വയനാട്ടിലെ കാട്ടുകൊള്ളയും റിപ്പോർട്ടർ ചാനലിന്റെ പുതിയ മുതലാളിമാരുടെ ആത്മരോദനങ്ങളും

അത്തരം വാർത്തകൾ സ്വന്തം മുതലാളിമാരുടെ കുറ്റകൃത്യങ്ങൾ മൂടിവെക്കാൻ വേണ്ടിയാവരുത്. അവരുടെ വിസർജ്യത്തിൽ സുഗന്ധം പൂശാൻ വേണ്ടിയാകരുത്.

| എം പി ബഷീർ

വയനാട്ടിലെ കാട്ടുകൊള്ളയും റിപ്പോർട്ടർ ചാനലിന്റെ പുതിയ മുതലാളിമാരുടെ ആത്മരോദനങ്ങളും മുതലാളിമാരെ രക്ഷിച്ചെടുക്കാനുള്ള എന്റെ ചില മുൻ സഹപ്രവർത്തകരുടെ വിടുപണികളും കാണുമ്പോൾ പഴയൊരു മാധ്യമ യുദ്ധം ഓർമയിലേക്ക് വരുന്നു. മലയാള മനോരമ കുടുംബം മലപ്പുറത്തെ ഒരു ക്ഷേത്ര ഭൂമിയിൽ നടത്തിയ അനധികൃത ഭൂമി കയ്യേറ്റത്തെ കുറിച്ച് ഇന്ത്യാവിഷൻ നൽകിയ വാർത്താപരമ്പരയും തുടർചലനങ്ങളും. സാക്ഷാൽ വി എസ് അച്യുതാന്ദനിൽ നിന്ന് ടിപ്പ്-ഓഫ് ചെയ്തു കിട്ടിയ ഒരു സ്റ്റോറിയായിരുന്നു അത്. 1000 വോട്ടിനു താഴെ തുടർഭരണം നഷ്ടപ്പെട്ട് വി. എസ്. വീണ്ടും പ്രതിപക്ഷ നേതാവിൻ്റെ കസേരയിലിരിക്കുമ്പോൾ ഇങ്ങോട്ടു വന്ന ഒരു ഫോൺ കാൾ ആയിരുന്നു തുടക്കം. “നിങ്ങൾ ആ പന്തല്ലൂരിലെ ക്ഷേത്രഭൂമിയുടെ കാര്യം ഗൗരവത്തിൽ എടുക്കാത്തത് എന്താണ്? മനോരമയും ഉമ്മൻ ചാണ്ടിയും കോടതിയും ചേർന്ന് അതിൽ നടപടി വൈകിക്കുകയാണ്. ആ കേസ് നടത്തുന്ന മണികണ്ഠനോട് നിങ്ങളെ വന്നു കാണാൻ പറഞ്ഞട്ടുണ്ട്.” പാതിവഴിയിൽ നിർത്തിയ സംസാരം തുടരുന്നത് പോലെയാണ് ചിലപ്പോൾ വി. എസ്. സംസാരിക്കുക. (കവിയറ്റ്: വാർത്താ സമ്മേളനങ്ങളിലോ പൊതു മീറ്റിംഗുകളിലോ അല്ലാതെ വി. എസ്സിനെ കണ്ടതും സംസാരിച്ചതും ആകെ ആറോ ഏഴോ തവണ. ഇങ്ങോട്ടു വിളിച്ചത് രണ്ടു വട്ടം. അതിലൊരു കോൾ ഇതായിരുന്നു.)

