...
Home News National സംഘപരിവാർ സവർക്കറിനും ഗോൾവാൾക്കറിനുമൊപ്പം വെച്ച് പൂജിക്കേണ്ട ആളാണ് രാജീവ് ഗാന്ധി

സംഘപരിവാർ സവർക്കറിനും ഗോൾവാൾക്കറിനുമൊപ്പം വെച്ച് പൂജിക്കേണ്ട ആളാണ് രാജീവ് ഗാന്ധി

അരവിന്ദ് രാജഗോപാലിന്റെ 'പൊളിറ്റിക്സ് ആഫ്റ്റർ ടെലിവിഷൻ' എന്ന പുസ്തകം വായിച്ചാൽ മതി. യഥാർത്ഥത്തിൽ സംഘികൾ സവർക്കറിനും ഗോൾവാൾക്കറിനുമൊപ്പം വെച്ച് പൂജിക്കേണ്ട ആളാണ് ഇന്ദിരയുടെ ഈ പ്രിയ പുത്രൻ.

256

| ശ്രീകാന്ത് പികെ

1991-ൽ ജനിച്ച ഞാൻ രാമായണ സീരിയൽ കുത്തിയിരുന്ന് കണ്ടിട്ടുണ്ട്. 80-കളുടെ മധ്യത്തിൽ ജനിച്ച ചേച്ചിയും എനിക്ക് മുന്നേ അതേ സീരിയൽ കണ്ടിട്ടുണ്ട്. രാമാനന്ദ് സാഗറിന്റെ രാമായണ എന്ന പരമ്പരയുടെ നിർമ്മാണം അദ്ദേഹത്തിന്റെ കമ്പനി തന്നെയാണെങ്കിലും പിന്നീട് നിർമ്മാണത്തിനും വിതരണത്തിനുമായുള്ള സകല ചെലവുകളും വഹിച്ചത് രാജീവ്‌ ഗാന്ധിയും കോൺഗ്രസുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. 1987-ൽ തുടങ്ങി തുടർച്ചയായി മൂന്ന് വർഷം സർക്കാരിന്റെ ദേശീയ ചാനൽ വഴി രാജീവ്‌ ഗാന്ധി രാമായണ സീരിയൽ നാട്ടുകാരെ കാണിച്ചു. ദൂരദർശൻ 97-വരെ അത് പുന:സംപ്രേഷണം ചെയ്ത് കൊണ്ടിരുന്നു.

രാമായണത്തിൽ ശ്രീരാമനായി വേഷമിട്ട അരുൺ ഗോവലും,സീതയായി വേഷമിട്ട ദീപിക ചിഖാലിയയേയും, ഹനുമാനായി വേഷമിട്ട ധാരാ സിംഗിനേയും ഉത്തരേന്ത്യൻ ഗ്രാമ – നഗരങ്ങൾ മുഴുവൻ രാജീവ്‌ ഗാന്ധി കൊണ്ട് നടന്ന് വോട്ട് പിടിച്ചു. ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിലെ ഒരു ചായക്കടയിൽ പോയാൽ അരുൺ ഗോവലിന് പുതിയ മൺ പാത്രത്തിൽ ചായ നൽകി കടക്കാരൻ അൽപ്പം ദൂരെ നടു വളച്ച് മാറി നിൽക്കുമെന്ന് അദ്ദേഹം തന്നെ ഓർത്തു അതിശയം കൊണ്ടിട്ടുണ്ട്. രാജീവ്‌ ഗാന്ധി അതൊക്കെ കണ്ടു ചിരിച്ചു പുറത്തു തട്ടി.

പത്തു വർഷത്തിനിടെ രാജീവ്‌ കൊണ്ട് നടന്ന ദീപിക ചിഖാലിയ എന്ന സീതയും ധാരാ സിംഗ് എന്ന ഹനുമാനും പാർലിമെന്റിലെത്തി. ചെറിയൊരു മാറ്റത്തോടെ, പാർടി ബിജെപിയായിരുന്നു. അരവിന്ദ് രാജഗോപാലിന്റെ ‘പൊളിറ്റിക്സ് ആഫ്റ്റർ ടെലിവിഷൻ’ എന്ന പുസ്തകം വായിച്ചാൽ മതി. യഥാർത്ഥത്തിൽ സംഘികൾ സവർക്കറിനും ഗോൾവാൾക്കറിനുമൊപ്പം വെച്ച് പൂജിക്കേണ്ട ആളാണ് ഇന്ദിരയുടെ ഈ പ്രിയ പുത്രൻ.

തന്റെ രാഷ്ട്രീയ ലാഭത്തിനായി ആവും പോലെ വളർത്തിയ ഖാലിസ്ഥാൻ തീവ്രവാദികൾ തന്റെ കൈക്കൊതുങ്ങാതെ പറന്നപ്പോൾ ഇന്ദിരാ ഗാന്ധി സിഖുകാരുടെ പവിത്രമായ ആരാധനാലയമായ സുവർണ്ണ ക്ഷേത്രത്തിൽ കയറി ഒരു ഓപ്പറേഷൻ നടത്താൻ ഉത്തരവിട്ടു. സുവർണ്ണ ക്ഷേത്രം ചോരയിൽ മുങ്ങി. സിഖ്‌ വിശ്വാസികളുടെ വികാരത്തിൽ അത് ആഴത്തിൽ പതിഞ്ഞു. അംഗ രക്ഷകരിൽ സിഖുകാരനായ ഒരാൾ ഇന്ദിരയെ വെടി വച്ചു കൊന്നു. അതിന് പ്രതികാരമായി ഒറ്റയടിക്ക് പന്തീരായിരത്തിലധികം സിഖുകാരെ രാജ്യത്തുടനീളം കോൺഗ്രസ് പ്രവർത്തകർ കൊന്നൊടുക്കി.

വെറുതെ കൊന്നതല്ല, കോണ്ഗ്രസ് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക നോക്കി കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കി ആളും ആയുധങ്ങളും കൊടുത്ത് കൊന്നൊടുക്കി. രാജ്യം കണ്ട ഏറ്റവും വലിയ വർഗ്ഗീയ കലാപം. കോൺഗ്രസുകാർ പോലുമായ സിഖുകാരും കൊല്ലപ്പെട്ടു.

‘വൻ മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും.’ ഈ നിഷ്ടൂര വംശഹത്യയെ കുറിച്ചുള്ള രാജീവ്‌ ഗാന്ധിയുടെ പ്രതികരണമായിരുന്നു. ഏതാണ്ട് ഇത് പോലൊന്ന് ഗുജറാത്ത് കലാപത്തെ കുറിച്ച് നരേന്ദ്ര മോദിയും നടത്തിയിട്ടുണ്ട് ‘വാഹനത്തിനടിയിൽ പെട്ട പട്ടികളോടുള്ള സഹാനുഭൂതി’ എന്നോ മറ്റോ. സിഖ് വംശഹത്യ പോലൊരു കാഷ്വാലിറ്റിയുള്ള വർഗ്ഗീയ ഉന്മൂലനം രാജ്യത്ത് പേര് കേട്ട വർഗ്ഗീയ കക്ഷികൾ പോലും നടത്തിയിട്ടില്ല.

രാജ്യത്തെ മുസ്ലീം വംശഹത്യകളെ കുറിച്ചുള്ള ചർച്ചയിൽ ഇന്ന് മനപ്പൂർവം മറക്കുന്ന പേരാണ് ഹാഷിംപുര കൂട്ടക്കൊല. 1987 മേയ് 22- ന് രാത്രി ഉത്തർപ്രദേശിലെ മീററ്റിൽ ഉണ്ടായ ഒരു വർഗീയ സംഘർഷത്തിന്റെ മറവിൽ മീററ്റിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ഹാഷിംപുര മോഹല്ലയിലെ 42 മുസ്‌ലിം വിഭാഗത്തിൽ പെട്ട യുവാക്കളെ ഉത്തർപ്രദേശിന്റെ അർദ്ധ സൈനിക വിഭാഗമായ പി.എ.സി ട്രക്കിൽ കയറ്റിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന്‌ നദിയിൽ തള്ളി.

ഹാഷിംപുരയിൽ പോലിസ് നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലും ഇരകൾക്കു നീതിനിഷേധിക്കുന്നതിലും കേന്ദ്രത്തിലെയും സംസ്ഥാനത്തെയും കോൺഗ്രസ് സർക്കാരുകൾ ഒത്തുകളിച്ചെന്ന് സംഭവം നടന്ന കാലത്ത് ഗാസിയാബാദ് എസ്.എസ്.പി. ആയിരുന്ന മുൻ പോലിസ് ഉദ്യോഗസ്ഥൻ വിഭൂതി നാരായൺ റായി വെളിപ്പെടുത്തുകയുണ്ടായി. അന്നും പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയായിരുന്നു. ഇന്നലെ രാജീവ്‌ ഗാന്ധിയുടെ ജന്മദിനത്തിൽ എല്ലാവരും ഓർമ്മ പുതുക്കുന്നത് കണ്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.