| ശരണ്യ എം ചാരു
Why I Rejected Congress Offer എന്നല്ല, എന്ത് കൊണ്ട് കോൺഗ്രസ് എന്നെ നിരന്തരം റിജക്റ്റ് ചെയ്തു എന്നായിരുന്നു വേണ്ടിയിരുന്നത്. രണ്ട് തവണകളിലായി കോൺഗ്രസുമായി പ്രശാന്ത് നടത്തിയ പ്രധാന ചർച്ചകൾ ഒക്കെയും പരാജയപ്പെടുകയും ഇത്തവണ കയ്യിലെത്തിയെന്ന് ഉറപ്പിച്ച ശേഷം കോൺഗ്രസിലേക്കുള്ള വാതിൽ അടയുകയും ചെയ്ത സ്ഥിതിക്ക് എന്ത് കൊണ്ട് കോൺഗ്രസ് എന്നെ നിരന്തരം റിജക്റ്റ് ചെയ്യുന്നു എന്ന് തന്നെയാണ് വേണ്ടത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമാണ് പ്രശാന്ത് കിഷോർ കോൺഗ്രസുമായി ആദ്യ കൂടി കാഴ്ച്ച നടത്തുന്നത്. അന്ന് അദ്ദേഹം കോൺഗ്രസിന് മുന്നിലേക്ക് വച്ച രണ്ട് പ്രധാന ആവശ്യങ്ങൾ “എ.ഐ.സി.സി ജനറൽ സെക്രട്ടറി പദവി, അഹമ്മദ് പദേലിന് കോൺഗ്രെസിൽ ഉണ്ടായിരുന്ന സ്ഥാനത്തിന് സമാനമായ സ്ഥാനം” എന്നിവയായിരുന്നു. രണ്ടും അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് മാത്രമല്ല. പ്രശാന്ത് കിഷോറിന്റെ ആദ്യ ചർച്ചയിലെ നിർദേശങ്ങൾ അംഗീകരിക്കാനും അവർ തയ്യാറായിരുന്നില്ല.
ഇത്തവണ പക്ഷെ കുറെ കൂടി പ്രതീക്ഷയിലായിരുന്നു കാര്യങ്ങൾ. ഒരാവശ്യവും മുന്നോട്ട് വയ്ക്കാതെയാണ് ഇത്തവണ പ്രശാന്ത് കോൺഗ്രെസിനെ രക്ഷിക്കാൻ മുന്നോട്ട് വന്നത്. അത് കൊണ്ട് കൂടിയാകാം ഇത്തവണ ഓപ്പറേഷൻ പ്രശാന്ത് കിഷോറിലെ നിർദേശങ്ങൾ കോൺഗ്രെസ് സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ വച്ച് വിശദമായി കേട്ടിരുന്നു. അതിനെ കുറിച്ച് പഠിക്കാൻ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, അംബികാ സോണി, മുഗുൾ വാസ്നിക്ക്, രൺദീപ് സിങ് സർജേവാല എന്നിവരങ്ങുന്ന ഒരു സമിതിയെ സോണിയ ഗാന്ധി നിയോഗിക്കുകയും ചെയ്തു. ആ സമിതിയോട് ഒരാഴ്ചയ്ക്കുള്ളിൽ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനും പറഞ്ഞിരുന്നു എന്നാണ് അറിവ്.
കപ്പിനും ചുണ്ടിനുമിടയിൽ വച്ച് പക്ഷെ അവസാന നിമിഷം പ്രശാന്തിന്റെ പ്രതീക്ഷകൾ കോൺഗ്രസ് നിരസിച്ചു. അതിന്റെ പ്രധാന കാരണം, ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിലുള്ള പ്രശാന്തിന്റെ ഇന്നലെകൾ തന്നെ ആയിരുന്നു താനും.
പുതിയൊരു തുടക്കത്തിലേക്ക് പ്രശാന്ത് ചുവട് വയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം എന്തായിരുന്നു എന്ന് കൂടി ചർച്ച ചെയ്യേണ്ടതുണ്ട്. 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിന് പ്രധാനകാരണക്കാരനായതോടെ ആയിരുന്നു പ്രശാന്ത് കിഷോർ എന്ന പേര് ഇന്ത്യൻ രാഷ്ട്രീയ നയതന്ത്രത്തിൽ ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത്. പിനീട് ഇങ്ങോട്ട് ഇന്ത്യയിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വ്യത്യസ്ത സ്ഥാനാർത്ഥികൾക്ക് പിന്നിൽ നിന്ന് രാഷ്ട്രീയ ചരടുവലികൾ നടത്തി പ്രശാന്ത് കിഷോർ. 2014 ൽ നരേന്ദ്രമോഡി സർക്കാർ ആദ്യമായി ഇന്ത്യയിൽ അധികാരത്തിലെത്തിയതോടെയാണ് രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ പ്രശാന്ത് കിഷോറിന്റെ പേര് കൂടുതൽ ഊട്ടിയുറപ്പിക്കപ്പെട്ടത്.
2015 ൽ ബീഹാറിൽ മഹാഗട്ബന്ധന്റെ അതായത് മഹാസഖ്യത്തിന്റെ വിജയത്തിന്റെ ഭാഗമാവുകയും, 2017 ൽ പഞ്ചാബിൽ അമരേന്ദർ സർക്കാരിന്റെ വിജയത്തിന് വേണ്ടി പിന്നിൽ നിന്ന് ചരട് വലിക്കുകയും ചെയ്തതോടെയാണ് പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് തന്ത്രജ്ഞ മേഖലയിൽ പകരക്കാരനില്ലാത്ത വ്യക്തിയായി മാറിയത്.
