...
Home News National പേര് ഒന്നുകൂടി ഓർമയിൽ വെച്ചോളൂ, അഡ്വ. ആർഫാ ഖാനം

പേര് ഒന്നുകൂടി ഓർമയിൽ വെച്ചോളൂ, അഡ്വ. ആർഫാ ഖാനം

കോടതിവിധിയുടെ പിന്തുണയേതുമില്ലാതെ ഫ്രാക്ചറുള്ള കാലുമായി ബുൾഡോസറിന്റെ കൈക്കുള്ളിൽ കയറിനിന്ന് അതിനെ തടയുന്നത് ആർഫാ ഖാനം. ഡൽഹിയിലെ പ്രാദേശിക കോൺഗ്രസ് നേതാവും അഭിഭാഷകയുമാണ്.

145

| ഹരിമോഹൻ

അധികമാരും ശ്രദ്ധിക്കാതെ പോയ കാഴ്ചയാണ്. 24 മണിക്കൂറൊക്കെ പിന്നിട്ടിരിക്കുന്നു. അതുകൊണ്ടെഴുതുന്നത്. ഇന്നലെയവർ വീണ്ടും വന്നു. രാവിലെ 11 മണിയോടെ, സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ 20 ഉദ്യോഗസ്ഥർ ഒരു ബുൾഡോസറിനൊപ്പം ഷഹീൻബാഗിലേക്ക്. കലാപബാധിത മേഖലയിൽ നിലയുറപ്പിക്കും വിധം സി.ആർ.പി.എഫുകാർ ഷഹീൻബാഗിനെ പൊതിഞ്ഞിരുന്നു. ഉദ്യോഗസ്ഥർ എത്തിയ ശേഷം ഇരുന്നൂറോളം പോലീസുകാരും എത്തി.

കെട്ടിടത്തിനു നേർക്കാണു ബുൾഡോസറിന്റെ കൈ നീണ്ടത്. നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റെ മുൻഭാഗത്തേക്കാണ് ആദ്യം കൈ നീണ്ടത്. പക്ഷേ, ജനാധിപത്യത്തെ ബുൾഡോസ് ചെയ്യാനുള്ള ശ്രമം അധികം നീണ്ടില്ല. ശേഷമുള്ളത് ഈ ചിത്രങ്ങൾ പറയും. കോടതിവിധിയുടെ പിന്തുണയേതുമില്ലാതെ ഫ്രാക്ചറുള്ള കാലുമായി ബുൾഡോസറിന്റെ കൈക്കുള്ളിൽ കയറിനിന്ന് അതിനെ തടയുന്നത് ആർഫാ ഖാനം. ഡൽഹിയിലെ പ്രാദേശിക കോൺഗ്രസ് നേതാവും അഭിഭാഷകയുമാണ്.

മണിക്കൂറുകളാണ് ഈ ഫാസിസ്റ്റ് ഭരണകൂടത്തെ ആർഫയും അവർക്കൊപ്പമുള്ള പ്രാദേശിക കോൺഗ്രസ്‌ നേതാക്കളായ പർവേസ് ആലം, ആശു ഖാൻ, ഹിദായത്തുള്ള ജെന്റിൽ, ആംആദ്മി പാർട്ടി എം.എൽ.എ അമനത്തുള്ള ഖാൻ, അബ്ദുൾ വാജിദ് ഖാൻ തുടങ്ങിയവർ ചേർന്നു പ്രതിരോധിച്ചത്. 9.30-നെത്തി 12.47-ന് ഉദ്ദേശിച്ചതൊന്നും നടപ്പാക്കാനാവാതെ അധികൃതർക്ക് ഈ ബുൾഡോസറുമായി മടങ്ങേണ്ടി വന്നു.
ജീവൻ പണയം വെച്ചു ബുൾഡോസറിനെ തടഞ്ഞുനിർത്തുന്ന ചിത്രങ്ങളൊന്നും അച്ചടിച്ചു വന്നില്ല.

ബലം പ്രയോഗിച്ചു പോലീസ് അറസ്റ്റ് ചെയ്ത് ഏറെനേരം പോലീസ് സ്റ്റേഷനിൽ കൊണ്ടുചെന്നിരുത്തിയതും അധികമെവിടെയും കണ്ടില്ല. പ്രമുഖ മാധ്യമങ്ങളിൽ ഒന്നിൽപ്പോലും ഈ മനുഷ്യരുടെ ചെറുത്തുനിൽപ്പു കണ്ടില്ല.

കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യരെ ഡൽഹിയിൽ കാണുമ്പോൾ വിലപിക്കുകയും ചോര തിളയ്ക്കുകയും അതു കേരളത്തിലാവുമ്പോൾ വികസനമാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് കൈമുതലായില്ലാത്ത ഈ മനുഷ്യർ ഇന്നലെ നടത്തിയ പ്രതിരോധം ഒരു പ്രതീക്ഷയാണ്. പേര് ഒന്നുകൂടി ഓർമയിൽ വെച്ചോളൂ, അഡ്വ. ആർഫാ ഖാനം. നാളെ ഈ പേര് വീണ്ടും വീണ്ടും ആവർത്തിക്കേണ്ടി, അച്ചടിക്കേണ്ടി വന്നേക്കാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.