സ്വാതന്ത്ര്യത്തിനും മുമ്പുള്ള കുറെ മുദ്രപത്രങ്ങൾ, കോടതി വ്യവഹാരങ്ങൾ, റവന്യു രേഖകൾ… നൂറുകണക്കിന് പേജ് വരുന്ന കടലാസുകൂട്ടവുമായി പന്തല്ലൂർ ക്ഷേത്ര ഭൂമി സംരക്ഷണ സമിതി പ്രസിഡണ്ടും സിപിഐ എം പ്രവർത്തകനുമായ കെ.പി. മണികണ്ഠൻ തൊട്ടടുത്ത ദിവസങ്ങളിൽ കൊച്ചിയിൽ വന്നു. തെളിവുകൾ സമൃദ്ധമായിരുന്നു. എങ്കിലും മനോരമ കുടുംബം പോലെ ഒരു സാമ്രാജ്യത്തിനു നേരെ വാർത്തകൊടുക്കാൻ പിന്നെയും ഒരുക്കങ്ങൾ വേണ്ടിയിരുന്നു. അന്ന് കോഴിക്കോട് ബ്യൂറോ ചീഫായിരുന്ന ആർ. അനന്തകൃഷ്ണനാണ് ആ ദൗത്യം ഏറ്റെടുത്തത്. അനന്തൻ ആഴ്ചകൾ എടുത്തു രേഖകൾ പരിശോധിച്ചു. ക്രോസ്സ് ചെക്ക് ചെയ്തു. 490 ഏക്കറിലധികം വരുന്ന പന്തല്ലൂർ ക്ഷേത്രഭൂമി തട്ടിയെടുക്കാൻ മലയാള മനോരമ പത്രം നടത്തുന്ന കുടുംബവുമായി ബന്ധമുള്ള ചിലർ നടത്തിയ അനധികൃത നീക്കങ്ങൾ പകൽപോലെ വ്യക്തമായിരുന്നു. 75 വർഷങ്ങൾ നീണ്ട ഗൂഡലോചനയും വ്യാജ രേഖാ നിർമാണവും കൊടും ചതിയുമെല്ലാം ആ രേഖകളിൽ നിഴലിച്ചുനിന്നു.

കഥ ഏറെക്കുറെ ഇങ്ങനെയായിരുന്നു:

1943 -ൽ കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ, രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പന്തല്ലൂർ ക്ഷേത്ര ഭൂമി കോട്ടയം, തിരുവല്ല, കടപ്രംമുറിയിൽ തയ്യിൽ ചെറിയാന് 60 വർഷത്തേക്ക് പാട്ടത്തിനു നൽകിയിരുന്നു. ആദ്യ 30 വർഷം പാട്ടം കൃത്യമായി അടച്ചു. മനോരമ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള യങ് ഇന്ത്യ എസ്റ്റേറ്റ് എന്ന കമ്പനിയാണ് ബാലന്നുർ പ്ലാന്റേഷൻസ് എന്ന പേരിൽ തോട്ടം നോക്കി നടത്തിയത്. പാട്ടം അടക്കുന്നത് നിർത്തി, 1974 മുതൽ ഭൂമി സ്വന്തം അധീനതയിൽ കൊണ്ടുവരാൻ ഗൂഢാലോചന നടത്തിയത് രേഖകളിൽ വ്യക്തമാണ്. 74 മുതൽ ഭൂമിക്കു സ്വന്തം പേരിൽ കരമടക്കാനും പട്ടയം നേടിയെടുക്കാനും ശ്രമം തുടങ്ങി. ബാലന്നുർ പ്ലാന്റെഷൻസ് മാനേജർ, തയ്യിൽ എസ്റ്റേറ്റിലെ മേരി, സാറ മാമ്മൻ, ഓമനാ മാമ്മൻ, ജോർജ് മാത്യു, മീര ഫിലിപ്, ശാന്തമ്മാ മാമ്മൻ, അനു മാമ്മൻ എന്നിവരുടെ പേരിലാണ് പട്ടയത്തിന്‌ അപേക്ഷ നൽകിയത്. 1978 -ൽ മലപ്പുറം ഡെപ്യൂട്ടി കളക്ടർ പട്ടയ അപേക്ഷ തള്ളി. അതിനു ശേഷവും മനോരമ കുടുംബം, ഭൂമി സ്വന്തമെന്ന മട്ടിൽ വെച്ചനുഭവിച്ചു. 2003 -ൽ പാട്ടക്കാലാവധി മുഴുവൻ കഴിഞ്ഞിട്ടും ഭൂമി വിട്ടുകൊടുത്തില്ല.