2019 ലാണ് ആന്ധ്രയിൽ ചന്ദ്രബാബു നായിഡു യുഗത്തിന് അന്ത്യം കുറിക്കപ്പെടുന്നത്. അന്ന് ജഗന്മോഹൻ റെഡ്ഢിയുടെ വിജയത്തിന് പിന്നിലും പ്രശാന്തിന്റെ ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങൾ ഉണ്ടായിരുന്നു. ഡൽഹിയിൽ ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ, തമിഴ്‌നാട്ടിൽ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ, പശ്ചിമബംഗാളിൽ മമദാ ബാനർജി തുടങ്ങിയ മുഖ്യമന്ത്രിമാരുടെയെല്ലാം തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ വളരെ കൃത്യമായി പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ സൂത്രധാരന്റെ നീക്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഓരോ തവണ പ്രശാന്തിന്റെ പക്ഷം വിജയിക്കുമ്പോഴും കൂടെ ഉണ്ടായിരുന്നത് വളരെ ശക്തനായ നേതാവായിരുന്നു എന്നത് പ്രത്യേകം ശ്രദ്ദിക്കപ്പെടേണ്ട വസ്തുതയാണ്.
അതായത്, ഇടത് ഭരണത്തിന് അവസാനം കുറിച്ച് കൊണ്ട് ത്രിപുരയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് പ്രശാന്ത് ബിജെപിക്ക് ഒപ്പമായിരുന്നില്ല. 2017 ൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാദിന്റെ സർക്കാർ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമ്പോഴും പ്രശാന്ത് അവർക്കൊപ്പമായിരുന്നില്ല, എതിർ സ്ഥാനാർത്ഥിക്ക് ഒപ്പമായിരുന്നു. 2019 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോഴും ആസ്സാം, ഗോവ, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോഴുമെല്ലാം പ്രശാന്തിന്റെ തന്ത്രങ്ങൾ മുഴുവനായും പരാജയപ്പെട്ടിരുന്നു.
ഈ തിരഞ്ഞെടുപ്പുകളിലെല്ലാം തന്നെ തോറ്റ് പോയ നേതാക്കളുടെ പക്ഷത്തായിരുന്നു പ്രശാന്ത് കിഷോർ. എന്ന് വച്ചാൽ പ്രശാന്തിന്റെ തന്ത്രങ്ങൾ വിജയിച്ചിരുന്നപ്പോഴെല്ലാം കൂടെ ശക്തനായ സ്ഥാനാർത്ഥി ഉണ്ടായിരുന്നു, പരാജയപ്പെട്ടപ്പോഴെല്ലാം കൂടെ ഉണ്ടായിരുന്നത് പൊതുവിൽ ദുർബലനായ സ്ഥാനാർത്ഥിയും. ഒരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ പ്രശസ്തനായ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ എല്ലാം ജയപരാജയങ്ങൾ നിറഞ്ഞതായിരുന്നു എന്ന് സാരം. ശക്തനായ, ജനപ്രിയനായ ഒരു നേതാവിനെ ജയിപ്പിക്കാൻ കാര്യമായ ഒന്നും ചെയ്യേണ്ടതില്ലെന്നും ദുർബലനായ ഒരു മനുഷ്യനെ ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മാറ്റി കൊണ്ട് തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുക എന്നതുമാണല്ലോ യഥാർത്ഥ വിഷയം. ആ നിലയ്ക്ക് പ്രശാന്ത് കിഷോർ എത്തരത്തിലുള്ള രാഷ്ട്രീയ തന്ത്രജ്ഞൻ ആണെന്ന് കോണ്ഗ്രസ് തിരിച്ചറിഞ്ഞു എന്ന് വേണം കരുതാൻ.
2019 ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പരാജയത്തിന്റെ കാരണം പഠിക്കാൻ കോണ്ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയ എ.കെ ആന്റണിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിദഗ്ധ സമിതി മുന്നോട്ട് വച്ച അതേ നിർദേശങ്ങൾ തന്നെ ആണ് ഇന്ത്യൻ നാഷണൽ കോണ്ഗ്രെസിനെ പുനഃരുജ്ജീവിപ്പിക്കാൻ പ്രശാന്ത് കിഷോറും മുന്നോട്ട് വച്ചിരിക്കുന്നതെന്ന് കോണ്ഗ്രസ് ദേശീയ നേതൃത്വം മനസ്സിലാക്കി എന്നത് മാത്രമാണ് പ്രശാന്തിനെ തഴയാനുള്ള കാരണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിനുമപ്പുറം, ഒരു പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ തന്ത്രങ്ങളുമുണ്ടെങ്കിൽ ഏത് പാർട്ടിക്കും, ഏത് നേതാവിനും എത്ര വലിയ തെരഞ്ഞെടുപ്പിനേയും എളുപ്പത്തിൽ ജയിക്കാമെന്ന അമിത പ്രതീക്ഷ ഒന്നും കോണ്ഗ്രെസിന് പ്രശാന്തിൽ ഇല്ലെന്ന് കരുതുന്നു.
അതൊക്കെ കൊണ്ട് പ്രശാന്തിനെ കോൺഗ്രസ് വേണ്ടെന്ന് വച്ചു. അല്ലാതെ പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ ഓഫറുകൾ റിജക്റ്റ് ചെയ്തതെന്ന തരത്തിലേക്ക് അതിനെ കൊണ്ട് പോകുന്നത് തന്നെ രാഷ്ട്രീയ തെറ്റാണന്നേ ഞാൻ പറയൂ



