| പികെ ശ്രീകാന്ത്
അതെന്താ കേരളം ഇന്ത്യയിലല്ലേ ?? നടി നിഖിലാ വിമലുമായി ഒരു ഓൺലൈൻ ചാനൽ നടത്തിയ ഇന്റർവ്യുവിൽ പശുവിനെ കഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ഞാൻ പശുവിനെ കഴിക്കും ഇവിടെ പശുവിനെ മാംസത്തിനായി അറുക്കുന്നതിന് യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞപ്പോൾ അവതാരകൻ ചോദിച്ച ചോദ്യമാണിത്.
സത്യത്തിൽ സോഷ്യൽ മീഡിയാ ഡിബേറ്റുകളിൽ എന്തിന് ചാനൽ റൂം സംവാദങ്ങളിൽ പോലും സംഘപരിവാരുകാർ സ്ഥിരമായി ചോദിക്കുന്ന ഒരു വാചകമാണിത്. കേരളമെന്താ ഇന്ത്യയിലല്ലേ.. എന്താണ് ഉത്തരം? കേരളം ഇന്ത്യയിൽ അല്ല. കേരളവും കൂടി ചേർന്നതാണ് നിലവിലെ ഇന്ത്യ. ഇന്ത്യ എന്നത് ഒരു വലിയ വട്ടവും സംസ്ഥാനങ്ങളെ മുഴുവൻ ആ വട്ടത്തിൽ അടുക്കി വച്ചിരിക്കുകയുമല്ല. ഇന്ത്യ എന്ന് ഇന്ന് പറയപ്പെടുന്ന ഈ ഭൂപ്രദേശം ഇന്ത്യൻ യൂണിയനാണ്. അനേകം സംസ്ഥാനങ്ങളുടെ ഐക്യനാടിനെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക അഥവാ അമേരിക്കൻ ഐക്യനാടുകൾ എന്ന് പറയും പോലെ സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ എന്ന രാജ്യം.
ആ രാജ്യം ഭരിക്കുന്നത് ഭരണ ഘടനാ പ്രകാരം ‘യൂണിയൻ ഗവണ്മെന്റാണ് ‘1947- ആഗസ്ത് 15 ന് ശേഷം സ്വതന്ത്ര ഇന്ത്യ എന്ന ദേശരാഷ്ട്രമുണ്ടായി കഴിഞ്ഞും ഒന്നര വർഷക്കാലം ഇന്നത്തെ കേരളത്തിലെ തിരുവിതാംകൂർ ഇന്ത്യയിലായിരുന്നില്ല. അവർ സ്വതന്ത്ര ഹിന്ദു രാജ്യമായി നില കൊള്ളാൻ ആഗ്രഹിച്ചവരാണ്. ഇന്ന് ദേശസ്നേഹം പഠിപ്പിക്കുന്ന സംഘികളുടെ തലതൊട്ടപ്പൻ സവർക്കർ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരാതെ ഹിന്ദു രാഷ്ട്രമായി നില കൊള്ളാൻ തീരുമാനിച്ചതിനെ പ്രോത്സാപ്പിച്ച, അതിൽ സന്തോഷം പ്രകടിപ്പിച്ചയാളാണ്. ഹൈദ്രബാദിനെ പോലെ ചില നാട്ടു രാജ്യങ്ങളും അന്ന് ഇന്ത്യയിലല്ല. ഗോവ സംസ്ഥാനം ഇന്ത്യയുടെ ഭാഗമായത് 1961-ൽ മാത്രമാണ്.
