...
Home News National പുതിയ കോൺഗ്രസ് പ്രസിഡന്റ്; സീതാറാം കേസരിയെപ്പോലെ മോഹങ്ങൾ പാടില്ല, പ്രണബ് മുഖർജിയോളം കഴിവുമരുത്

പുതിയ കോൺഗ്രസ് പ്രസിഡന്റ്; സീതാറാം കേസരിയെപ്പോലെ മോഹങ്ങൾ പാടില്ല, പ്രണബ് മുഖർജിയോളം കഴിവുമരുത്

കുടുംബ വിധേയത്വം മാത്രമാണ് അളവുകോലെന്നിരിക്കെ, തരൂരിനെപ്പോലെയുള്ളവരെയൊന്നും പരിഗണിക്കുക പോലും ചെയ്യില്ല.

216

| എസ് സുധീപ്

കോൺഗ്രസിന് ഒരു അദ്ധ്യക്ഷനെ കണ്ടെത്താൻ കഴിയാതായിട്ട് മൂന്നരക്കൊല്ലമാകുന്നു.
ഡിസ്കവറി ഓഫ് ഇന്ത്യ എഴുതിയ നെഹ്റുവിന്റെ കക്ഷിയാണ് ഡിസ്കവറി ഓഫ് പ്രസിഡന്റ് എന്ന പ്രക്രിയയുമായി വിലപ്പെട്ട സമയമത്രയും പാഴാക്കിയതെന്ന് ഓർക്കണം.

രാഹുൽ തന്നെ അദ്ധ്യക്ഷനാകണമെന്നു ചിലർക്കു ഭയങ്കര വാശിയാണ്. രാഹുലിനെ സ്വന്തം നേട്ടങ്ങൾക്കു മാത്രമായി ഉപയോഗപ്പെടുത്തണമെന്ന ഉപജാപകവൃന്ദത്തിന്റെ വ്യക്തിതാല്പര്യങ്ങൾ മാത്രമാണതിനു പിന്നിൽ.

രാഹുലിന് രാഷ്ട്രീയമെന്നത് വെറുമൊരു ടൈം പാസ്/നേരമ്പോക്കു മാത്രമാണ്. എപ്പോഴൊക്കെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും നേതൃത്വവും ആവശ്യമായിരുന്നോ അപ്പോഴെല്ലാം ഏറെ ദുരൂഹമായ രീതിയിൽ വളരെക്കാലം വിദേശത്തു മാറിനിൽക്കാനാണ് അദ്ദേഹം നിരന്തരം താല്പര്യപ്പെട്ടത്. അതിന് അന്നുമിന്നും യാതൊരു മാറ്റവുമുണ്ടായിട്ടില്ല.

ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ മത്സരിച്ചതു മുതൽ മനീഷ് സിസോദിയക്കെതിരായ കേന്ദ്ര സർക്കാർ നടപടികളെ സ്വാഗതം ചെയ്തതു വരെ പരിശോധിച്ചാൽ രാഹുലിന്റെ രാഷ്ട്രീയ പക്വതക്കുറവ് അതേപടി തുടരുന്നതായി കാണാം. അത് ബിജെപിയെ സഹായിക്കുന്നു.

ഭാരത് ജോഡോ യാത്രയെ പോലും അദ്ദേഹമൊരു മികച്ച രാഷ്ട്രീയ അവസരമായി കാണുമെന്നു കരുതാൻ ന്യായമില്ല. മറിച്ച് ഒരു വിനോദയാത്രയായി അതു പരിണമിക്കുമെന്നും ഭക്ഷണത്തിന്റെ രുചിഭേദങ്ങളറിയാനുള്ള ഒരവസരം മാത്രമായി അതു ചുരുങ്ങുമെന്നും അദ്ദേഹത്തിന്റെ മുൻകാല പ്രവൃത്തികളെച്ചൊല്ലി ജനം ആശങ്കപ്പെട്ടാൽ അത് അസ്ഥാനത്താകുമെന്നു കരുതുക വയ്യ.

അടുത്തത് ഇന്ദിരയുടെ രൂപവും മൂക്കുമുണ്ടെന്ന് കോൺഗ്രസ് അനുകൂല മാദ്ധ്യമങ്ങൾ പറയുന്ന പ്രിയങ്ക വാദ്രയാണ്. യുപിയിൽ വിവാദങ്ങളും തെരഞ്ഞെടുപ്പും ഉണ്ടാകുമ്പോൾ മാത്രം എസ് യു വിയിൽ കയറി ക്യാമറകൾക്കൊപ്പം യാത്ര ചെയ്യുന്ന വാദ്ര.

വാദ്രയ്ക്ക് യുപി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നും യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടും സീറ്റുമാണ് പാർട്ടിക്കു നേടിക്കൊടുക്കാനായത്! ആ ഒരു ലോക്സഭാ സീറ്റ് സോണിയയുടേതാണ് എന്നുമോർക്കണം. പ്രിയങ്കയുടെ ഇന്ദിരാ ഗാന്ധിയൻ മൂക്കിൻ തുമ്പിന് ഇന്ത്യൻ രാഷ്ട്രീയത്തെ ഒരു തരത്തിലും ചലിപ്പിക്കാൻ കഴിഞ്ഞിട്ടേയില്ല.

