...
Home News International ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കും

ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കും

കോപ് 28ൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായി ഒരുദിവസം മുഴുവൻ മാർപ്പാപ്പ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.

194

ദുബായ് ആതിഥ്യം വഹിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചക്കോടിയിൽ ആദ്യമായാണ് ഒരു മാർപ്പാപ്പ പങ്കെടുക്കുന്നത്. ഡിസംബർ ഒന്ന് മുതൽ മൂന്നുവരെ മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് മാർപ്പാപ്പ എത്തുന്നത്.

ഇറ്റലിയുടെ ഐടിഎ എയർവേസിന്റെ കാർബൺ ന്യൂട്രൽ വിമാനത്തിലാണ് ഫ്രാൻസിസ് മാർപാപ്പ എത്തുക. ഡിസംബർ ഒന്നിന് രാവിലെ എട്ടരയോടെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങുക. ഇറ്റാലിയൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ മാർപ്പാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നു ദിവസത്തെ സന്ദർശനത്തിനിടയിൽ ഉച്ചക്കോടിയിൽ മതനേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുന്ന ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനത്തിൽ അദ്ദേഹം പങ്കെടുക്കും. യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പവലിയൻ ഒരുക്കുന്നത്.

കോപ് 28ൽ പങ്കെടുക്കുന്ന ലോകനേതാക്കളുമായി ഒരുദിവസം മുഴുവൻ മാർപ്പാപ്പ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. 87-ാം ജന്മദിനത്തിന് രണ്ടാഴ്ച മുൻപാണ് ഈ യാത്ര. യുഎഇയിൽ ഇത് രണ്ടാംതവണയാണ് മാർപാപ്പ എത്തുന്നത്. 2019ൽ ആയിരുന്നു ആദ്യ സന്ദർശനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.