ഇന്ത്യയിലെ സംസ്ഥാനങ്ങൾ കേന്ദ്രം എന്ന് നമ്മൾ പറയുന്ന യൂണിയൻ ഗവണ്മെന്റിന് കീഴിലെ ഉദ്യോഗസ്ഥ പടയല്ല. ഫെഡറൽ ജനാധിപത്യത്തിൽ സംസ്ഥാനങ്ങൾ സ്വയം ഭരണാധികാര കേന്ദ്രങ്ങളാണ്. ചില പ്രത്യേക വിഷയങ്ങളിൽ യൂണിയൻ ഗവണ്മെന്റിന് കൂടുതൽ അധികാരം നൽകുന്നതൊഴികെ സംസ്ഥാനങ്ങളുടെ ഭരണം ആ സംസ്ഥാനത്തെ ജനത തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിൽ നിക്ഷിപ്തമാണ്. സംസ്ഥാനങ്ങളും യൂണിയൻ ഗവണ്മെന്റും തമ്മിൽ ഭരണഘടനാ പരമായി നിലനിൽക്കുന്ന ആ പരസ്പര ധാരണയാണ് സങ്കൽപ്പികമായ ഇന്ത്യ എന്ന ഏകകകത്തിലേക്ക് നമ്മൾ ഇന്ത്യക്കാർ എന്ന് തീർത്തും വ്യത്യസ്തമായ സംസ്കാര,ഭാഷ,ഭക്ഷണ, വസ്ത്ര, ജീവശാസ്ത്ര വ്യത്യാസങ്ങളിലും ആ സംസ്ഥാനങ്ങളിലെ ജനങ്ങളെ കൊണ്ട് പറയിപ്പിക്കുന്നത്.
ആ സംസ്ഥാനത്തിന്റെ പ്രതിനിധികളെ യൂണിയൻ ഭരണത്തിന്റെ സഭകളിലേക്കാണ് നമ്മൾ തിരഞ്ഞെടുത്തയക്കുന്നത്. അതായത് ഇരു സഭകളിലുമുള്ള എം.പിമാർ പാർലിമെന്റിലെ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. കേരളം ഇന്ത്യയിലല്ല. കേരളം പോലെ കുറേ സംസ്ഥാനങ്ങളാണ് ഇന്ത്യ. 1991 – ന് ശേഷം സോവിയറ്റ് യൂണിയനില്ല. റഷ്യൻ ഫെഡറേഷനും കുറെ ചെറു രാജ്യങ്ങളും മാത്രമായി അത് വിഘടിച്ചു. അത് പോലെ സംസ്ഥാനങ്ങൾ യൂണിയൻ വിട്ടു പോയാലും കേരളമുണ്ട്, പക്ഷേ പിന്നെ ഇന്ത്യയുണ്ടാകില്ല.
ഗോ വധമുൾപ്പെടെയുള്ള കാര്യങ്ങളുടെ അധികാരങ്ങൾ സംസ്ഥാനങ്ങളിൽ നിക്ഷിപ്തമാണെന്നും, കേരളത്തിൽ ഗോവധത്തിന് നിരോധനമില്ലെന്നു പോലുമറിയാതെ ഒരു സംഘപരിവാർ അനുഭാവിയാകണം ആ അവതാരകൻ. സ്വകാര്യ കമ്പനികളിലെ ഹയറാർക്കി പോലെ ഏറ്റവും താഴെ വാർഡ് മെമ്പർ, പിന്നെ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി കൗൺസിലർ,കോർപ്പറേഷൻ കൗൺസിലർ,എം.എൽ.എ, എം. പി അങ്ങനെ രാഷ്‌ട്രപതി വരെ നീളുന്ന ലീനിയർ അധികാര ഘടനയാണ് ഫെഡറൽ ജനാധിപത്യത്തിലുള്ളതെന്നാണ് ഇവരിൽ ഭൂരിപക്ഷത്തിന്റേയും ധാരണ. നിഖിലാ വിമൽ തളിപ്പറമ്പ് കീഴാറ്റൂരിലെ സാമൂഹിക ചുറ്റുപാടിൽ വളർന്ന,തന്റെ രാഷ്ട്രീയ പക്ഷം തുറന്ന് പറഞ്ഞ അഭിനേത്രിയാണ്. ആ ആഭിമുഖത്തിൽ ആ ക്ലാരിറ്റി കാണാനുമുണ്ട്.



