| സുധീർ
ചന്ദ്രിക ആഴ്ചപ്പതിപ്പ് അച്ചടി നിലച്ചിട്ട് കുറച്ചു കാലമായി.ശേഷം ഡിജിറ്റൽ മാഗസിൻ ആണ് ഇറങ്ങിയിരുന്നത്. ഇപ്പോൾ അതും നിർത്താൻ പോകുകയാണ് എന്ന് കേൾക്കുന്നു. ഇതുപോലെ മലയാളത്തിലെ മറ്റു അച്ചടിവാരികകൾക്കും ഈ ഗതി വരുന്നതായാണ് മനസ്സിലാവുന്നത്.മലയാളികളുടെ ജീവിതത്തെ ഏറ്റവും കുറഞ്ഞത് 50 വർഷം പുറകിലേക്ക് നടത്തിക്കുന്നതിൽ ഈ അച്ചടിമാധ്യമങ്ങൾ കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. മാതൃഭൂമി വാരിക ആണ് അതിലെ കാരണവർ.
ഇതൊക്കെ അല്ലെങ്കിലും ആരാ വായിക്കുന്നത് എന്നൊരു സംശയം പലർക്കും തോന്നിയേക്കാം. കേരളത്തിലെ ഏത് സർക്കാരുകളിലും നയരൂപീകരണങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള സാംസ്ക്കാരിക സാഹിത്യ അക്കാദമിക്ക് വ്യക്തികൾക്ക് ഇത്തരം വാരികകളിൽ നിന്ന് ലഭിക്കുന്ന പരിഗണന വലുതാണ്. അശാസ്ത്രീയ വാദങ്ങൾ ഇവരാദ്യം എഴുതിപരിശീലിക്കുന്നത് ഈ വാരിക- മാസികകളിൽ കൂടിയാണ്.
ഇവരെ വായിക്കുന്ന ജനങ്ങൾക്കും ഈ അശാസ്ത്രീയ വീക്ഷണങ്ങൾ ശരിയാണെന്നു തോന്നും. കെ റെയിൽ ജനങ്ങൾക്ക് വേണ്ടുന്ന പ്രധാനമായ ഒരു യാത്രാസംവിധാനം ആണെന്നിരിക്കെ സയന്റിഫിക്കായി ഇതിനെക്കുറിച്ച് ധാരണയില്ലാത്ത ഈ എഴുത്തുകാർ ആദ്യം അവരുടെ മണ്ടത്തരങ്ങൾ എഴുതിവിടുക ഈ അച്ചടിമാധ്യമങ്ങളിൽ ആണ്. അതിന്റെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കുന്ന ആളുകളുടെ മറുപടികൾ ഇന്നേവരെ ഇത്തരം അച്ചടിമാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചരിത്രം ഇല്ല.
സോഷ്യൽ മീഡിയ മാത്രമാണ് അവർക്കാശ്രയം. സോഷ്യൽമീഡിയയിൽ പ്രവേശിക്കാത്ത ഒരു വലിയ വിഭാഗം അച്ചടിവായനക്കാർക്ക് ഈ മുറിവൈദ്യന്മാരുടെ അശാസ്ത്രീയത നിറഞ്ഞ വാദങ്ങൾ ശരിയാണെന്നും തോന്നും.
സൈലന്റ് വാലി മുതൽ ഇപ്പോൾ കെ റെയിൽ വരെ ജനങ്ങൾക്ക് വേണ്ടുന്ന പദ്ധതികളെ ഇല്ലായ്മ ചെയ്യാൻ മാത്രമാണ് കേരളത്തിലെ അച്ചടിമാധ്യമങ്ങൾ ശ്രമിച്ചു പോന്നിട്ടുള്ളതും പോരുന്നതും. അതിലെ ഒരു പടുമരം ആണ് ഇപ്പോൾ വീഴുന്നത്.ചന്ദ്രിക. ഇനി ഓരോന്നോരോന്നായി നിലം പതിക്കും. കടൽക്കിഴവന്മാരുടെ യുഗം അവസാനിക്കാൻ പോകുകയാണ്.



