അന്താരാഷ്ട്ര വിപണിയിലെ അനുകൂല സാഹചര്യങ്ങളും വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങലും പിന്തുണയായതോടെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. ക്രൂഡ് ഓയിൽ വില കുറഞ്ഞതും ആഭ്യന്തര ഓഹരി വിപണികളിലേക്ക് വിദേശ നിക്ഷേപം ഒഴുകിയെത്തിയതും രൂപയ്ക്ക് കരുത്തായി. ഇന്നത്തെ ആദ്യ വ്യാപാരത്തിൽ രൂപ 31 പൈസ ഉയർന്ന് ഡോളറിനെതിരെ 93.62 എന്ന നിലയിലെത്തി.
രാവിലെ 93.72 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് കൂടുതൽ നേട്ടമുണ്ടാക്കുകയായിരുന്നു. കഴിഞ്ഞ വ്യാപാരദിനത്തിൽ 25 പൈസ ഉയർന്ന് 93.94 എന്ന നിലയിലായിരുന്നു രൂപയുടെ ക്ലോസിങ്.
എണ്ണവിലയിലെ ഇടിവ്, പണപ്പെരുപ്പ ആശങ്കകളിലെ കുറവ്, ആഭ്യന്തര വിപണിയിലെ മുന്നേറ്റം തുടങ്ങിയ ഘടകങ്ങളാണ് രൂപയ്ക്ക് അനുകൂലമായതെന്ന് കറൻസി വിദഗ്ധർ വിലയിരുത്തുന്നു. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരി വിപണിയിൽ അറ്റവാങ്ങലുകാരായി. കഴിഞ്ഞ ദിവസം മാത്രം 4,864 കോടി രൂപയുടെ ഓഹരികളാണ് അവർ വാങ്ങിയത്.
അതേസമയം, യുഎസ് ഡോളറിന്റെ ശക്തി രൂപയുടെ മുന്നേറ്റത്തിന് സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ആറ് പ്രധാന കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം അളക്കുന്ന ഡോളർ സൂചിക 0.04 ശതമാനം ഉയർന്ന് 103.50-ലെത്തി. 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷകളും ഡോളറിന് പിന്തുണയാകുന്നു.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 0.75 ശതമാനം കുറഞ്ഞ് ബാരലിന് 91.75 ഡോളറിലെത്തി. പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണവിതരണം മെച്ചപ്പെട്ടതാണ് വിലയിടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.


