| അനീഷ് മാത്യു
ടെലിപ്രോംപ്റ്റർ ഓഫ് ആയപ്പോൾ ഒരു വാചകം പോലും തുടരാൻ അറിയാതെ അണ്ടി പോയ അണ്ണാനെപ്പോലെ ലോകത്തിന്റെ മുമ്പിൽ നിൽക്കുന്ന പ്രധാനമന്ത്രിയെ കാണേണ്ട ഗതികേട് നമുക്കുണ്ടായി. ഒറ്റപ്പെട്ട ഒരു സംഭവം അല്ല ഈ ടെലിപ്രോംപ്റ്റർ – ഏഴു കൊല്ലം പ്രധാനമന്ത്രി ഇരുന്നിട്ടും ഒരു പത്ര സമ്മേളനം പോലും നടത്താൻ പറ്റിയിട്ടില്ലാത്ത, വളരെ പ്ലാൻ ചെയ്തു നടത്തിയ ഒന്നോ രണ്ടോ ഇന്റർവ്യുകൾ അല്ലാതെ വേറൊരിക്കലും ഒരു മനുഷ്യനോട് പോലും സ്വാഭാവികം ആയി സംസാരിക്കുന്നത് കണ്ടിട്ടില്ലാത്ത ആളാണ്. ഇതേപോലെ ഒരു സ്കൂൾ ലീഡർ പോലും ആകാനുള്ള കഴിവില്ലാത്ത എം എൽ എ സ്ഥാനാർത്ഥിയെ വർഗീയതയും ഇല്ലാക്കഥകളും ചേർത്ത് ജയിച്ചു എന്ന് ഉറപ്പ് വരുത്തിയ മനോരമയുടെ പാളിപ്പോയ ശ്രമവും കണ്ടത് ഈ ആഴ്ച ആണ്.
ലോകത്തിലെ ഇരുപത് ശതമാനം ജനങ്ങൾ തങ്ങളെ ഭരിക്കാൻ ആയി ജനാധിപത്യപരമായി തിരഞ്ഞെടുത്ത മനുഷ്യൻ ആണ് നരേന്ദ്ര മോഡി എന്നാണ് വകുപ്പ്. ഇനി മോഡി പോയാൽ അതിനു ശേഷം വരാൻ പോകുന്നത് ടെലിപ്രോംപ്റ്റർ എന്ന സംഭവം ഉണ്ടെങ്കിൽ പോലും എന്തെങ്കിലും മര്യാദക്ക് നാലു വാചകം പറയാൻ അറിയാത്ത യോഗി ആദിത്യനാഥ് എന്ന തമാശ ആണ്. ഒരു മനുഷ്യൻ ഒരു വോട്ട് എന്ന് മാത്രം ആയി ജനാതിപത്യം എന്ന ആശയം ചുരുങ്ങിയത് കൊണ്ട് സംഭവിച്ചത് ആണ്.
പണ്ട് ആ സംസ്ഥാനത്തെ ജാതികളുടെ കണക്കെടുപ്പ് ആയിരുന്നു ഇന്ത്യയിലെ പല തെരഞ്ഞെടുപ്പുകളും – ഇപ്പോളത് ബിജെപി മതത്തിന്റെ കണക്കെടുപ്പാക്കി മാറ്റിയിട്ടുണ്ട്. ഗുജറാത്തിൽ ഭരണപക്ഷത്ത് ഒരു ഹിന്ദുവല്ലാത്ത ഒരു എം എൽ എ ഉണ്ടായിട്ടു രണ്ടു പതിറ്റാണ്ട് ആയി. ഇപ്പോൾ പ്രതിപക്ഷത്തും ഏതാണ്ടില്ലാണ്ടായി. ഇരുപത് കൊല്ലത്തിനു ശേഷം പാർലമെന്റിൽ ഭരണപക്ഷത്ത് പേരിനൊന്നോ രണ്ടോ മുസ്‌ലിം എം പിയോ മറ്റോ ആണ്.
ഇതിന്റെ ഫലം ആണ് മോഡി – ജനങ്ങൾ തിരഞ്ഞെടുത്തത് ആണ് – ഭരണത്തിന്റെ തിരഞ്ഞെടുപ്പിൽ മതം മാത്രം ആയി അവസാനം എസ് അല്ലെങ്കിൽ നോ എന്ന ചോദ്യം എന്നത് ആണ് ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ച ദുരന്തം.
ആഫ്രിക്കൻ ജനാധിപത്യത്തെപ്പറ്റി പറയുക ഗോത്രങ്ങളുടെ സെൻസസ് എടുക്കൽ ആണ് എന്നാണ്. ആഫ്രിക്കയിൽ ഏറ്റവും അധികം ജനങ്ങൾ ഉള്ള രാജ്യത്ത് ക്രിസ്ത്യൻ മുസ്‌ലിം ആയ നാല് ഗോത്രങ്ങൾ തമ്മിലുള്ള മത്സരം ആണ് തിരഞ്ഞെടുപ്പ്. അതിന്റെ ഗതികേടോ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റ്. ഇരുപത് കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും ദരിദ്രത്തിലേക്കു മുങ്ങുന്നു.
