...
Home News National ഇനി നമുക്ക് റിസോർട്ട് നാടകങ്ങൾക്കായി കാത് കൂർപ്പിക്കാം

ഇനി നമുക്ക് റിസോർട്ട് നാടകങ്ങൾക്കായി കാത് കൂർപ്പിക്കാം

ഒരു വിശ്വാസവും ഇല്ലാതെ, കേവലം രാഷ്ട്രീയത്തിന് വേണ്ടി ഈ വേഷം കെട്ടുന്നത്, ഇന്ത്യ കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റായ നെഹ്‌റുവിന്റെ ചെറു മകനും, ചെറു മകളും ആണെന്നത് അവജ്ഞയോടെ മാത്രമേ നോക്കിക്കാണാൻ ആവൂ.

345

| ജലീൽ കാളിയത്ത്

കേരളത്തിൽ ഒഴിച്ച്, വേറെ എല്ലായിടത്തും കോൺഗ്രസ്സ് ബിജെപിക്ക് വേണ്ടിയാണോ തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് തോന്നിയാൽ, അതിൽ തെറ്റ് പറയാൻ ആവില്ല. ബിജെപിക്ക് എതിരെ വരുന്ന വോട്ടുകൾ വിഭജിക്കുന്നതിൽ അവരാണ് എല്ലായിടത്തും നിർണ്ണായക പങ്ക് വഹിക്കുന്നത് എന്ന് സമകാലിക രാഷ്ട്രീയം നോക്കിക്കാണുന്ന എല്ലാവർക്കുംമനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടി വരില്ല.

സ്വന്തം ശക്തി എന്താണെന്നും, സ്വന്തം ദൗർബല്യം എന്താണെന്നും തിരിച്ചറിയാതെ, സെമി ബിജെപി ലെവലിൽ, സകല ഗോഷ്ടികളും കാണിച്ചു, രാഷ്ട്രീയ ഗോദയിൽ, ഒരു പ്രഹസനം പോലെ, വഴിപാട് പോലെ ഇറങ്ങുന്ന, ഒരാൾക്കൂട്ടത്തിന് എങ്ങിനെയാണ്, ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ കഴിയുക..? ജയിച്ചു വന്നാൽ പോലും, ഇനിയവർ ബിജെപിയുടെ പ്രലോഭനങ്ങൾക്കും, ഭീഷണിക്കും വശംവദരാവില്ല എന്ന് എന്താണുറപ്പ്..?

ഒരു ഇഡി അന്വേഷണം വന്നാൽ, ഒരു വിജിലൻസ് അന്വേഷണം വന്നാൽ, തുറുങ്കിൽ ആവില്ല എന്ന് ഉറപ്പുള്ള എത്ര കോൺഗ്രസ്സുകാർ ജയിച്ചിട്ടുണ്ടാവും..? ആരും ഉണ്ടാവില്ല, ബിജെപി പറയുന്ന വിലക്ക് തങ്ങളുടെ സ്ഥാനമാനങ്ങൾ വിൽക്കുക മാത്രമേ അവർക്ക് മുന്നിൽ ഉപാധിയായിട്ടുള്ളൂ. ജയിച്ചവർ പോലും, രാഷ്ട്രീയപരമായി സുരക്ഷിതർ അല്ലാത്ത നാട്ടിൽ, ഇനിയും കോൺഗ്രെസ്സുകാർ ജയിക്കാൻ തന്നെയാവും, ബിജെപി ആഗ്രഹിക്കുക.

കോൺഗ്രസുകാർ ജയിക്കുന്നത് ബിജെപിക്കാർക്ക് അധികാരത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് അവർ പണ്ടേ തിരിച്ചറിഞ്ഞതാണ്. പണ്ട് ഉപ്പൂപ്പാക്ക് ആനയുണ്ടായിരുന്നു, ആ ആനപ്പുറത്തിരുന്ന തഴമ്പ് ഇപ്പോഴും ആസനത്തിൽ ഉണ്ട് എന്നുള്ള ഘീർവാണം കൊണ്ടൊന്നും നവഫാസിസ്റ്റുകളെ വെല്ലാൻ ആവില്ല എന്നുള്ള തിരിച്ചറിവില്ലാത്ത ഒരു കൂട്ടം ആയി കോൺഗ്രസ്സ് അധപ്പതിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ..

ഒരു വിശ്വാസവും ഇല്ലാതെ, കേവലം രാഷ്ട്രീയത്തിന് വേണ്ടി ഈ വേഷം കെട്ടുന്നത്, ഇന്ത്യ കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റായ നെഹ്‌റുവിന്റെ ചെറു മകനും, ചെറു മകളും ആണെന്നത് അവജ്ഞയോടെ മാത്രമേ നോക്കിക്കാണാൻ ആവൂ. ഇനിയിപ്പോൾ റിസോർട്ട് നാടകങ്ങൾ വേറെ കാണേണ്ടി വരും, വരും ദിവസങ്ങളിൽ, നമുക്ക് അതിന് വേണ്ടിയും കാത് കൂർപ്പിക്കാം. ഇന്ത്യനായിപ്പോയില്ലേ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.