2002 മുതൽ സമരവും കേസുമായി നടക്കുന്ന മണികണ്ഠനും സുഹൃത്തുക്കൾക്കും മനസ്സുമടുത്തിരുന്നു. സർക്കാരും റവന്യൂ വകുപ്പും കോടതി പോലും അവരുടെ പക്ഷത്താണ് എന്ന് പരിതപിച്ചുകൊണ്ടാണ് മണികണ്ഠൻ പോയത്. പക്ഷെ, അരനൂറ്റാണ്ട് കാലം ഈ വാർത്ത കാര്യമായൊന്നും ചർച്ചയാവാതെ, പുറംലോകമറിയാതെ പൊടിപിടിച്ചിരുന്നതിൽ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. കോട്ടയത്തെ മനോരമ കുടുംബവും കോഴിക്കോട്ടെ മാതൃഭൂമി കുടുംബവും തിരുവനന്തപുരത്തെ കൗമുദി കുടുംബവും നോക്കിനടത്തിയതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ നമ്മുടെ മാധ്യമ മേഖല. ഈ വാർത്ത സീരിയലൈസ് ചെയ്യാൻ ഇന്ത്യാവിഷൻ തീരുമാനിച്ചപ്പോൾ ഞാനും അതിന്റെ ഉള്പിരിവുകൾ അറിഞ്ഞു.

മറുവശം കേൾക്കുക എന്ന ‘പുരാതനമായ’ മാധ്യമ പെരുമാറ്റ സംഹിത പാലിക്കാൻ അനന്തൻ നടത്തിയ ചില ഫോൺ കോളുകൾ വഴി അവർ ഇന്ത്യാവിഷൻ നീക്കം അറിഞ്ഞു. ലക്ഷണമൊത്ത മുതലാളിമാർക്ക് ചേർന്ന വിധം അവർ ചെയർമാനായ ഡോ: മുനീറിനെയാണ് ആദ്യം വിളിച്ചത്. മുനീറാകട്ടെ, എം.ടി. വാസുദേവൻ നായരുടെ ചുമലിലേക്ക് ചാരിയാണ് ഞങ്ങളുടെ മുന്നിൽ കാര്യം അവതരിപ്പിച്ചത്: അവരെ ഇപ്പോൾ പിണക്കിക്കൂടാ. എല്ലാ പഴുതിലും മനോരമയെ പഴി പറയുന്ന അഡ്വക്കറ്റ്‌ ജയശങ്കറിന്റെ വാരാന്ത്യം എന്ന പരിപാടി നിർത്തിവെക്കണമെന്ന് മനോരമ കുടുംബം ഡോ: മുനീറിനോട് സ്നേഹരൂപേണ ആവശ്യപ്പെട്ടിരുന്നു. അത് ഞങ്ങൾ വകവെക്കാത്തതിന്റെ പിണക്കം നിലനിൽക്കുന്ന അന്തരീക്ഷത്തിലേക്കാണ് പുതിയ പ്രശ്നം വന്നുവീണതു. അഞ്ചു ദിവസം പ്രൈം ടൈമിൽ കൊടുക്കാവുന്ന തരത്തിൽ സ്റ്റോറികളൊക്കെ തയ്യാറാക്കി വച്ചെങ്കിലും സംപ്രേക്ഷണം പിന്നെയും നീണ്ടു.

