...
Home Entertainments ചില കഥാപാത്രങ്ങൾക്ക് വേണ്ടി എന്റേതായ ഭാഗത്ത് നിന്ന് തയ്യാറെടുപ്പുകൾ നടത്താറുണ്ട്: നിൽജ കെ ബേബി

ചില കഥാപാത്രങ്ങൾക്ക് വേണ്ടി എന്റേതായ ഭാഗത്ത് നിന്ന് തയ്യാറെടുപ്പുകൾ നടത്താറുണ്ട്: നിൽജ കെ ബേബി

ലോകം മുഴുവൻ മലയാള സിനിമകളെ പറ്റി സംസാരിക്കുന്നുണ്ട്. ലോക സിനിമയിൽ മികച്ച കണ്ടന്റുകൾ നൽകുന്നതിൽ മലയാള സിനിമയും ഉണ്ട് എന്നത് അത്രമാത്രം സന്തോഷമുള്ള കാര്യമാണ്.

471

അഭിമുഖം: നിൽജ കെ ബേബി/ ശ്യാം സോർബ

മലയാള സിനിമയിൽ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ യുവ അഭിനേത്രി ആണ് നിൽജ കെ ബേബി. കപ്പേള എന്ന തന്റെ ആദ്യ സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന നിൽജ പിന്നീട് മോഹൻകുമാർ ഫാൻസ്‌, സാറാസ്, ചുഴൽ, ഫ്രീഡം ഫൈറ്റ് , മകൾ, മലയൻകുഞ്, 1744 വൈറ്റ് ആൾട്ടോ, സൗദി വെള്ളയ്ക്ക, വേദ, ഫാമിലി, ഫീനിക്സ് ഉൾപ്പെടെ പത്തിലധികം മലയാള സിനിമകളുടെയും , വെബ് സീരീസുകളുടെ ഭാഗം ആയിട്ടുണ്ട് നിൽജ. ആർ ജെ എന്ന നിലയിൽ പ്രൊഫെഷൻ ആരംഭിച്ച നിൽജ ഇന്ന് മലയാള സിനിമയിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു കലാകാരിയാണ്.

?: വളരെ വ്യത്യസ്തമായ വേഷങ്ങൾ ആണ് നിൽജ മലയാള സിനിമയിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമാണ്. ഈ കഥാപാത്രങ്ങളെ എങ്ങനെ നോക്കി കാണുന്നു?

: ഒരു അഭിനേത്രി എന്ന നിലയിൽ നമുക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണല്ലോ എല്ലായ്പ്പോഴും ആഗ്രഹം. അത്തരത്തിൽ ഞാൻ എല്ലായ്പ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യം വ്യക്തിപരമായി ഞാനുമായി ഒട്ടും ബന്ധമില്ലാത്ത, മുൻപ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണം എന്ന തന്നെ ആണ്. ഭാഗ്യം കൊണ്ട് കൂടെ ആകാം ഇതുവരെ ചെയ്ത കഥാപത്രങ്ങൾ അത്രയും പരസ്പ്പരം ബന്ധമില്ലാത്ത തരത്തിൽ ആയിരുന്നു എന്നത് സന്തോഷമാണ്. പക്ഷെ ഇപ്പഴും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുക തന്നെയാണ്.

?: ഒരു പുതുമുഖ നടി എന്ന നിലയിൽ സിനിമ മേഖല താങ്കളെ വേണ്ടവിധം ഉപയോഗിക്കാറുണ്ട് എന്ന് തോന്നുന്നുണ്ടോ?

: ഉപയോഗിക്കുന്നുണ്ട് എന്ന് പൂർണ്ണമായും ഞാൻ വിശ്വസിക്കുന്നില്ല. അത് ഒരുപക്ഷെ നമ്മുടെ ഒരു പൊട്ടൻഷ്യൽ പൂർണ്ണമായും അവരിലേക്ക് എത്താത്തത് കൊണ്ടും ആവാം. ഒരുപക്ഷെ അതിനു കുറച്ചുകൂടെ സമയം എടുക്കുമായിരിക്കും. മലയാള സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മുന്നോട്ട് പോകണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം.

അപ്പോഴും തുടക്കക്കാരി എന്ന നിലയിൽ നമ്മുടെ ഒരു സ്ട്രെങ്ഗ്ലിങ് സമയത്തിൽ തന്നെ ആണ് ഇപ്പോൾ ഉള്ളത്, ഒരുപാട് സ്ക്രിപ്റ്റുകൾ ഒക്കെ തേടി വരുന്ന ഒരു സമയം ആയിട്ടില്ല. നമ്മുടെ ഒരു പൊട്ടൻഷ്യൽ ഒരുപക്ഷെ എല്ലാവരിലേക്കും എത്തി തുടങ്ങിയിട്ടുണ്ടാവില്ല. പയ്യെ തിന്നാൽ പനയും തിന്നാം എന്ന് പറയുന്നത് പോലെ ഒട്ടും വിഷമിക്കാതെ കാത്തിരിക്കാം എന്ന ചിന്തയിൽ തന്നെയാണ് ഞാൻ.

