...
Home News National ഒഡീഷ: ഇത് വളരെ ബോധപൂർവ്വം വരുത്തിവെച്ച കൊലപാതകങ്ങൾ തന്നെയാണ്

ഒഡീഷ: ഇത് വളരെ ബോധപൂർവ്വം വരുത്തിവെച്ച കൊലപാതകങ്ങൾ തന്നെയാണ്

പഴയ സിസ്റ്റത്തിന്റെ പ്രത്യേകത അത് നിയന്ത്രിക്കാനുള്ള മാനുവൽ തൊഴിലാളികളുടെ എണ്ണം ഓട്ടോമാറ്റിക് സിസ്റ്റത്തേക്കാൾ പതിന്മടങ്ങ് ഇരട്ടിയായിരിക്കും. വളരെ ചുരുങ്ങിയ സോണുകളിൽ മാത്രമാണ് ചെറുതായെങ്കിലും ഓട്ടോമേഷൻ ആരംഭിച്ചിട്ടുള്ളത്.

216

| നോയൽ ജോർജ്

നിരന്തര സുരക്ഷ സംവിധാനം വേണ്ട, തുടർച്ചയായ പരിശോധനകൾ വേണ്ടാ കൃത്യമായ മെയിൻ്റനൻസ് വേണ്ട സംവിധാനമാണ് പൊതു ഗതാഗതം. ട്രെയിൻ സർവീസ് ഇന്ത്യയിൽ അരഭിച്ച കാലം മുതൽ ഏറ്റവും അഡ്വാൻസ്ഡ് ആയ ടെക്നോളജി വരെ ഒരുമിച്ച് ഉപയോഗിക്കുന്ന, വളരെ വിചിത്രവും സങ്കീർണ്ണവുമായ ഒരു സിസ്റ്റമാണ് ഇന്ത്യൻ റെയിൽവേയിൽ ഉള്ളത്.

ബ്രിട്ടീഷുകാർ സ്ഥാപിച്ച semaphore അടക്കം ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്ന റെയിൽവേ സിഗ്നൽ സംവിധാനത്തിൻ്റെ ഭാഗമാണ് എന്ന് പറഞ്ഞാല് ആളുകൾ തലയിൽ കൈവെക്കും. വിവരസാങ്കേതികവിദ്യ അത്രക്ക് വളർന്നിട്ടും ഇന്ത്യയിലെ റെയിൽവേ വികസനം വളരെ മെല്ലെയാണ് എന്നത് തർക്കമില്ല. സാധാരണക്കാർ ഉപയോഗിക്കുന്ന സംവിധാനം എന്ന നിലക്ക് ആ ഒരു പരിഗണന മാത്രമേ ഇതുവരെയുള്ള സർക്കാർ റെയിൽവേയ്ക്ക് നൽകിയിട്ടുമുള്ളു.

പഴയ സിസ്റ്റത്തിന്റെ പ്രത്യേകത അത് നിയന്ത്രിക്കാനുള്ള മാനുവൽ തൊഴിലാളികളുടെ എണ്ണം ഓട്ടോമാറ്റിക് സിസ്റ്റത്തേക്കാൾ പതിന്മടങ്ങ് ഇരട്ടിയായിരിക്കും. വളരെ ചുരുങ്ങിയ സോണുകളിൽ മാത്രമാണ് ചെറുതായെങ്കിലും ഓട്ടോമേഷൻ ആരംഭിച്ചിട്ടുള്ളത്. മഹാഭൂരിപക്ഷവും മാനുവൽ ആയി മാത്രം ചെയ്യേണ്ട ജോലികൾ ഇപ്പോൾ വളരെ ചുരുങ്ങിയ ആളുകളെ ഉപയോഗിച്ചുകൊണ്ടാണ് ഒരുവിധത്തിൽ റെയിൽവേ ഒപ്പിച്ച് പോകുന്നത്.

റെയിൽവേയിൽ ഈ പ്രവർത്തി ചെയ്യാൻ മാത്രമുള്ള മൂന്ന് ലക്ഷത്തിൽ പരം ഒഴിവുകളാണ് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നത്. നിങ്ങൾ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ട്രെയിനിന്റെ പാളം പരിശോധിക്കുന്നതിനും ഓടുന്ന ട്രെയിനിന്റെ ചക്രങ്ങളും ബ്രേക്കും മറ്റും പരിശോധിക്കുന്നത് കാണാം.

റെയിൽപാളങ്ങൾ, ഫാസ്റ്റണറുകൾ, ബോൾട്ടുകൾ, സ്ലീപ്പറുകൾ, ജോയിൻ്റുകൾ തുടങ്ങി ലക്ഷക്കണക്കിന് കിലോമീറ്റർ പരന്നുകിടക്കുന്ന ഈ സംവിധാനം പരിശോധിക്കുവാൻ എന്ന് ചുരുങ്ങിയ ആളുകൾ മാത്രമേ ഉള്ളൂ. പലപ്പോഴും പല അപകടങ്ങളിൽ നിന്നും ആളുകൾ രക്ഷപ്പെടുന്നത് നാട്ടുകാരുടെയോ മറ്റു യാത്രക്കാരുടെയോ മുന്നറിയിപ്പുകൾ കൊണ്ടു മാത്രമാണ്.

റെയിൽവേയിൽ ഒഴിവുള്ള നിയമനങ്ങൾ നടപ്പിലാക്കാതെ റെയിൽവേയെ തകർത്തു അതിനെ സ്വകാര്യ മേഖലയ്ക്ക് തള്ളിവിട്ട് കൂടുതൽ യാത്ര ക്ലേശം സാധാരണപ്പെട്ട ജനങ്ങൾക്ക് നൽകുക എന്നതാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്, – അല്ല പൂർണ്ണമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് തൻറെ ഭാഗത്തുനിന്നുള്ള കഴിവുകേട് കൂടി കാണിച്ച് തന്നെ വേണം റെയിൽവേ മന്ത്രി രാജി വെക്കേണ്ടത്. അപകടങ്ങൾ എന്നാൽ മനപ്പൂർവ്വം സംഭവിക്കാത്തതാവണം. ഇത് വളരെ ബോധപൂർവ്വം വരുത്തിവെച്ച കൊലപാതകങ്ങൾ തന്നെയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.