...
Home News International കുടിയേറ്റ നിയമങ്ങൾ കർശനമാക്കാൻ ന്യൂസിലാൻഡ്; മാറ്റങ്ങൾ പ്രഖ്യാപിച്ചു

കുടിയേറ്റ നിയമങ്ങൾ കർശനമാക്കാൻ ന്യൂസിലാൻഡ്; മാറ്റങ്ങൾ പ്രഖ്യാപിച്ചു

51 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കോവിഡിന് ശേഷം കുടിയേറ്റം വർധിച്ചതായാണ് കണക്കുകള്‍.

215

വിസ സമ്പ്രദായം പുനഃപരിശോധിക്കാനും കുടിയേറ്റ നിയമങ്ങള്‍ കർശനമാക്കാനും ഒരുങ്ങി ന്യുസിലന്‍ഡ്. കഴിഞ്ഞ വർഷം ന്യൂസിലന്‍ഡിലേക്കുള്ള കുടിയേറ്റം സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നീക്കം. കഴിഞ്ഞ വർഷം മാത്രം 1.73 ലക്ഷം പേരാണ് രാജ്യത്തേക്ക് കുടിയേറിയത്. സുസ്ഥിരമല്ലാത്ത കുടിയേറ്റത്തിന് കാരണമായെന്ന് വിമർശിക്കപ്പെടുന്ന വിസ സമ്പ്രദായമാണ് രാജ്യം പുതുക്കുന്നത്. കോവിഡ് മൂലം തൊഴിലാളുടെ എണ്ണത്തിലുണ്ടായ കുറവ് നികത്താന്‍ 2022ല്‍ അവതരിപ്പിച്ച അംഗീകൃത തൊഴിലുടമ തൊഴിലാളി വിസ, താല്‍ക്കാലിക തൊഴില്‍ വിസ എന്നിവയിലെ മാറ്റങ്ങളും പ്രഖ്യാപിച്ചു.

അവിദഗ്ദ ജോലികള്‍ക്കും ഇംഗ്ലീഷ് ഭാഷ ആവശ്യകത, പരിചയസമ്പത്ത് എന്നിവയാണ് തൊഴിലുടുമ തൊഴില്‍ വിസകളില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍. ഇത്തരം തൊഴിലിനായി രാജ്യത്ത് എത്തുന്നവരുടെ താമസ കാലാവധി അഞ്ച് വർഷത്തില്‍ നിന്ന് മൂന്നാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. മാറ്റങ്ങള്‍ ഉടനടി പ്രാബല്യത്തിലാകും. ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൊഴിലാളികളുടെ കുറവില്ലാത്ത മേഖലകളില്‍ ന്യൂസിലന്‍ഡ് പൗരന്മാർക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

51 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കോവിഡിന് ശേഷം കുടിയേറ്റം വർധിച്ചതായാണ് കണക്കുകള്‍. ഇത് പണപ്പെരുപ്പത്തിന് കാരണമാകുമോയെന്ന ആശങ്ക കഴിഞ്ഞ വർഷം മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. പുതിയ മാറ്റങ്ങള്‍ കുടിയേറ്റക്കാർ ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഫെബ്രുവരിയില്‍ പബ്ലിക്ക് സർവീസ് കമ്മീഷന്‍ എഇഡബ്ല്യുവിയുടെ റിവ്യു പുറത്തുവിട്ടിരുന്നു. ചെറിയ വിഭാഗം തൊഴിലുടമകള്‍ ന്യൂസിലന്‍ഡിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷ പരിചയം നിർബന്ധിതമാക്കുന്നതോടുകൂടി തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ ഇത്തരക്കാർക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.