ഇന്ത്യയിലെ യുവ ഉപഭോക്താക്കൾക്കിടയിൽ ശക്തമായ സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി, പി സീരീസിന്റെ ശ്രദ്ധേയമായ വളർച്ചാ നേട്ടങ്ങൾ പ്രഖ്യാപിച്ചു. വിപണിയിൽ ബ്രാൻഡിന്റെ തിരിച്ചുവരവിന് കൂടുതൽ കരുത്ത് പകരുന്ന പ്രകടനമാണ് പി സീരീസ് കാഴ്ചവെച്ചതെന്ന് കമ്പനി അറിയിച്ചു.
ഫ്ലിപ്കാർട്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026-ന്റെ ആദ്യ പകുതിയിൽ പ്ലാറ്റ്‌ഫോമിലെ ഏറ്റവും വേഗത്തിൽ വളർന്ന സ്മാർട്ട്ഫോൺ സീരീസായി റിയൽമി പി സീരീസ് മാറി. വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 2026 ജൂലൈ 1 മുതൽ ഇതുവരെ ഫ്ലിപ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ പരമ്പരയും പി സീരീസാണെന്ന് കമ്പനി വ്യക്തമാക്കി.
വില അടിസ്ഥാനമാക്കിയുള്ള വിവിധ വിഭാഗങ്ങളിലും റിയൽമി ശക്തമായ മുന്നേറ്റം രേഖപ്പെടുത്തി. 10,000 മുതൽ 15,000 രൂപ വരെയുള്ള വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ റിയൽമി, 15,000 മുതൽ 20,000 രൂപ വരെയും 20,000 മുതൽ 25,000 രൂപ വരെയും വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗങ്ങളിൽ മുൻനിര മൂന്ന് ബ്രാൻഡുകളിൽ ഇടം നേടി.
പി സീരീസിന്റെ മികച്ച പ്രകടനം റിയൽമിയുടെ വിപണി നിലപാടിനും കരുത്തേകി. കൗണ്ടർപോയിന്റ് റിസർച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 രണ്ടാം പാദത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി മൊത്തത്തിൽ 10 ശതമാനം ഇടിഞ്ഞിട്ടും റിയൽമി 10 ശതമാനം വിപണി വിഹിതം നിലനിർത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ വിപണി വിഹിതം 9.6 ശതമാനമായിരുന്നു.
ഉൽപ്പന്ന പോർട്ട്‌ഫോളിയോ കൂടുതൽ കേന്ദ്രീകൃതമാക്കുകയും ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ചുള്ള മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് കമ്പനി വിലയിരുത്തുന്നു. വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങൾക്കിടയിലും വളർച്ച കൈവരിക്കാൻ ഈ തന്ത്രം സഹായിച്ചതായും റിയൽമി വ്യക്തമാക്കി.
ദീപാവലി ഉത്സവ സീസണിനെ ലക്ഷ്യമിട്ട് 2026-ന്റെ രണ്ടാം പകുതിയിൽ വിപണി സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതി. ഉപഭോക്തൃ ഇടപെടലും ബ്രാൻഡ് സ്വാധീനവും വർധിപ്പിക്കുന്നതിനായി വിവിധ കോ-ക്രിയേറ്റ് കാമ്പെയ്‌നുകൾക്കായി 10 കോടിയിലധികം രൂപ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു.
സ്ഥിരതയാർന്ന നിക്ഷേപം, ഉപഭോക്തൃ കേന്ദ്രീകൃത ഉൽപ്പന്നങ്ങൾ, ശക്തമായ വിപണി ആവശ്യകത എന്നിവയുടെ പിന്തുണയോടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ദീർഘകാല വളർച്ച കൈവരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും റിയൽമി വ്യക്തമാക്കി.


