...
Home Entertainments യോഗി ധരിച്ച വേഷവും കാല് പിടിച്ച രജനീകാന്തും

യോഗി ധരിച്ച വേഷവും കാല് പിടിച്ച രജനീകാന്തും

ദ്രാവിഡ രാഷ്ട്രീയത്തിലിറങ്ങിയിരുന്നെങ്കിൽ ഏത് വിധേനയും എം.ജി.ആറിന് ശേഷം തമിഴ് ജനത നെഞ്ചിലേറ്റുമായിരുന്ന നേതാവാകുമായിരുന്നെങ്കിലും രജനി അതിന് തയ്യാറാവാതിരുന്നത് അദ്ദേഹത്തിന് രാട്രീയത്തോട് താല്പര്യമില്ലാത്തത് കൊണ്ടാകാൻ തീരെ സാധ്യതയില്ല

256

| ശ്രീകാന്ത് പികെ

തമിഴ് സിനിമയിൽ നായിക കഥാ പാത്രങ്ങൾക്ക് പൊതു സൗന്ദര്യ സങ്കൽപ്പത്തിന് ഉതകുന്ന വെളുത്ത, ഫിറ്റ്നെസ് സൂക്ഷിക്കുന്ന ശരീരമുള്ള സ്ത്രീകളെയാണ് എല്ലാ കാലത്തും ഉപയോഗിച്ചതെങ്കിലും, തമിഴ് സിനിമകളിൽ വിജയിച്ച നായകന്മാർ എന്നും ഒരു പക്കാ തമിഴ് ശരീരമുള്ളവർ തന്നെയായിരുന്നു.

നായികാ കഥാ പാത്രങ്ങളായി ഓരോ കാലഘട്ടത്തിലും കേരളത്തിൽ നിന്നടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അനേകം ‘സുന്ദരികൾ’ തമിഴ് സിനിമയിലേക്ക് ചേക്കേറുകയും വിജയ്ക്കുകയും ചെയ്തു. തമിഴ് ദ്രാവിഡ സ്ത്രീ ശരീരത്തോടും മുഖത്തോടും യാതൊരു സാമ്യവുമില്ലാത്ത തീർത്തും ഉത്തരേന്ത്യൻ മുഖവും ശരീരവുമുള്ള നായികമാർ മുതൽ വിദേശിയായ നായിക വരെ. അപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ് സിനിമയിലേക്ക് ചേക്കേറിയ നായകന്മാരിൽ തമിഴ് ശരീരത്തിന് അപരിചിതമായ ഒരു നായകനേയും അവര് വാഴിച്ചിട്ടില്ല.

നായകനായി അവർക്ക് തങ്ങളിൽ ഒരുവനെ തന്നെ വേണമായിരുന്നു. കാഴ്ചയിൽ ഒരു തനി ലോക്കലായ രജനീ കാന്തിനെ ഹൃദയം കൊണ്ട് തമിഴർ സ്വീകരിക്കാനുള്ള ഒരു കാരണവും ചിലപ്പോൾ അതാവണം. കർണാടകയിൽ ജനിച്ച മറാത്ത ഗെയ്ക്വാദ് കുടുംബത്തിലെ ശിവാജി റാവു ഗെയ്ക്വാദിനെ തമിഴരുടെ സ്വന്തം രജനി കാന്ത്‌ ആക്കി തീർത്തതിൽ ആ ശരീരത്തിനും മുഖത്തിനും വലിയ പങ്കുണ്ടെന്നാണ് കരുതുന്നത്.

എന്നാൽ ‘ പച്ചൈ തമിഴൻ ‘ കഥാ പാത്രങ്ങൾ ചെയ്യുമ്പോഴും രജനീ കാന്ത്‌ ഒരു കാലത്തും തമിഴ് ദ്രാവിഡ സംസ്കാരത്തേയോ, സാമൂഹിക വികാരത്തെയോ മനസു കൊണ്ട് സ്വീകരിച്ചിട്ടില്ല. ദ്രാവിഡ രാഷ്ട്രീയത്തിലിറങ്ങിയിരുന്നെങ്കിൽ ഏത് വിധേനയും എം.ജി.ആറിന് ശേഷം തമിഴ് ജനത നെഞ്ചിലേറ്റുമായിരുന്ന നേതാവാകുമായിരുന്നെങ്കിലും രജനി അതിന് തയ്യാറാവാതിരുന്നത് അദ്ദേഹത്തിന് രാട്രീയത്തോട് താല്പര്യമില്ലാത്തത് കൊണ്ടാകാൻ തീരെ സാധ്യതയില്ല, ദ്രാവിഡ രാഷ്ട്രീയം രജനിയുടെ ഐഡിയോളജി അല്ല എന്ന കാരണമാവാനെ വഴിയുള്ളൂ.

തമിഴ് നാട് മുഖ്യൻ എം.കെ സ്റ്റാലിനും രജനി കാന്തും രണ്ട് വയസിന്റെ വ്യത്യാസമേയുള്ളൂ, സ്വന്തം മുഖ്യമന്ത്രിയായ സ്റ്റാലിന്റെ കാൽ രാജനി ഒരിക്കലും തൊട്ട് വണങ്ങില്ല, കരുണാനിധിയുടെ തന്നെ കാൽ തൊട്ട് വണങ്ങിക്കാണുമെന്ന് തോന്നുന്നില്ല.

കേരളത്തിലെയോ, കർണാടകയിലെയോ, ഡൽഹിയിലെയോ ഒന്നും മുഖ്യമന്ത്രിമാരെ കാണുമ്പോൾ അങ്ങനെ വണങ്ങുമെന്ന് ഒരിക്കലും കരുതാനും വയ്യ. എന്നാൽ തന്നേക്കാൾ 21 വയസിന് ചെറുപ്പമായ യു.പി മുഖ്യൻ യോഗീ ആദിത്യ നാഥിനെ ആദ്യ കാഴ്ചയിൽ തന്നെ കാല് പിടിക്കാൻ തോന്നാൻ ഒറ്റ കാരണമേയുള്ളൂ. അത് യോഗി ധരിച്ച വേഷവും, ആ വേഷത്തോടും അതിന്റെ രാഷ്ട്രീയത്തോടും രജനീ കാന്തിനുള്ള ആഭിമുഖ്യവും മാത്രമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.