...
Home News International UK മലയാളികളിൽ ഗൃഹാതുരത്വം ഉണർത്തി സമീക്ഷ UK സമ്മർഫെസ്റ്റ് ഓണഗ്രാമം കൊടിയിറങ്ങി

UK മലയാളികളിൽ ഗൃഹാതുരത്വം ഉണർത്തി സമീക്ഷ UK സമ്മർഫെസ്റ്റ് ഓണഗ്രാമം കൊടിയിറങ്ങി

ചെംസ്ഫോർഡ് മേയർ കൗൺസിലർ ലിൻഡ മസ്‌കോട്ട് സമീക്ഷ UK സമ്മർഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

144

ഓണാഘോഷപ്പെരുമഴ യു.കെയിലെങ്ങും പെയ്തൊഴിഞ്ഞപ്പോഴാണ് ഒരു കലാ-കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ സമീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ uk യിൽ മുഴുവൻ നിലനിന്ന പ്രതികൂല കാലാവസ്ഥയെ കുറിച്ച് ഏറെ ആശങ്കകളും , ഉൽക്കണ്ഠയും ഉണ്ടായിരുന്നു എങ്കിലും എല്ലാ ആശങ്കകളേയും അസ്ഥാനത്താക്കിക്കൊണ്ട് എല്ലാ ഉൽക്കണ്ഠകളേയും കാറ്റിൽ പറത്തിക്കൊണ്ട് ചെംസ്ഫോർഡിന്റെ മണൽത്തരികളെപ്പോലും കോരിത്തരിപ്പിക്കുന്ന വിജയഭേരിയോടെയാണ് സമ്മർ ഫെസ്റ്റിന് ഒക്ടോബർ 22 ഞായറാഴ്ച്ച തിരശ്ശീല വീണത്.

ചെംസ്ഫോർഡ് മേയർ കൗൺസിലർ ലിൻഡ മസ്‌കോട്ട് സമീക്ഷ UK സമ്മർഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമീക്ഷUK നാഷ്ണൽ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി, നാഷ്ണൽ വൈസ് പ്രസിഡൻറ് ശ്രീ. ഭാസ്കർ പുരയിൽ, ചെംസ്ഫോർഡ് യൂണിറ്റ് പ്രസിഡൻറ് ശ്രീ. ആന്റണി ജോമോൻ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരവും തിരുവാതിരകളി മത്സരവും ഹൃദ്യമായ കലാപരിപാടികളും ഒക്കെയായി ഓണഗ്രാമം കാണികൾക്ക് മറക്കാൻ കഴിയാത്ത വിരുന്നായി മാറി.

Ukയിലെ പ്രഗത്ഭൻമാർ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ ഹെയർഫോർഡ് അച്ചായൻസ് ഒന്നാം സ്ഥാനം കരസ്തമാക്കി. ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കെന്റ് കിംഗ്സ് രണ്ടാം സ്ഥാനവും വോർസെസ്റ്റർ തെമ്മാഡിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മലയാളികളുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും ഈണവും താളവും ഒക്കെയായി അരങ്ങേറിയ വാശിയേറിയ തിരുവാതിര മത്സരം ഒണഗ്രാമത്തിന്റെ മാറ്റു കൂട്ടി. മത്സരത്തിൽ തനിമ നോർത്താംപ്റ്റൺ ഒന്നാം സ്ഥാനവും, കെറ്ററിംഗ് ഗേൾസ് രണ്ടാം സ്ഥാനവും നേടി.

വാശിയേറിയ മത്സരങ്ങൾക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിന് സമീക്ഷUK നാഷ്ണൽ പ്രസിഡൻറ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിലും സമ്മാനദാനത്തിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കുമാരി തൃഷ സുധി, ശ്രീ വിഷ്ണു ദാസ് എന്നിവരുടെ ഗാനാലാപനവും കുമാരി അക്സ രാജേഷിന്റെ ചടുലമായ നൃത്തച്ചുവടുകളും സദസ്സിന് ഹരം പകർന്നു.

സമ്മർ ഫെസ്റ്റിന്റെ വിജയത്തിനായി അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച മുഴുവൻ ആളുകളെയും സമീക്ഷ യുകെ ഹൃദയത്തോട് ചേർത്ത് വെച്ച് നന്ദിയും കടപ്പാടും അറിയിക്കുന്നതായും തുടർന്നും UK യിലെ മുഴുവൻ മലയാളി സമൂഹത്തിന്റെ അകമൊഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.