?: അഭിനയത്തിൽ പരിശീലനം, പ്രാക്ടീസ് എന്നീ ഘടകങ്ങളെ എങ്ങനെ നോക്കി കാണുന്നു?

: സ്കൂളിൽ പഠിക്കുന്ന സമയത്ത് ചെറിയ നാടകങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ അത്തരത്തിൽ വലിയ മുൻപരിചയം ഒന്നും ഇല്ലായിരുന്നു. പക്ഷെ മോണോആക്ട്, കഥാപ്രസംഗം പോലെയുള്ള പരിപാടികളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. അഭിനയത്തിൽ പരിശീലനം നേടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. നിലവിൽ ഒരുപാട് വർക്ഷോപ്പുകൾ നടക്കുന്നുണ്ട്. പക്ഷെ അങ്ങനെ ഏതെങ്കിലും ഒന്നിൽ പങ്കെടുക്കുക എന്നതിൽ ഉപരിയായി ഏറ്റവും നന്നായി അന്വേഷിച്ച് മികച്ച പരിശീലനം ഏറ്റവും കൃത്യമായി നടക്കുന്നവയിൽ പങ്കെടുക്കാൻ ആണ് ശ്രമിക്കേണ്ടത്.

അത്തരത്തിൽ കഴിഞ്ഞ വര്ഷം ഞാനൊരു മികച്ച വർക്ഷോപ്പിൽ പങ്കെടുത്തിരുന്നു. നമ്മുടെ കാഴ്ചപ്പാടിൽ ഉൾപ്പെടെ ഒരുപാട് വലിയ മുന്നേറ്റം അതിലൂടെ നേടാൻ സാധിച്ചിട്ടുണ്ട്. നമ്മുടെ ഒരു പൊട്ടൻഷ്യൽ നമുക്ക് തന്നെ മനസിലാക്കാനും അല്ലെങ്കിൽ നമ്മളെ നമുക്ക് തന്നെ ഒന്നുകൂടി മനസിലാക്കാനും ഒക്കെ സാധിച്ചു. ഇത്തരത്തിൽ ശാരീരികവും മാനസികവുമായ പരിശീലനങ്ങൾ ആവശ്യമാണ്.

?: ഒരുപക്ഷെ നിൽജ ചെയ്തതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപത്രമായി എനിക്ക് തോന്നുന്നത് ഫാമിലി എന്ന സിനിമയിലെ കഥാപത്രമാണ്. ആ കഥാപാത്രത്തിലേക്ക് ഉള്ള ഒരു യാത്ര എങ്ങനെ ആയിരുന്നു.

: ഫാമിലിയിലെ നീതു എന്ന കഥാപാത്രം എന്നിലേക്ക് എത്തുന്നത് സംവിധായകൻ ഡോൺ പാലത്തറ വഴി തന്നെയാണ്. ഞാൻ മുന്നേ അദ്ദേഹത്തിന്റെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം പോലെയുള്ള സിനിമകൾ കാണുകയും ഇഷ്ടപ്പെടുകയും അദ്ദേഹത്തിന് മെസ്സേജ് അയക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ ഫാമിലിയുടെ കാസ്റ്റിംഗ് നടക്കുമ്പോൾ എന്നെ വിളിക്കുകയും ഞാൻ നേരിട്ട് പോയി കാണുകയും ചെയ്തു.

അവിടുന്ന് കഥാപാത്രത്തെ പറ്റി വ്യക്തമായ ഒരു ചിത്രം പറഞ്ഞു തന്നു. പൊതുവെ അദ്ദേഹത്തിന്റെ കഥ പറയുന്ന രീതി തന്നെ വളരെ വ്യത്യസ്തമാണല്ലോ. മാത്രമല്ല അതിലെ ഓരോ കഥാപാത്രങ്ങളും അത്രയും ശക്തവും, സിനിമയുടെ വിഷയം വളരെ തീവ്രവുമാണ്. അതിലെ എന്റെ നീതു എന്ന കഥാപാത്രം ശരിക്കും ഒരു ഫൈറ്റർ ആണ്. ഒരുപാട് വിഷമങ്ങളും പ്രശ്നങ്ങളും ഉണ്ടായപ്പോഴും അതിനെ ഒക്കെ തരണം ചെയ്യാനുള്ള ഒരു മനോധൈര്യം ഉള്ള കുട്ടി ആണ് അതിലെ നീതു എനിക്ക് തോന്നിയിട്ടുമുണ്ട്. ആ ഒരു ഘടകം തന്നെ ആണ് എന്നെ നീതുവിലേക്ക് ആകർഷിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം.

