...
Home News International മനുഷ്യൻ്റെ സ്വൈര്യമായ സാമൂഹിക ജീവിതത്തിന് തടസം നിൽക്കുന്ന മതകാര്യ പോലീസ്

മനുഷ്യൻ്റെ സ്വൈര്യമായ സാമൂഹിക ജീവിതത്തിന് തടസം നിൽക്കുന്ന മതകാര്യ പോലീസ്

ജൂബൈലിലെ പാർക്കുകളിലും ബീച്ചുകളിലുമോക്കെ മതകാര്യ പോലീസ് വരുമ്പോൾ പെണ്ണുങ്ങൾ കൈയ്യിൽ കിട്ടിയ സാധനങ്ങൾ എടുത്ത് തലയിൽ ഇട്ട് ഓടുന്ന കാഴ്ചകൾ അനവധി കണ്ടിട്ടുണ്ട്.

228

| എമ്മെസ് ഷൈജു

ഇറാൻ മതകാര്യ പോലീസ് സംവിധാനം നിർത്തലാക്കുകയാണ്. ഇതിന് മുമ്പ് സൗദിയും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ഈ വാർത്തയെ സന്തുഷ്ടിയോടെയാണ് മുസ്‌ലിം ലോകം പൊതുവേ സ്വീകരിച്ചിരിക്കുന്നത്. അത്രമാത്രം മനുഷ്യൻ്റെ സ്വൈര്യമായ സാമൂഹിക ജീവിതത്തിന് തടസം നിൽക്കുന്നവരാണ് മതകാര്യ പോലീസ് എന്ന വിഭാഗം.

രാജ്യത്ത് പൊതുവായി നിലനിൽക്കുന്ന, നിയമ, നീതിന്യായ സംവിധാനത്തിന് മുകളിൽ അനിയന്ത്രിതമായ സ്വാതന്ത്ര്യങ്ങളോടെയാണ് മതകാര്യ പോലീസ് പ്രവർത്തിക്കുന്നത്. സൗദിയിൽ താമസിക്കുമ്പോൾ അനേകം തവണ കണ്ട് പരിചയമുള്ളതാണ് ഈ അപരിഷ്കൃത സംവിധാനം.

ദമ്മാമിൽ നിന്ന് വല്ലപ്പോഴും ബുറൈദയിലുള്ള ഫാമിലി ഫ്രണ്ടിൻ്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുമ്പോൾ ഖസിം പ്രവിശ്യയുടെ അതിർത്തി കടക്കുമ്പോൾ തന്നെ വൈഫ് തല മറച്ചിരിക്കുന്ന ഷോളിൻ്റെ അറ്റം നീട്ടി മുഖവും കൂടി മറക്കും. അല്ലെങ്കിൽ ചെക്ക് പോസ്റ്റിലോ വഴിയരികിലോ ഒക്കെ നിൽക്കുന്ന മതകാര്യ പോലീസ് വാഹനം തടഞ്ഞ് നിർത്തി മുഖം മറപ്പിക്കും. കൂടെ ശകാരവും കേൾക്കും.


അവിടെ താമസിക്കുന്ന മുഴുവൻ വിദേശികളും ജാതി മത ഭേദമന്യേ സ്വദേശി സ്ത്രീകളെപ്പോലെ കണ്ണ് മാത്രം പുറത്ത് കാണിക്കുന്ന കറുത്ത മുഖാവരണം ധരിക്കുന്നവരാണ്. എത്ര ഇഷ്ടമില്ലെങ്കിലും അത് ധരിച്ചേ പറ്റൂ. അല്ലെങ്കിൽ ചൂരൽ കൊണ്ട് ഈ മത കാര്യ പോലീസ് പെണ്ണുങ്ങളുടെ ചന്തിക്ക് അടി പറ്റിക്കും.

ഖസീം പ്രവിശ്യക്ക് വെളിയിൽ മുഖം മറക്കാത്തതിന് അടിയില്ല, തല മറക്കാത്തതിനേ അടിയുള്ളൂ! അങ്ങനെ അന്യ പെണ്ണുങ്ങളുടെ ചന്തിക്ക് അടിക്കാൻ മതം പറയുന്നുണ്ടോ എന്ന ഒരു ചോദ്യം ഇപ്പൊ നിങ്ങളുടെ മനസ്സിൽ ഉയരുന്നില്ലേ? പക്ഷേ അത് അവരോട് ആർക്കും ചോദിക്കാൻ പറ്റില്ല. അതാണ് മതകാര്യ പോലീസ്. ജൂബൈലിലെ പാർക്കുകളിലും ബീച്ചുകളിലുമോക്കെ മതകാര്യ പോലീസ് വരുമ്പോൾ പെണ്ണുങ്ങൾ കൈയ്യിൽ കിട്ടിയ സാധനങ്ങൾ എടുത്ത് തലയിൽ ഇട്ട് ഓടുന്ന കാഴ്ചകൾ അനവധി കണ്ടിട്ടുണ്ട്.

നമസ്കാര സമയത്ത് അങ്ങാടിയിൽ കറങ്ങി നടന്നിട്ട് ഇവന്മാർ നിസ്കരിക്കാൻ പള്ളിയിൽ പോകാത്തവരെ തെരഞ്ഞ് പിടിച്ച് അറഞ്ഞ് പിരുക്കും. കട അടക്കാൻ അല്പം താമസിക്കുന്നവർക്ക് ചിലപ്പോ അടിക്കൊപ്പം ഫൈനും കിട്ടും. ഓരോരുത്തർക്കും തോന്നുന്ന ശിക്ഷകളാണ് അപ്പപ്പോൾ കൊടുക്കുന്നത്. ഇങ്ങനെ മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിൻ്റെ ഓരോ തുറകളിലും പാത്തും പതുങ്ങിയും കടന്ന് ചെന്ന് ഫ്രസ്ട്രേഷൻ തീർത്ത് കൊണ്ടിരുന്ന ഒരു കുപ്രസിദ്ധ മതകീയ ഗുണ്ടാ സംവിധാനത്തിനാണ് ഇറാനിൽ അവസാനമുണ്ടാകുന്നത്.

അത് കൊണ്ട് തന്നെ ഈയൊരു തീരുമാനത്തെ വ്യക്തിപരമായി ഞാൻ സ്വാഗതം ചെയ്യുകയാണ്. മഹാഭൂരിപക്ഷവും ഈ സംവിധാനം ഇല്ലാതാകുന്നതിൽ സന്തുഷ്ടി പ്രകടിപ്പിക്കുമ്പോൾ ഇത് ഇല്ലാതാകുന്നതിൽ വ്യസനമുള്ള പലരുമുണ്ട്. അതിൻ്റെ കാരണം അവരുടെയെല്ലാമുള്ളിൽ മുരണ്ട് കൊണ്ടിരിക്കുന്ന ഓരോ മതകാര്യപ്പോലീസ് ഉണ്ട് എന്നതാണ്. സൗദിയിലെയും ഇറാനിലേയും മതകാര്യ പോലീസുകാർ ഇനി ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങട്ടെ. അവിടെ അവർക്ക് ഇപ്പോഴും ചാകരയാണല്ലോ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.