സിനിമകളിലെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് വ്യക്തമായ ചില പരിധികളുണ്ടെന്ന് തുറന്നുപറഞ്ഞ് നടി രശ്മിക മന്ദാന. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ആവശ്യമില്ലെന്നും ശരീരം കൂടുതൽ കാണിക്കുന്ന വേഷങ്ങളോട് തനിക്ക് വലിയ താൽപര്യമില്ലെന്നും താരം വ്യക്തമാക്കി. ‘കോഫി വിത്ത് കരൺ’ സീസൺ 9ൽ പങ്കെടുക്കവെയാണ് രശ്മികയുടെ പ്രതികരണം.
ചില കഥാപാത്രങ്ങൾക്ക് ബിക്കിനി പോലുള്ള വസ്ത്രങ്ങൾ ആവശ്യമായി വരുമെന്ന് അറിയാമെങ്കിലും അത്തരം വേഷങ്ങളിൽ ശരീരം കൂടുതൽ പ്രദർശിപ്പിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി താൽപര്യമില്ലെന്നാണ് രശ്മിക പറഞ്ഞത്. ഇത്തരം വേഷങ്ങളിൽ താൻ അത്ര കംഫർട്ടബിളല്ലെന്നും താരം വ്യക്തമാക്കി.
“ചില കാര്യങ്ങളോട് എനിക്ക് യോജിപ്പില്ല. ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ വസ്ത്രധാരണമാണ് വേണ്ടത്. ചില വേഷങ്ങളിൽ ബിക്കിനി ആവശ്യമായി വന്നേക്കാം. എന്നാൽ ശരീരം കൂടുതൽ കാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിൽ എനിക്ക് വലിയ താൽപര്യമില്ല. എനിക്ക് വ്യക്തിപരമായ ചില പരിധികളുണ്ട്. മിക്കപ്പോഴും സംവിധായകർ അത് മനസ്സിലാക്കി അംഗീകരിക്കാറുണ്ട്. അത്തരത്തിലുള്ള ആളുകൾക്കൊപ്പം പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” രശ്മിക പറഞ്ഞു.
ഇഷ്ടക്കേടുകൾ തുറന്നുപറയാൻ മടിയുണ്ടാകാറുണ്ട്
തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ സിനിമയുടെ അണിയറപ്രവർത്തകരോട് തുറന്നുപറയുന്നത് എല്ലായ്പ്പോഴും എളുപ്പമല്ലെന്നും താരം വെളിപ്പെടുത്തി. ഒരു രംഗത്തെയോ വസ്ത്രത്തെയോ കുറിച്ച് ആശങ്കയുണ്ടെങ്കിൽ അത് സംവിധായകനോട് തുറന്നുപറയാൻ അഭിനേതാക്കൾക്ക് അവസരമുണ്ടാകണമെന്നും രശ്മിക അഭിപ്രായപ്പെട്ടു.
ചില കാര്യങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കാൻ മടിയുണ്ടാകുമ്പോൾ പങ്കാളിയായ വിജയ് ദേവരകൊണ്ടയോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും താരം പറഞ്ഞു. “ചിലപ്പോൾ ഒരു കാര്യം പറയണമെന്നുണ്ടാകും. അപ്പോൾ വിജയ്‌യോട് ‘എനിക്ക് ഇത് പറയാൻ കഴിയുമോ?’ എന്ന് ചോദിക്കും. ‘അതെ, നീ അത് പറയണം’ എന്നാണ് വിജയ് പറയാറുള്ളത്,” രശ്മിക വ്യക്തമാക്കി.
സിനിമയിലെ കഥാപാത്രങ്ങളുടെ ആവശ്യകതയും അഭിനേതാക്കളുടെ വ്യക്തിപരമായ താൽപര്യങ്ങളും ഒരുപോലെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യമാണ് രശ്മികയുടെ വാക്കുകൾ വീണ്ടും ചർച്ചയാക്കുന്നത്.



