...
Home News Kerala ‘രാഹുൽ ഗാന്ധിയുടെ രൂപാന്തര പ്രാപ്തി’ എന്നാണത്രെ ട്രൂകോപ്പിയുടെ തലക്കെട്ട്

‘രാഹുൽ ഗാന്ധിയുടെ രൂപാന്തര പ്രാപ്തി’ എന്നാണത്രെ ട്രൂകോപ്പിയുടെ തലക്കെട്ട്

സെപ്റ്റംബറിൽ 'കേരളം കഴിഞ്ഞാൽ എങ്ങോട്ടാണീ നടത്തം' എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ എഴുതിയവർക്കു തന്നെ നാലുമസം കഴിയുമ്പോൾ രൂപാന്തരം പ്രാപിച്ചതു ചെറിയ കാര്യമല്ല.

216

| ഹരിമോഹൻ

‘രാഹുൽ ഗാന്ധിയുടെ രൂപാന്തര പ്രാപ്തി’ എന്നാണത്രെ ട്രൂകോപ്പിയുടെ തലക്കെട്ട്. അല്ലെങ്കിൽ അങ്ങനെയാണ് ഇതിനെ അവർ വിശേഷിപ്പിക്കുന്നത്. രൂപാന്തര പ്രാപ്തിയുണ്ട്. അതുപക്ഷെ രാഹുൽ ഗാന്ധിക്കല്ല, അയാളെ നോക്കിയിരുന്നവർക്കാണ്. അയാളോടുള്ള കാഴ്ചകളിലും കാഴ്ചപ്പാടുകളിലുമാണു രൂപാന്തര പ്രാപ്തി സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ ‘കേരളം കഴിഞ്ഞാൽ എങ്ങോട്ടാണീ നടത്തം’ എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ എഴുതിയവർക്കു തന്നെ നാലുമസം കഴിയുമ്പോൾ രൂപാന്തരം പ്രാപിച്ചതു ചെറിയ കാര്യമല്ല.

കണ്ടെയ്നറിൽ തുടങ്ങിയ ഒരു ചർച്ചയെയാണ് അയാൾ സ്നേഹത്തിന്റെ ഭാഷയിലേക്ക് ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. രോഹിത് വെമുലയ്ക്കു വേണ്ടി ഹൈദരാബാദിൽ ഓടിയെത്തിയ, ഹത്രാസ് കാലത്ത് യു.പി പോലീസിന്റെ ബാരിക്കേഡുകൾ മറികടന്ന, ലഖിംപുര്‍ഖേരിയിൽ ചേർത്തുപിടിക്കാനെത്തിയ രാഹുൽ ഗാന്ധിയെ അവർ കണ്ടിരുന്നില്ല.

വലിയ തോൽവികളിൽ അസ്വസ്ഥപ്പെട്ടു മുറിയടച്ചിരുന്ന, തിരക്കുകൾ അധികമാവുമ്പോൾ വിദേശത്തേക്കു പറന്നിരുന്ന രാഹുൽ ഗാന്ധിയെ മാത്രം കണ്ടിരുന്ന കണ്ണാടികളിൽ രാഷ്ട്രീയ വിമർശനം നടത്തിയവരാണിവർ. അത് ട്രൂകോപ്പിയിൽ തുടങ്ങി അതിൽത്തന്നെ അവസാനിക്കുന്നതല്ല. ഇന്നാ കാഴ്ചകൾ മാറിയിരിക്കുന്നു, കാഴ്ചപ്പാടുകളിൽ മാറ്റം വന്നിരിക്കുന്നു.

ഇന്നയാൾ നൂറുദിവസത്തിനപ്പുറമായി ഒരു രാജ്യത്തിന്റെ വൈവിധ്യങ്ങളിൽക്കൂടി നടക്കുകയാണെന്ന യാഥാർഥ്യത്തിൽ അവർ ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. കണ്ടെയ്നറിൽ തളച്ചിടാൻ തക്ക കരുത്തു മാത്രമുള്ള നടത്തല്ല ആ മനുഷ്യൻ നടക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞുകഴിഞ്ഞു. തീർത്തും പ്രതികൂലമായ സാഹചര്യങ്ങളിൽ, കാലാവസ്ഥകളിൽ, കാൽമുട്ടിന്റെ വേദനയിൽപ്പോലും ഓടിക്കൂടുന്ന മനുഷ്യരെ നിരാശരാക്കാതെ രാഹുൽ നടക്കുന്നു.

ഒഴിവാക്കി നിർത്താൻ കഴിയാത്തത്ര വിശാലമായ ലോകത്തേക്ക് അയാൾ വളർന്നിരിക്കുന്നു. ഒഴിവാക്കി നിർത്തിയവർക്കുപോലും അയാളുടെ സ്നേഹത്തിന്റെ സാധ്യതകൾ ഉപയോഗിക്കേണ്ടി വന്നിരിക്കുന്നു. അതെ. അയാൾ വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പീടിക തുറന്നിരിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.