ജനാധിപത്യത്തെ ഇതേപോലെ ദുരുപയോഗം ചെയ്യുന്ന വേറൊരു വലിയ വിഭാഗം ആണ് – ബ്രോതേർഹൂദ് . മതമൗലീകവാദത്തിന്റെ കണക്കെടുപ്പാണ് ജനാതിപത്യം എന്നതിലൂടെ ബ്രദർഹുഡ് പോലെയുള്ള സംഘടനകൾ ഉദ്ദേശിക്കുന്നത്. വെറും ഒരു കൊല്ലം അധികാരം കിട്ടിയപ്പോൾ ഈജിപ്ത് കുട്ടിച്ചോരു ആക്കി.
ഇവർ കാരണം ഏഴു പതിറ്റാണ്ട് സ്വന്തം ആയി മണ്ണുപോലും ഇല്ലാത്ത ജനത ഹമാസിനെ ആണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്നത്. അത്തരം തീരുമാനങ്ങൾ അവർക്കു ഉള്ള വളരെ ചെറിയ അവകാശങ്ങൾകൂടി ഇല്ലാണ്ടാക്കും എന്നത് മനസിലാക്കാൻ പലസ്തീനിലെ ഒരു കൊച്ചു കുട്ടിയുടെ ബുദ്ധിയും രാഷ്ട്രീയബോധവും വേണ്ട, എന്നാലും അതാണ് ജനാധിപത്യപരമായി സംഭവിക്കുന്നത്.
അഫ്ഗനിൽ ഇക്കൊല്ലം ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകും – സ്ത്രീകൾ അടുത്ത ബന്ധക്കാരായ ഗാർഡിയൻ ഇല്ലാതെ 72 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല എന്നാണ് നിലവിൽ ഭരണത്തിലിരിക്കുന്ന താത്കാലിക താലിബാൻ ഗവണ്മെന്റിന്റെ നിയമം.
72 കിലോമീറ്റർ എന്നത് ആണോ ശരി ഏഴു കിലോമീറ്റര് ആയി ആ യാത്ര ദൂരം കുറക്കേണ്ടെ., അങ്ങനെ നമ്മുടെ അമ്മമാരെയും പെങ്ങമ്മാരുടെയും സുരക്ഷയും മതജീവിതവും ഉറപ്പ് വരുത്തേണ്ട ? എന്ന ഒരു ആശയം മുന്നോട്ടു വയ്ക്കുന്ന താലിബാനിലെ ഗ്രൂപ്പും ഇപ്പോളത്തെ 72 കിലോമീറ്റര് ഗ്രൂപ്പും എന്നത് ആയിരിക്കും മിക്കവാറും മത്സരം. ഇത്തരം വിഷയങ്ങൾ ആയിരിക്കും മിക്കവാറും ചർച്ച ചെയ്യുകയും. തമാശ അല്ല – ഇറാനിൽ അങ്ങനെ ആണ് സംഭവിക്കുന്നത് – കഴിഞ്ഞ നാല്പത്തിരണ്ടു വര്ഷം ആയിട്ട്.
ഗവണ്മെന്റ് എന്നത് മനുഷ്യരുടെ എണ്ണം കൂടിയപ്പോൾ പൊതു സുരക്ഷയും അഭിവ്യദ്ധിയും ഒക്കെ ഉണ്ടാകാൻ ആയി നമ്മുടെ പൂർവികർ ഉണ്ടാക്കിയ സംവിധാനം ആണ്.
ഇന്ത്യയിലേക്ക്, മിഡിൽ ഈസ്റ്റിലേക്കു, ആഫ്രിക്കയിലേക്ക്, ഏതാണ്ട് മിക്കവാറും എല്ലാ ദരിദ്ര രാജ്യങ്ങളിലേക്കും നോക്ക് – ഒരു ആൾക്ക് ഒരു വോട്ട് എന്ന പരിപാടിയായി മാത്രം മാറിയ വെസ്റ്റേൺ ജനാതിപത്യം അതാണോ ഉണ്ടാക്കിയത് – ഉണ്ടാക്കുന്നത് ? അടുത്തെങ്ങാനും വല്ല മാറ്റവും ഉണ്ടാവുമോ ?
പകരം ചില ഫ്രിഞ്ച് ഗ്രൂപ്പുകൾക്ക് ഭരണം നേടാനുള്ള, അതിനെ ലെജിറ്റിമൈസ് ചെയ്യാനുള്ള എളുപ്പവഴിയും സാമാന്യ ജനതയ്ക്ക് അസമത്വവും ദുരന്തവും സുരക്ഷാ ഇല്ലായ്മയും മാത്രം നൽകുന്നു. ഒരു മനുഷ്യൻ ഒരു വോട്ട് എന്നതു മാത്രം ആയ വെസ്റ്റേൺ മോഡൽ ജനാതിപത്യം എന്നത് വല്യ പാടാണ്.