?: ഒരു നടി എന്ന നിലയിൽ തന്റെതായ അഭിനയ ശൈലി സ്വീകരിക്കാറുണ്ടോ? അതോ സംവിധായകന്റെ ആഖ്യാന രീതി ആണോ സ്വീകരിക്കാറുള്ളത്.

ചില കഥാപാത്രങ്ങൾക്ക് വേണ്ടി എന്റേതായ ഭാഗത്ത് നിന്ന് തയ്യാറെടുപ്പുകൾ നടത്താറുണ്ട്. അതായത് ആ ഒരു കഥാപാത്രത്തിന്റെ ചരിത്രവും കഥകളും സ്വഭാവവും ഒക്കെ അന്വേഷിക്കാറുണ്ട്. സ്ക്രിപ്റ്റിൽ പറഞ്ഞിട്ടില്ലാത്ത, പക്ഷെ നമ്മൾ ആ കഥാപാത്രത്തെ മികച്ചതാക്കാൻ ഉള്ള അത്തരം കാര്യങ്ങൾ അന്വേഷിക്കാൻ എനിക്ക് ഇഷ്ട്ടമാണ്. ഉദാഹരണത്തിന് ഫാമിലിയിലെ നീതു എന്ന കഥാപാത്രത്തെ ചുറ്റി സ്വയം ചോദ്യങ്ങൾ ചോദിക്കുകയും ചിന്തിച്ചു ഉത്തരങ്ങൾ കണ്ടെത്താനും ശ്രമിക്കാറുണ്ട്. അപ്പോഴും സംവിധായകന്റെ തൃപ്തിയാണ് പ്രധാനം, അത് തന്നെ ആണ് ഏറ്റവും ഇഷ്ട്ടം. അഭിനയിക്കുന്നതിൽ സംവിധായകന്റെ ഒരു ഓക്കേ വരുന്നത് വരെ എത്ര തവണ അത് ചെയ്യാനും ഞാൻ ഓക്കേ ആണ്.

?: മലയാള സിനിമ മേഖല വളരെ സുരക്ഷിതം ആയ ഒരു തൊഴിലിടമായി തോന്നിയിട്ടുണ്ടോ?

: നിലവിൽ പന്ത്രണ്ടോളം സിനിമകൾ ഞാൻ ചെയ്തു. അതിൽ ഒരു ലൊക്കേഷനിലും ഒരു തരത്തിലുമുള്ള മോശം അനുഭവം ഉണ്ടായിട്ടില്ല. ഞാൻ വളരെ സുരക്ഷിതമായ സെറ്റുകളിൽ തന്നെ ആണ് വർക്ക് ചെയ്തിട്ടുള്ളത്. ഒരു കലാകാരി എന്ന നിലയിലുള്ള എല്ലാ ബഹുമാനവും ലഭിച്ചിട്ടുണ്ട്. എന്ന് കരുതി മലയാള സിനിമയിൽ മറ്റ് പലർക്കും ഉണ്ടായ അനുഭവം വെറുതെ ആണെന്ന് ഞാൻ പറയില്ല. പലതും ഞാൻ കേട്ടിട്ടുണ്ട്. തീർച്ചയായും പലരും സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവരുണ്ട്. അതൊരിക്കലും നമ്മൾ ചെറുതായി കാണരുത്. വ്യക്തിപരമായി എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നത് യാഥാർഥ്യമാണ്.

?: ഒരു പുതുമുഖം എന്ന നിലയിൽ മലയാള സിനിമ മേഖലയെ എങ്ങനെ നോക്കി കാണുന്നു

മലയാള സിനിമയുടെ ഭാഗം ആണ് എന്നത് വളരെ അഭിമാനകരമായ കാര്യമാണ്. നമ്മൾ കാണുന്നത് പോലെ 2024 തുടക്കം മുതൽ ഒരുപാട് നല്ല സിനിമകൾ ആണ് നമുക്ക് കിട്ടുന്നത്. ലോകം മുഴുവൻ മലയാള സിനിമകളെ പറ്റി സംസാരിക്കുന്നുണ്ട്. ലോക സിനിമയിൽ മികച്ച കണ്ടന്റുകൾ നൽകുന്നതിൽ മലയാള സിനിമയും ഉണ്ട് എന്നത് അത്രമാത്രം സന്തോഷമുള്ള കാര്യമാണ്. അത്തരത്തിൽ ഇനിയും സിനിമകൾ ഉണ്ടാകാനും അവയുടെ ഭാഗം ആകാനും ആഗ്രഹിക്കുന്നുമുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.