12 September 2026
Home News International ഏജൻസികളുടെ തട്ടിപ്പിനിരയായ കൊല്ലം സ്വദേശിനിക്ക് തുണയായി സമീക്ഷ യുകെ

ഏജൻസികളുടെ തട്ടിപ്പിനിരയായ കൊല്ലം സ്വദേശിനിക്ക് തുണയായി സമീക്ഷ യുകെ

പോലീസ് എത്തിയപ്പോൾ ഭാഷ അറിയാം എന്നതിനാൽ തന്നെ താൻ പണം വാങ്ങിയില്ല എന്ന് അവരെ വിശ്വസിപ്പിച്ച് ഏജന്റിന് രക്ഷപെടാൻ സാധിച്ചു. ഇപ് സ്വിച്ചിലെ താമസ സ്ഥലം ഒഴിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവതി എയർപോർട്ടിൽ ഒറ്റപ്പെട്ടു.

506

18.5 ലക്ഷം രൂപ നൽകി സീനിയർ കെയർ വിസയിൽ യുകെ യിൽ എത്തിയതാണ് കൊല്ലം സ്വദേശിയായ യുവതി. എന്നാൽ എത്തി കുറച്ചുകാലം ജോലി നൽകാതെ ഇരിക്കുകയും പിന്നീട് ഇപ് സ്വിച്ചിൽ ഒരു നേഷ്സിംഗ് ഹോമിൽ ജോലി നൽകുകയും ചെയ്തു. മൂന്നു മാസങ്ങൾക്കു ശേഷം ഭാഷ അറിയില്ല എന്ന കാരണം പറഞ്ഞ് യുവതിയെ തിരിച്ച് നാട്ടിലേക്ക് അയക്കാൻ ഒരുങ്ങുകയായിരുന്നു ഏജൻസി .

വാങ്ങിയ പണം പോലും തിരിച്ചു നൽകാതെ നാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തുകയും, ഒടുവിൽ യുവതിയുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് എയർപ്പോർട്ടിൽ നിന്നും കയറുന്നതിനു മുമ്പായി 10 ലക്ഷം രൂപ നാട്ടിലെ അക്കൗണ്ടിൽ ഇടാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ പണം അക്കൗണ്ടിൽ വരാത്തതുമൂലം കേറിപ്പോകാൻ വിസ്സമ്മതിച്ച യുവതി എയർപ്പോർട്ട് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും അവർ വഴി പോലീസിന്റെ സഹായം തേടുകയും ചെയ്തു.

പോലീസ് എത്തിയപ്പോൾ ഭാഷ അറിയാം എന്നതിനാൽ തന്നെ താൻ പണം വാങ്ങിയില്ല എന്ന് അവരെ വിശ്വസിപ്പിച്ച് ഏജന്റിന് രക്ഷപെടാൻ സാധിച്ചു. ഇപ് സ്വിച്ചിലെ താമസ സ്ഥലം ഒഴിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവതി എയർപോർട്ടിൽ ഒറ്റപ്പെട്ടു. ഈ അവസരത്തിൽ യുവതി സമീക്ഷ യുകെയുമായി ബന്ധപ്പെട്ടു. സമീക്ഷ യുകെ നാഷ്ണൽ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ തുടങ്ങാനും യുവതിക്ക് പണം തിരിച്ചു കിട്ടാനും ഉള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

സംഘടനയുടെ മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഷാജി മോൻ , വിനോദ് കുമാർ എന്നിവർ ചേർന്ന് യുവതിക്ക് മാഞ്ചസ്റ്ററിൽ തന്നെ താൽക്കാലികമായി താമസവും ഭക്ഷണവും ഒരുക്കി. നാട്ടിൽ നിന്നും ഇത്തരത്തിൽ വഞ്ചനയിൽ പെട്ട് നിരവധി പേരാണ് യുകെയിൽ എത്തുന്നത് . അങ്ങനെ എന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ദയവായി സമിക്ഷയുമായി ബന്ധപ്പെടണമെന്നു ഭാരവാഹികൾ അറിയിച്ചു.