ഒരു മൂന്നു മാസം കഴിഞ്ഞുകാണും, അമർഷവും നിരാശയുമൊക്കെ കലർന്ന ശബ്ദത്തിൽ മണികണ്ഠന്റെ ഫോൺകോൾ വന്നു. “ഇന്ത്യാവിഷനെയും അവർ വിലക്ക് വാങ്ങി, അല്ലേ?” ആ ചോദ്യം ഉണ്ടാക്കിയ ആളൽ ഇപ്പോഴും ഉള്ളിലുണ്ട്. മൂന്നാം ദിവസം ഞങ്ങൾ വാർത്ത കൊടുത്തു തുടങ്ങി. തുടർച്ചയായി അഞ്ചു ദിവസം. രണ്ടു ദിവസം ന്യൂസ് നൈറ്റിൽ ചർച്ചക്കെടുത്തു. പരമ്പരയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാമെന്ന് മറ്റു സ്ഥാപനങ്ങളിലെ മുതിർന്ന റിപോർട്ടർമാരോട് ഞാൻ പറഞ്ഞു. മലയാളത്തിലെ മറ്റു മാധ്യമങ്ങളൊന്നും ഈ വാർത്ത കണ്ടതായി ഭാവിച്ചില്ല. ഏഷ്യാനെറ്റ് മാത്രം ഒരു ഒറ്റമിനുട്ടു ഫോളോ -ആപ്പ് സ്റ്റോറി കൊടുത്തെന്നു വരുത്തി. സോഷ്യൽ മീഡിയ ഇന്നത്തെ പോലെ സജീവമല്ലാതിരുന്നതിനാൽ ആ നിലക്കുള്ള പിന്തുണയും കിട്ടിയില്ല. രാഷ്ട്രീയ പാർട്ടികളൊന്നും മനോരമയ്ക്ക്‌ എതിരിയ ഈ പ്രശ്‍നം ഏറ്റെടുത്തില്ല. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും രണ്ടു പതിറ്റാണ്ടോളം പരിചയ സമ്പത്തുമുള്ള എന്റെ പരിചയക്കാരായ മനോരമയുടെ രണ്ടു തോട്ടക്കാർ ദീർഘദൂരം യാത്രചെയ്തു വന്നു എനിക്ക് കാപ്പി വാങ്ങിത്തന്നു മടങ്ങി.

എന്നെ അത്ഭുതപ്പെടുത്തിയത്, പക്ഷെ, മനോരമ കമ്പനിയുടെ പ്രത്യക്ഷ മൗനമായിരുന്നു . അവരുടെ ഉടമസ്ഥതയിലുള്ള പത്രമോ ചാനലോ ഒരു നിഷേധംകൊണ്ടുപോലും അതിനോട് പ്രതികരിച്ചില്ല. ഇങ്ങനെയൊരു കേസോ വാർത്തയോ ഉള്ളതായിപോലും അവർ ഭാവിച്ചില്ല. മറ്റുള്ളവർക്ക് വർത്തയാക്കാവുന്ന തരത്തിൽ ഒരു വക്കീൽ നോട്ടീസ് പോലും അവർ അയച്ചില്ല. മനോരമയുമായി തങ്ങൾക്കു ബന്ധമില്ലെന്ന് ബാലന്നുർ എസ്റ്റേറ്റിന്റെ ലെറ്റർഹെഡിൽ ഒരു പാരഗ്രഫുള്ള കത്ത് മാത്രമാണ് ഞങ്ങൾക്ക് കിട്ടിയ പ്രതികരണം. ആ കത്ത് മനോരമയുടെ പേരുവച്ച കവറിൽ തന്നെ അയക്കുന്നത്ര കുറഞ്ഞ ശ്രദ്ധയേ അവരതിന് നൽകിയുള്ളൂ.

എന്നാലും, മനോരമയുടെ പ്രത്യക്ഷ മൗനമോ, മറ്റു മാധ്യമങ്ങളുടെ നിസ്സംഗതയോ ഒന്നും കേസ് നടത്തിപ്പിനെ ബാധിച്ചില്ല. നിവേദിത പി. ഹരൻ നടത്തിയ ആത്മാർത്ഥമായ ചില ശ്രമങ്ങൾ ഒഴിച്ചാൽ, കേസ് വൈകിപ്പിക്കാനുള്ള നീക്കങ്ങളാണ് പല ഘട്ടങ്ങളിലും റവന്യൂ വകുപ്പ് നടത്തിയത്. ഈ നീക്കങ്ങളും വിജയിച്ചില്ല. കോടതിലെ തെളിവുകൾ അത്രമാത്രം കൃത്യമായിരുന്നു. ക്ഷേത്രഭൂമി സംരക്ഷണ സമിതിയുടെ വാദങ്ങളും കോടതിയിൽ ശരിവെക്കപ്പെടുകയും ഇന്ത്യാവിഷൻ വാർത്തയുടെ മുഴുവൻ ഉള്ളടക്കവും നേരാണെന്നു വരികയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന ഭാഷാ ദിനപത്രവുമായുള്ള ബന്ധുത്വത്തിന്റെ പിൻബലത്തിൽ 490 ഏക്കർ ക്ഷേത്ര ഭൂമി കയ്യേറിയവർക്ക്‌ മുക്കാൽ നൂറ്റാണ്ടിനു ശേഷം ഇറങ്ങേണ്ടി വന്നു. ആ ഭൂമി അവിടെ തന്നെയുണ്ടോ എന്നന്വേഷിക്കാൻ ഇന്ന് രാവിലെ മണികണ്ഠനെ വീണ്ടും വിളിച്ചെങ്കിലും കിട്ടിയില്ല.

ഇത്രയുമെഴുതിയതു റിപ്പോർട്ടർ ചാനലിലെ എം. വി. നികേഷ്‌കുമാറിനോടും മറ്റു സുഹൃത്തുക്കളോടും ഒരു വാക്ക് പറയാനാണ്: സുഹൃത്തുക്കളേ, ഒരു മാധ്യമ സ്ഥാപനം മറ്റൊരു മാധ്യമ സ്ഥാപനത്തിനെതിരെ വാർത്ത കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ, ആരുടെയും നിയമബാഹ്യമായ ചെയ്തികൾ അന്വേഷിക്കലും പുറത്തുകൊണ്ടുവരലും നമ്മുടെ ജോലി തന്നെയാണ്. ആ ചെയ്തികൾ അധികാരസ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് നടപ്പാക്കപ്പെടുന്നതെങ്കിൽ പ്രത്യേകിച്ചും. പക്ഷെ, അത്തരം വാർത്തകൾ സ്വന്തം മുതലാളിമാരുടെ കുറ്റകൃത്യങ്ങൾ മൂടിവെക്കാൻ വേണ്ടിയാവരുത്. അവരുടെ വിസർജ്യത്തിൽ സുഗന്ധം പൂശാൻ വേണ്ടിയാകരുത്.

ഇന്ത്യയുടെ മാധ്യമ പ്രവർത്തനത്തിന്റെ ചരിത്രം പറയുന്ന റോബിൻ ജഫിറിയുടെ ഒരു പുസ്തകമുണ്ട്. മീറ്റ് ദി എഡിറ്റേഴ്‌സിന് കയറും മുമ്പ് അതൊന്നെടുത് വായിക്കണം. ഒന്നര നൂറ്റാണ്ടിലധികം കാലംകൊണ്ട് ആയിക്കണക്കിനു മനുഷ്യർ ദാരിദ്ര്യം ഭക്ഷിച്ചും, ആരോഗ്യം അവഗണിച്ചും, സ്വന്തം മക്കൾക്ക് അവരോടൊപ്പമുള്ള സായാഹ്നങ്ങൾ നിഷേധിച്ചും സൃഷ്‌ടിച്ച ഒരു തൊഴിൽ മേഖലയാണിത്. ഈ നാട്ടിലെ ജനാധിപത്യത്തിന് ഇതാവശ്യമാണ്. അകത്തുനിന്നുൾപ്പെടെ പലപല കാർമികത്വങ്ങളിൽ ഈ തൊഴിലിന്റെ വിശ്വാസ്യത ചോർന്നു തീരുന്ന കാലവുമാണിത്. ആ ശവമഞ്ചത്തിൽ അവസാനത്തെ ആണി നിങ്ങളുടേതാകാതിരിക്കട്ടെ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...