിലെ നായകൻറെ പരിവേദനമോ അല്ലെങ്കിൽ രണ്ടു നായർ തറവാടുകളിലോ സവർണ്ണ ക്രിസ്ത്യൻ തറവാടുകളിലോ ആയി കിടക്കുന്ന നായികാ നായകന്മാരും കുടുംബങ്ങൾക്കിടയിലെ പ്രശ്നങ്ങളും സംഘട്ടനങ്ങളും ഇടയിൽ ആറ് പാട്ടും ഒടുവിൽ നായകൻ ഹീറോയിസം കാട്ടി നായികയെ സ്വന്തമാക്കുന്ന കഥ പല രൂപത്തിൽ അവതരിപ്പിച്ചു സൂപ്പർ സ്റ്റാറുകൾക്ക് മാർക്കറ്റ് നൽകിയ തൊണ്ണൂറുകൾക്കും രണ്ടായിരത്തിൽ ആദ്യ പതിറ്റാണ്ടിനു ശേഷം മലയാള സിനിമ വളരെ ചെറിയ പ്രൊഡക്ഷൻ ഗ്രൂപ്പുകളുടെ മൊണോപ്പൊളിയിൽ നിന്നും ചിതറി പല സിനിമ കൂട്ടായ്മകളിലേക്കും ചെന്നെത്തിയതാണ് ഈ മാറ്റം ഉണ്ടായി വരാനുള്ള പ്രധാന കാരണം.
തെലുങ്ക് സിനിമയെ കുറിച്ച് രണ്ടു നാൾ മുന്നേ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടപോലെ , അവിടെ നായകൻറെ കൂടെ നടക്കുന്ന ആൾക്ക് വേണ്ടി മാത്രമാണ് പുതുമുഖങ്ങളെ തപ്പാറുള്ളത്, നായകൻ മൂന്നാല് കുടുംബങ്ങളിൽ നിന്നുള്ള ആരെങ്കിലുമായിരിക്കുമെന്ന്. നെപ്പോട്ടിസത്തിന്റെ പല വക ഭേദങ്ങളുമുണ്ടെങ്കിലും ഒരുപാട് മലയാള സിനിമകളിൽ ഇന്ന് ഒഡീഷനുകൾ കഴിവുള്ള കേന്ദ്ര കഥാപാത്രങ്ങളെ കൊണ്ട് വരുന്നുണ്ട്.
‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ എന്ന സിനിമ കാണാൻ സാധിച്ചിട്ടില്ല. സിനിമയെ കുറിച്ച് കൊള്ളാവുന്ന വർത്തമാനം പറയുന്നവർ എന്ന് ഞാൻ കരുതുന്നവർ പറഞ്ഞു കണ്ടത് അതൊരു നല്ല സിനിമയും കഴിഞ്ഞ വർഷം ഇറങ്ങിയ നല്ല മലയാള സിനിമകളിൽ ഒന്നാണെന്നുമാണ്. ഇടവേള ബാബുവിനെ പോലെയൊരാൾക്ക് അത്തരം സിനിമ ഇഷ്ടപ്പെട്ടാലാണ് ആ സിനിമയ്ക്ക് എന്തെങ്കിലും പോരായ്മയുണ്ടെന്ന് കരുതേണ്ടത്.
സിനിമ മൊത്തം നെഗറ്റിവ് ആണെന്നാണ് അദ്ദേഹം പറയുന്നത്, ഇന്നലെ അദ്ദേഹം ഷഡ്ഢി പുറത്ത് റേപ്പ് സീൻ അഭിനയിക്കുന്ന ഒരു വീഡിയോ കറങ്ങി നടക്കുന്നത് കണ്ടിരുന്നു. സിനിമയിൽ ആ രംഗം ആവശ്യമാണെങ്കിൽ അത് മോശമാണെന്നല്ല, അത്തരം സീനുകൾ ചെയ്യാൻ മടിയില്ലാത്ത ഇടവേള ബാബുവിനാണ് സിനിമ എന്ന കലാ രൂപത്തിന്റെ, അത് മുന്നോട് വെക്കുന്ന പ്രമേയ സന്ദർഭത്തിലെ കഥാപാത്രം നെഗറ്റിവ് ആണെന്നും എങ്ങനെ സെൻസറിങ് ലഭിച്ചു എന്നും സംശയിക്കുന്നത്.
ലോക് ഡൌൺ കാലത്ത് വീട്ടിലിരിക്കുമ്പോ പോലും അങ്ങേര് അയാളുടെ തന്നെ ആകെ അഭിനയിച്ച ആറേഴ് പഴയ വളിപ്പ് പടങ്ങൾ തന്നെ തുടർച്ചയായി കണ്ടിരിക്കാനാണ് സാധ്യത. വിനീത് ശ്രീനിവാസന്റെ കാര്യമാലോചിച്ചു നോക്കുമ്പോഴാണ്, ഇങ്ങേരു വിളിച്ചു ചോദിക്കുമ്പോ സുഹൃത്തും സഹ പ്രവർത്തകനുമൊക്കെയായത് കൊണ്ട് തന്തക്ക് വിളിക്കാനും പറ്റില്ല, എന്നാൽ എന്തേലുമൊക്കെ പറഞ്ഞൊപ്പിക്കുകയും വേണം.



