...
Home News National എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇളയരാജ അംബേദ്കറേയും മോദിയേയും താരതമ്യം ചെയ്യുന്നത്

എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇളയരാജ അംബേദ്കറേയും മോദിയേയും താരതമ്യം ചെയ്യുന്നത്

അംബേദ്കറും മോദിയും ഇന്ത്യയ്ക്ക് വേണ്ടി സ്വപ്നം കണ്ടു എന്നാണ് ഇളയരാജ എഴുതിയിരിക്കുന്നത്. അംബേദ്കർ കണ്ട സ്വപ്നം എന്തായിരുന്നു എന്നറിയാൻ മിനിമം ഇന്ത്യൻ ഭരണഘടനയെങ്കിലും ഇളയരാജ വായിക്കണമായിരുന്നു

134

| ശ്രീജ നെയ്യാറ്റിൻകര

ഒരു മനുഷ്യനോട് അയാളുടെ കഴിവുകൾ കാരണം എത്രമാത്രം ഇഷ്‌ടമുണ്ടായിരുന്നാലും ചില നിർണ്ണായക ഘട്ടങ്ങളിൽ അയാളെടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ ഒന്ന് കൊണ്ട് മാത്രം അയാളോടതുവരെ ഉണ്ടായിരുന്ന സകല ഇഷ്ടവും പരിപൂർണ്ണമായി നഷ്‌ടപ്പെടും. പറഞ്ഞു വന്നത് ഇളയരാജയെ കുറിച്ചാണ് . ഇളയരാജ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിലോടിയെത്തുന്നത് പാട്ടുകളായിരുന്നു . നിറഞ്ഞ സ്നേഹത്തോടെയല്ലാതെ ആദരവോടെയല്ലാതെ അദ്ദേഹത്തെ ഓർക്കാനേ കഴിയില്ലായിരുന്നു.

എന്നാൽ ഇനിയോ, ഇനി സ്നേഹമോ ആദരവോ ആ മനുഷ്യനോടുണ്ടാകില്ല . മനുസ്മൃതി കത്തിച്ചു കൊണ്ട് ജാതീയതയ്‌ക്കെതിരെ, സവർണ്ണ പ്രത്യയ ശാസ്ത്രത്തിനെതിരെ പോരാടിയ അംബേദ്കർ എന്ന മഹാത്മാവിനെ സവർണ്ണ പ്രത്യയ ശാസ്ത്രത്തിന്റെ ഫോളോവറായ, കയ്യിൽ മുസ്ലീം വംശഹത്യയുടെ ചോരയുമായി ജീവിക്കുന്ന നരേന്ദ്ര മോദിയോടുപമിക്കാൻ കാണിച്ച ആ രാഷ്ട്രീയ വികല മനസിനെ എങ്ങനെയാണ് ആദരവോടെ സ്നേഹത്തോടെ ഓർക്കാൻ കഴിയുക …?

അംബേദ്കർ എഴുതി വച്ച ഭരണഘടനയെ പോലും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന നരേന്ദ്രമോദിയെ അംബേദ്കറോടുപമിക്കുമ്പോൾ തെല്ലും ഉളുപ്പ് തോന്നിയില്ലേ ഇളയരാജയ്ക്ക്..? എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇളയരാജ അംബേദ്കറേയും മോദിയേയും താരതമ്യം ചെയ്യുന്നത് അതും ഒരു പുസ്തകത്തിൽ ആമുഖമായതെഴുതി വച്ചു കൊണ്ട് .

അംബേദ്കറും മോദിയും ഇന്ത്യയ്ക്ക് വേണ്ടി സ്വപ്നം കണ്ടു എന്നാണ് ഇളയരാജ എഴുതിയിരിക്കുന്നത്. അംബേദ്കർ കണ്ട സ്വപ്നം എന്തായിരുന്നു എന്നറിയാൻ മിനിമം ഇന്ത്യൻ ഭരണഘടനയെങ്കിലും ഇളയരാജ വായിക്കണമായിരുന്നു. മോദി ഇന്ത്യയെ കുറിച്ച് കാണുന്ന സ്വപ്നത്തിന്റെ പരിണിത ഫലം ഇന്ത്യൻ ജനത അനുഭവിച്ചു കൊണ്ടിരിക്കുകയാണ് .

മുസ്ലീങ്ങളില്ലാത്ത ഇന്ത്യയെ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന, ഭരണഘടനയ്ക്ക് പകരം മനുസ്മൃതി സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന മോദിയെ ഇങ്ങനെ മഹത്വവൽക്കരിക്കാനും അതിലൂടെ അംബേദ്കറെ അപമാനിക്കാനും കഴിയുന്ന ആ രാഷ്ട്രീയവും ഉള്ളിൽ പേറി എന്ത് പാട്ടെഴുതിയിട്ടും സംഗീതം ചെയ്തിട്ടും എന്ത് കാര്യമാണുള്ളത് ?

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.