...
Home News National ഉത്പാദന നിലവാരമില്ല; രാജ്യത്തെ 76 മരുന്ന് നിർമാണ കേന്ദ്രങ്ങൾക്ക് വിലക്ക്

ഉത്പാദന നിലവാരമില്ല; രാജ്യത്തെ 76 മരുന്ന് നിർമാണ കേന്ദ്രങ്ങൾക്ക് വിലക്ക്

ഗാംബിയയിലെ കുട്ടികളുടെ മരണം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളുടെ നിലവാരത്തിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

189

ഇന്ത്യയിൽ പ്രചാരത്തിലുള്ള 76 മരുന്ന് നിര്‍മാണ കേന്ദ്രങ്ങൾക്ക് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കണ്ട്രോൾ ഓർഗനൈസേഷൻ ഉത്പാദനവിലക്ക് ഏർപ്പെടുത്തി. നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ച് നടത്തിയ പരിശോധനയിൽ 237 കമ്പനികളിൽ 76 എണ്ണത്തിനും പൂട്ട് വീണു. കഴിഞ്ഞ ഡിസംബർ മുതൽ നടന്നു വരുന്ന പരിശോധനകൾക്കൊടുവിലാണ് വിലക്കേർപ്പെടുത്തുന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 76 മരുന്നു കമ്പനികൾക്ക് ഉത്പാദനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ 15 കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കും.

ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് അറുപതിലധികം കുട്ടികൾ മരിച്ച സംഭവത്തിന് ശേഷമാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വ്യാപകമായി പരിശോധനകൾ നടന്നത്. ഗാംബിയയിലെ കുട്ടികളുടെ മരണം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളുടെ നിലവാരത്തിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

പരിശോധനയ്‌ക്കെടുത്ത സാമ്പിളുകളിൽ 15 ശതമാനം സാമ്പിളുകളും നിലവാരമില്ലാത്തതാണെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കണ്ട്രോൾ ഓർഗനൈസേഷൻ കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി 35 മരുന്ന് നിർമ്മാണ കേന്ദ്രങ്ങൾക്ക് നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിരുന്നു.

നാലാംഘട്ട പരിശോധനകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ പുതുതായി 51 കേന്ദ്രങ്ങളിൽ പരിശോധന നടന്നുവെന്നാണ് റിപ്പോർട്ട്‌. അപകട സാധ്യതകൂടുതലുള്ള മരുന്നുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പരിശോധന നടന്നത്. നാല് ഘട്ടങ്ങളിലായി 299 സ്ഥാപനങ്ങളിൽ പരിശോധന നടന്നു. അതിൽ 72 സ്വകാര്യ പരിശോധന ലാബുകളും ഉൾപ്പെടും.

മൊത്തം കണക്കെടുത്താൽ, പരിശോധന നടത്തിയതിൽ 218 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 76 സ്ഥാപനങ്ങളോട് ഉൽപ്പാദനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും, 15 സ്ഥാപനങ്ങളുടെ ലൈസൻസ് അവസാനിപ്പിക്കുകയും, 40 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.