അമ്മേ ഞാൻ കിടക്കുകയാണ്… അവസാനമായി അവൻ പറഞ്ഞ വാക്കുകൾ ആ അമ്മയുടെ ഉള്ള് കീറിമുറിക്കുന്നുണ്ട്. ഇനി ഉണരാത്ത ഉറക്കത്തിലേക്കാണ് തന്റെ മകൻ യാത്ര പറഞ്ഞുപോയതെന്നോർക്കുമ്പോൾ ഹൃദയം തകരുന്നുണ്ടാവും. എത്ര ക്രൂരമായാണ് അവർ സിദ്ധാർഥനോട് പെരുമാറിയിട്ടുണ്ടാവുക…. സമാനതകളില്ലാത്ത ക്രൂരകൃത്യം. ആൾകൂട്ട വിചാരണയും കഴിