| രാഹുൽ ഹമ്പിൾ സനൽ
ഇന്നലെ തമിഴ്നാട്ടിലെ പ്രശസ്തമായ രോഹിണി തീയറ്ററിൽ STR ൻ്റെ പത്ത്തല സിനിമയുടെ റിലീസ് നടക്കുന്നു. കോയമ്പേട് നഗരത്തിലെ ഒരു പാലത്തിനടിയിൽ താമസിക്കുന്ന നരി കുറവ സമുദായക്കാരായ രണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പടെ ടിക്കറ്റ് എടുത്ത് സിനിമ കാണാൻ എത്തുന്നു. സെക്യൂരിറ്റി അവരെ കടത്തിവിടാതെ ആട്ടി ഓടിക്കുന്നു.
ഇത് കണ്ട ഒരു യുവാവ് ” അക്കാ… ടിക്കറ്റ് ഉണ്ടല്ലോ…കേറി സിനിമ കാണൂ ” എന്നു പറയുന്നു… സെക്യൂരിറ്റി പിന്നെയും തടയുന്നു. എന്തുകൊണ്ട് അവരെ കയറ്റി വിടുന്നില്ല എന്ന് ചോദിച്ചപ്പോൾ വിചിത്ര വാദങ്ങൾ ആണ് അയാൾ ഉന്നയിച്ചത്. ” അവർ തീയറ്ററിൽ തുപ്പി വെയ്ക്കും, സീറ്റിൽ ചാഞ്ഞു കിടക്കും… അടുത്തിരിക്കുന്നവരോട് പൈസ ചോദിക്കും etc “
സംഭവം വിവാദമാകും എന്നു മനസിലായതോടെ മാനേജർ തന്നെ എത്തി അവരെ കടത്തിവിട്ടു പ്രശ്നം തീർക്കാൻ ശ്രമിച്ചു… അവർ സിനിമ കാണുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ തീയറ്റർ അധികൃതർ Post ചെയ്യുകയും ചെയ്തു.
പെട്ടെന്ന് തന്നെ ഈ വിഷയം ട്വിറ്ററിൽ വൈറൽ ആയി… രോഹിണി തീയറ്റർ ബോയ്കോട്ട് ചെയ്യാൻ ആഹ്വാനവും ഉണ്ടായി.. തീയറ്റർ അധികൃതർ പത്രകുറിപ്പ് ഇറക്കി. UA സർട്ടിഫിക്കറ്റ് ഉള്ള സിനിമ കാണാൻ 2,6,8 വയസുള്ള കുട്ടികളുമായി വന്നത് കൊണ്ടാണത്രേ തടഞ്ഞത്… തീയറ്റർ അധികൃതർ ഒരു ക്ഷമാപണം പോലും നടത്തിയിട്ടില്ല.. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്നും ഇത് വരെയും പറഞ്ഞിട്ടും ഇല്ല.
നരി കുറവ സ്ത്രീകൾ കുട്ടികളുമായി പുറത്ത് കാത്ത് നിൽക്കുമ്പോഴാണ് മറ്റ് മനുഷ്യർ കൈ കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുട്ടികളുമായി തീയറ്ററിലേക്ക് കയറി പോകുന്നത്. കുട്ടികൾ മാതാപിതാക്കളോടൊപ്പം കാണേണ്ട സിനിമകൾ ആണ് UA സർട്ടിഫിക്കറ്റ് സിനിമകൾ. അത് നരി കുറവ സമുദായത്തിന് മാത്രം നിക്ഷിദ്ധം ആകുന്നത് എങ്ങനെയാണ്?
ഇതേ തീയറ്ററിൽ തന്നെ UA സർട്ടിഫിക്കറ്റ് സിനിമ ആയ ദർബാർ സൂപ്പർ സ്റ്റാർ രജനീകാന്ത് പേരക്കുട്ടികളുമായി കാണുന്നത് തീയറ്റർ അധികൃതർ തന്നെ മുൻപ് Post ചെയ്ത ചിത്രവും വീണ്ടും പ്രചരിക്കുകയുണ്ടായി.
ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചത് കൊണ്ട് മാത്രം കുട്ടികൾ ഉൾപ്പടെ ഉള്ള സ്ത്രീകളെ ,ടിക്കറ്റ് ഉണ്ടായിട്ടും തീയറ്ററിൽ നിന്ന് ആട്ടി ഓടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതോടൊപ്പം തന്നെ ഈ വിഷയത്തിൽ മനുഷ്യത്വപരമായി ഇടപ്പെട്ട ആധുനിക സമൂഹവും മാതൃകയാണ്. പ്രത്യേകിച്ച് ആദ്യം പ്രതിക്ഷേധം അറിയിച്ച പ്രശസ്ത സംഗീത സംവിധായകനും നടനും എ ആർ റഹ്മാൻ്റെ സഹോദരീ പുത്രനുമായ ജി വി പ്രകാശ് കുമാറിനെ അഭിനന്ദിക്കുന്നു.



