ഇന്ധനത്തിന്റെ കേന്ദ്ര എക്സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന പ്രസ്താവനയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്ക് പങ്ക് ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറയുന്നു.
അതേസമയം നികുതിയിൽ കുറവ് വരുത്തിയതിലൂടെ കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം ഒരുലക്ഷം കോടിയുടെ നഷ്ടം നേരിടുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 2014-22 ആര്‍ബിഐ കണക്കുപ്രകാരം രാജ്യത്തെ ആകെ വികസന ചെലവ് 90.9 ലക്ഷം കോടിയാണ്. എന്നാല്‍ 2004-14 കാലയളവില്‍ വികസനത്തിനായി നീക്കിവച്ച തുക 49.2 കോടി മാത്രമായിരുന്നു’ ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പെട്രോള്‍ വിലയിലുള്ള എക്‌സൈസ് തീരുവ കേന്ദ്രസർക്കാർ ലീറ്ററിന് എട്ടു രൂപയും ഡീസല്‍ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോടുകൂടി വിപണിയില്‍ പെട്രോള്‍ വില ലീറ്ററിന് 9.50 രൂപയും ഡീസല്‍ വില ഏഴു രൂപയും കുറയും.
അതേസമയം, നികുതി കുറച്ചതിനെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു. ഇനി ഓരോ ദിവസവും പെട്രോൾ വില 0.8 രൂപയും 0.3 രൂപയുമായി ‘വികസിക്കും.’ ജനങ്ങളെ വിഡ്ഢികളാക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം. റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നും ജനങ്ങൾ മോചനം അർഹിക്കുന്നുണ്ട്. രാഹുൽ ട്വീറ്റ് ചെയ്തു.



