| എം സുകുമാരൻ ലാൽ
എന്നും ഈ വൈദികരും അവരുടെ ഇടയന്മാരും ഇങ്ങനെയായിരുന്നു. ന്യൂനപക്ഷത്തിന്റെ പേരുപറയാതെ അതേ പക്ഷത്തിന്റെ പേരിൽ എല്ലാം നേടിയെടുക്കുവാൻ പ്രത്യേക മിടുക്കായിരുന്നു എന്നും അവർക്ക്.
സഭയുടെ കൊടും കൂട്ടിൽ വളർത്തിയ കുഞ്ഞാടുകൾ എന്നും ഇവർക്ക് വിധേയന്മാരായിരുന്നു.
എതിർത്തവരെ ഒരു കലാപത്തിനും ഇടയില്ലാതെ ഒറ്റപ്പെടുത്തി തിരസ്കരിക്കുവാനും ഇവർക്കെന്നും കഴിഞ്ഞു. ആഗോളക്രൈസ്തവർ എന്ന പേരിൽ അവരെന്നും ഒറ്റക്കെട്ടായി സർക്കാരിനോട് വിലപേശി ജയിച്ചു നിന്നു വീഞ്ഞ് നുരഞ്ഞു. അവരുടെ സഭകൾ തമ്മിലടിയ്ക്കുമ്പോൾ കോടതിയെയും സർക്കാരിനെയും ഭീഷണിയുടെയും സ്വാധീനത്തിന്റെയും വ്യത്യസ്തളോഹകൾ കൊണ്ടു പ്രതിരോധിക്കാനും ഇടപെടൽ ഒഴിവാക്കുവാനും അവർക്ക് കഴിഞ്ഞു.
ഭൂരിപക്ഷവർഗീയതയുടെ ഏറ്റവും ഭീതിദമായ കാലത്തും അവരുടെ അരമനകൾ ഹിന്ദുതീവ്രവാദികൾക്ക് വേണ്ടി പരവതാനി വിരിച്ചിട്ടു. ശൂലം കയറിപ്പോയ ഭ്രൂണത്തിന്റെ ഓർമയിൽ ഇന്ത്യൻ മുസ്ലിം മതേതരപ്രസ്ഥാനങ്ങൾക്കൊപ്പം ചേരുമ്പോൾ ഓരോ സഭയും തങ്ങളുടെ പക്ഷം അവസരം നോക്കി മാത്രം നിശ്ചയിച്ച് കൃത്യമായി ഇടയലേഖനങ്ങളിറക്കി ജയിച്ചു നിന്നു. ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിൻസ് പലവട്ടം അരമനകളിലെ ആർ എസ്സ് എസ്സ് കുശലാന്വേഷണ തീന്മേശകളിൽ വീണ്ടും ചുട്ടെടുക്കപ്പെട്ടു.
കേരളത്തിൽ പൊതുധാരയിൽ നിന്നും മാറി അവരെടുക്കുന്ന നിലപാടുകൾ മാത്രം ശരിയെന്ന വാശിയെ പ്രതിരോധിച്ചവരോട് മലയോരവും കടലോരവും ചൂണ്ടിക്കാട്ടി ഇക്കൂട്ടർ കണക്കുപറഞ്ഞു ജയിച്ചു. സിസ്റ്റർ അഭയയെപ്പോലെ എതിർശബ്ദം സഭയിൽ ചുണ്ടനക്കമായെങ്കിലും പുറപ്പെടുവിച്ചവർക്കു അന്ത്യകൂദാശനൽകാനും അല്പം പോലും മടികാണിക്കാതെ പോയവർ. എന്നിട്ടും വെള്ളയുടുപ്പിട്ടവർ കേരളത്തിന്റെ സൗമ്യതയായി. ചെന്നായയാകേണ്ടവർ കുഞ്ഞാടും ഇടയന്മാരുമായി.
ഇന്ന് വിഴിഞ്ഞത്തും ഒരുവട്ടം കൂടി ളോഹയിട്ട തെമ്മാടിത്തം നാടിനെയും സർക്കാരിനെയും കോടതിയെയും നിന്നനിൽപ്പിൽ സാമാന്തരമായി വെല്ലുവിളിച്ചു കൊണ്ടിരിക്കുന്നു. വൈദികരെ പോലും തല്ലിയെന്നു വിളിച്ചു പറയുന്ന ഫാ. തിയൊഡോഷ്യസിനെപ്പോലുള്ളവർ പറയുന്നത് എന്തു ഗുണ്ടായിസം കാണിച്ചാലും വൈദികരെ തൊട്ടേക്കരുത് എന്നു തന്നെയാണ്.
ഏതു അക്രമസമരവും നാശനഷ്ടങ്ങളും പോലെ ഈ വൈദികതെമ്മാടികളെയും ചേർത്ത് കേസെടുക്കുന്നതിനോടൊപ്പം യുജിൻ പെരേര എന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ചെലവിൽ ചർച്ചക്ക് വരുന്ന ഗുണ്ടാത്തലവനെ ഇന്നത്തെ സാഹചര്യത്തിൽ പറ്റില്ലെങ്കിൽ അർഹിക്കുന്ന അവജ്ഞയോടെ വൈകാതെ കസ്റ്റഡിയിലെടുക്കണം.