ശേഷിക്കുന്നത് ഇടക്കാല അദ്ധ്യക്ഷയായ സോണിയ. അനാരോഗ്യം വല്ലാതെ വലയ്ക്കുന്ന സോണിയയെ വെറുതെ വിടുക. അടുത്ത അദ്ധ്യക്ഷൻ കുടുംബത്തിനു പുറത്തു നിന്നാണെങ്കിൽ അതാരാവണമെന്ന് രാജീവ്-വാദ്ര കുടുംബം തന്നെ തീരുമാനിക്കും. കുടുംബത്തോടുള്ള പരിപൂർണ്ണ വിധേയത്വം മാത്രമാണ് മാനദണ്ഡം.

ഭാവിയിലൊരിക്കലും സ്വന്തം വ്യക്തിത്വത്തെക്കുറിച്ചു ബോധവാനാകരുത്. രാഹുൽ പാർലമന്റിനകത്ത് സ്വന്തം സർക്കാരിന്റെ ബിൽ വലിച്ചു കീറിയെറിഞ്ഞാലും യെസ് സർ/മാഡം എന്നു വിനീത വിധേയനായ വെറും പാവയായി നിൽക്കണം. മൻമോഹനെയും ആന്റണിയെയും പോലെ. സീതാറാം കേസരിയെപ്പോലെ മോഹങ്ങൾ പാടില്ല. പ്രണബ് മുഖർജിയോളം കഴിവുമരുത്.

രണ്ടു പേരുകളാണ് കുടുംബത്തിന്റെ മുമ്പിൽ പ്രധാനമായുള്ളത്. കമൽനാഥും അശോക് ഗെലോട്ടും. ആരാണീ കമൽനാഥ്? അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യൻ ഭരണം നിയന്ത്രിച്ച സഞ്ജയ് എന്ന മനുഷ്യത്വരഹിതനായ തെമ്മാടിയുടെ ഉപജാപകവൃന്ദത്തിലെ പ്രധാനി.

കമൽനാഥും രാജീവ്-വാദ്ര കുടുംബവും ചേർന്നാണ് 2017-ൽ കോൺഗ്രസിനു കിട്ടിയ മദ്ധ്യപ്രദേശ് ഭരണം ബിജെപിക്കു നൽകിയത്. ഒരാൾക്ക് ഒരു പദവി എന്ന ന്യായത്തിനു വിരുദ്ധമായി കമൽനാഥ് മുഖ്യമന്ത്രി-പിസിസി അദ്ധ്യക്ഷ പദവികൾ കൈവശം വച്ചു. പിസിസി അദ്ധ്യക്ഷ പദം ആവശ്യപ്പെട്ട സിന്ധ്യക്ക് സൂചി കുത്താനിടം നൽകില്ലെന്ന് കമൽനാഥും രാജീവ്-വാദ്ര കുടുംബവും തീർത്തു പറഞ്ഞു.

ഒന്നോ രണ്ടോ എംഎൽമാരുടെ മാത്രം ഭൂരിപക്ഷത്തിൽ കമൽനാഥ് ഭരിക്കുമ്പോഴാണ് ഇതെന്നു കൂടി ഓർക്കണം! സ്വാഭാവികമായും സിന്ധ്യയും അനുയായികളും കോൺഗ്രസ് വിട്ടു. കോൺഗ്രസിനു ഭരണവും നഷ്ടപ്പെട്ടു. തുടർന്നും രണ്ടു വർഷം കമൽനാഥ് ഇരട്ടപ്പദവികൾ വഹിച്ചു. ഒരേ സമയം പിസിസി അദ്ധ്യക്ഷനായും പ്രതിപക്ഷ നേതാവായും തുടർന്നു.

മദ്ധ്യപ്രദേശ് ഭരണത്തെക്കാൾ രാജീവ്-വാദ്ര കുടുംബത്തിനു വലുത് കുടുംബത്തോടുള്ള വിധേയത്വം തന്നെയാണ്. കമൽനാഥിന് പാർട്ടിയെ ഒരുമിപ്പിച്ചു നിർത്തുന്നതിനെക്കാൾ വലുത് തന്റെ അപ്രമാദിത്വം മാത്രമാണ്.

രണ്ടാമത്തെയാൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗ്രൂപ്പ് വഴക്കിൽ മുങ്ങി നിൽക്കുന്നവയാണ് രാജസ്ഥാനിലെ കോൺഗ്രസ്, ബിജെപി സംസ്ഥാന ഘടകങ്ങൾ. ബിജെപി കേന്ദ്ര നേതൃത്വത്തിന് ബിജെപിയുടെ രാജസ്ഥാൻ നേതാവായ വസുന്ധര രാജെ സിന്ധ്യയെ താല്പര്യമില്ലാത്തതു കൊണ്ടുകൂടിയാവാം ഗലോട്ടിന്റെ ഭരണത്തെ ബിജെപി അട്ടിമറിക്കാത്തത്.

പക്ഷേ രാജസ്ഥാനിലെ നാലാം രാജ്യസഭാ സീറ്റ് പിടിച്ചെടുക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇക്കഴിഞ്ഞ ജൂണിൽ ആവുന്നതു നോക്കിയിട്ടും ഗെലോട്ടിനു മുന്നിൽ തോറ്റുപോയി. ആ ഗെലോട്ട് രാജസ്ഥാൻ രാഷ്ട്രീയത്തിലെ നിസാരനൊന്നുമല്ല. ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള തഴക്കം ചെന്ന നേതാവാണ് അദ്ദേഹം. ഒപ്പം രാജീവ്-വാദ്ര കുടുംബത്തിന് പൂർണ്ണ വിധേയനും. കുടുംബ വിധേയത്വം മാത്രമാണ് അളവുകോലെന്നിരിക്കെ, തരൂരിനെപ്പോലെയുള്ളവരെയൊന്നും പരിഗണിക്കുക പോലും ചെയ്യില്ല.

കമൽനാഥിനെക്കാളും കെ സി വേണുഗോപാലിനെക്കാളും ഭേദം ഗെലോട്ട് ആയിരിക്കുമെന്നു നിങ്ങൾ കരുതിയേക്കാം. പക്ഷേ സ്വയം തെളിയിക്കാനുള്ള ഒരവസരവും ഗെലോട്ടിനു കിട്ടുമെന്നു നിങ്ങൾ കരുതരുത്. രാജീവ്-വാദ്ര കുടുംബത്തിന്റെ ലക്ഷ്യം പിൻസീറ്റ് ഡ്രൈവിംഗ് മാത്രമാണ്. സ്വന്തമായി തീരുമാനങ്ങളെടുത്താൽ ഗെലോട്ടിനെ കാത്തിരിക്കുന്നത് സീതാറാം കേസരിയുടെയും നരസിംഹ റാവുവിന്റെയും അവസ്ഥ തന്നെയാണ്. രാജീവ്-വാദ്ര കുടുംബം അവരെ ചവറ്റുകുട്ടയിലെറിയും. കുടുംബത്തിന്റെ തീരുമാനങ്ങൾക്കു പൂർണ്ണ വിധേയനായാൽ ഗെലോട്ടിനെയും പാർട്ടിയെയും ജനം ചവറ്റുകുട്ടയിലിടും.

രണ്ടിൽ ഏതു സംഭവിച്ചാലും ഗെലോട്ടിനെ കാത്തിരിക്കുന്നത് 2024 പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയാണ്. സംഘപരിവാർ ആളിനാലും അർത്ഥത്താലും അടക്കിവാഴുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ, മൂന്നര വർഷം കോൺഗ്രസ് വെറുതെ പാഴാക്കിയ ശേഷം തുടർന്നു വരുന്ന ഒന്നര വർഷം കൊണ്ട് ഒരത്ഭുതവും സൃഷ്ടിക്കാൻ ഗെലോട്ടിനെന്നല്ല കോൺഗ്രസിൽ ആർക്കും കഴിയില്ല.

അത് രാജീവ്-വാദ്ര കുടുംബത്തിനുമറിയാം. അവർക്കു വേണ്ടത് 2024-ലെ തോൽവിക്കു ബലിയാടാക്കാൻ പാകത്തിന് ഒരു പാവ അദ്ധ്യക്ഷനെയാണ്. എന്നിട്ട് കുടുംബത്തിനു പുറത്തൊരാൾക്ക് കോൺഗ്രസിനെ നയിക്കാൻ കഴിയില്ലെന്ന (അ)ന്യായം പറഞ്ഞ് 2024-ലെ തോൽവിക്കു ശേഷം രാജീവ്-വാദ്ര കുടുംബത്തിന് അദ്ധ്യക്ഷ പദവിയിൽ തിരിച്ചെത്തണം.

ഗെലോട്ടിനും ഇതറിയാം. തന്റെ മുഖ്യമന്ത്രി പദം നഷ്ടമാകുമെന്നും ചവറ്റുകുട്ടയിലേയ്ക്കുള്ള വഴിയാണ് അദ്ധ്യക്ഷ പദമെന്നുമുള്ള തിരിച്ചറിവ് ഗെലോട്ടിനുണ്ട്. അതുകൊണ്ടാണദ്ദേഹം ഒഴിയാൻ ശ്രമിക്കുന്നത്.
നമ്പർ ടെൺ ജൻപഥിലെ പട്ടിയായി ജീവിതകാലം മുഴുവൻ വാലാട്ടി നിൽക്കുന്നതിനെക്കാൾ അന്തസാണ് ഒരു ദിവസമെങ്കിൽ ഒരു ദിവസം രാജസ്ഥാൻ വനത്തിലെ സിംഹമായി കഴിയുന്നത്. ഗെലോട്ട് അല്ലെങ്കിൽ മറ്റൊരു ലോട്ടിനു ലോട്ട് വീണെന്നിരിക്കും. രാജീവ്-വാദ്ര കുടുംബം പിൻസീറ്റ് ഡ്രൈവിംഗ് തുടരുന്നിടത്തോളം കാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.