| ഹരിമോഹൻ
ദീപിക മാത്രമല്ല ഇന്നലത്തെ, ഈ ദിവസങ്ങളിലെ കാഴ്ച. അടിവസ്ത്രത്തിലെ കാവിനിറം കാരണമാക്കി ചിലർ അയാളുടെ സിനിമയിൽ രാജ്യദ്രോഹം കണ്ടെത്തുന്ന തിരക്കിലായിരുന്നപ്പോൾ, അവരിൽ നിന്ന് 1800 മൈലുകൾക്കപ്പുറം ഖത്തറിലെ ആഘോഷരാവിൽ വെയ്ൻ റൂണിയെന്ന ഇംഗ്ലീഷ് ഫുട്ബോൾ പ്രതിഭാസത്തെ അയാൾ കോടിക്കണക്കിനാരാധകരുള്ള തന്റെ ചുവടു പഠിപ്പിക്കുന്ന തിരക്കിലായിരുന്നു. അയാൾ, ഷാരൂഖ് ഖാൻ, ഇന്നലെ ഖത്തറിലുണ്ടായിരുന്നു.
ദീപികയേക്കാൾ ആ മനുഷ്യനെ കണ്ടിരിക്കാനും അയാളെ തേടിപ്പോകാനുമാണ് ഈ ദിവസങ്ങളിൽ തോന്നുന്നത്. എത്രവട്ടമെന്നറിയില്ല, അത്രയധികം തവണ അയാൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ദീപികയുടെ ‘പത്താൻ’ എന്നല്ലാതെ ഷാരൂഖിന്റെ ‘പത്താൻ’ എന്നുപറയാൻ തോന്നുന്നത്. അതിൽ ഒറ്റനായകന്റെ ഹീറോയിസത്തേക്കാൾ തുടർച്ചയായി ആക്രമിക്കപ്പെടുന്ന മനുഷ്യന്റെ ചെറുത്തുനിൽപ്പു കാണാൻ തോന്നുന്നു.
പൗരത്വ ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയ ദീപികയല്ല ഷാരൂഖ്. ആ ധൈര്യം അയാളൊരിക്കലും കാണിച്ചിട്ടില്ല. ഒരു കാലത്തും സ്വന്തം ജീവിതത്തിൽ അയാൾ സമകാലീന വിഷയങ്ങളെ തൊട്ടിട്ടില്ല. രാഷ്ട്രീയക്കാരെയും അയാൾ എക്കാലവും അകറ്റിനിർത്തി. അപ്പോഴും സംഘപരിവാർ തങ്ങളുടെ ഇന്ത്യയിൽ ഏറ്റവുമധികം വേട്ടയാടാൻ ഇരയാക്കിയിരുന്നതും ഇതേ മനുഷ്യനെയാണ്. കാരണം അയാൾ രാഷ്ട്രീയം പറഞ്ഞിരുന്നു. അതു ചിലപ്പോൾ പറയാതെ പറഞ്ഞ പ്രവൃത്തികളിൽക്കൂടി, ചിലപ്പോൾ അയാളുടെ സിനിമകൾ വഴി.
ദിലീപ് കുമാറിനെപ്പോലെ ഒരു വട്ടമെങ്കിലും തന്റെ മുസ്ലീം പേരിനെ മാറ്റിനിർത്തി പേരുകൊണ്ടെങ്കിലും സേഫ് സോണിലേക്കു മാറിനിൽക്കാൻ ഷാരൂഖ് ശ്രമിച്ചിരുന്നില്ല. ഒരുപക്ഷേ, ഏറ്റവുമധികം തന്റെ പേരിൽ അഭിമാനം കൊണ്ട മനുഷ്യൻ അയാളായിരിക്കും. അത്രയധികം തവണ “മൈ നെയിം ഈസ് ഖാൻ” എന്നയാൾ ഈ ലോകത്തോടു വിളിച്ചുപറഞ്ഞിട്ടുണ്ട്.
12 വർഷങ്ങൾക്കു മുൻപ് ഇതേ പേരിൽ ഒരു സിനിമ തന്റേതായി വന്നപ്പോൾ ഇസ്ലാമോഫോബിയയെക്കുറിച്ചു ധൈര്യത്തോടെ പറയാൻ അയാൾക്കു കഴിഞ്ഞു. തെല്ലുപോലും തന്റെ സ്വത്വത്തെ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഏറ്റവും വിലപിടിപ്പുള്ള ബോളിവുഡ് താരത്തെയാണ്, ഇന്ത്യ ഒന്നടങ്കം പ്രണയിച്ചിരുന്ന ഖാനെയാണ് അവർ ഭയന്നത്.
അതുകൊണ്ടാണല്ലോ, ലതാ മങ്കേഷ്കറുടെ മൃതദ്ദേഹത്തിനരികിൽ ദുവാ ചെയ്ത ഷാരൂഖ് ഖാനെപ്പോലും അവർ വെറുതെ വിടാതിരുന്നത്. അതുകൊണ്ടു മാത്രമാണല്ലോ ഒരു സർക്കാർ സംവിധാനത്തെ പൂർണമായി അയാളുടെ കൗമാരക്കാരനായ മകനു നേർക്കു പറഞ്ഞുവിട്ടത്.
ദീപികയേക്കാൾ സംഘപരിവാറിനെ എക്കാലവും അസ്വസ്ഥതയുടെ കൊടുമുടി കയറ്റിയത്, ഇപ്പോഴും അതു തുടരുന്നത് ഈ മനുഷ്യനാണ്. ആ അസ്വസ്ഥത തിരികെ നൽകാൻ ഒരു കാലവും അവർക്കാവില്ല. അങ്ങനെയൊക്കെ അവർ വിചാരിച്ചുവരുമ്പോൾ ‘മന്നത്തെ’ ബാൽക്കണിയിൽ ചുണ്ടിൽ ഒരു സിഗരറ്റ് കത്തിച്ചുവെച്ച് ആസ്വദിച്ചു പുകവിട്ടുകൊണ്ട് അയാൾ നിൽക്കുന്നതു കാണാം.



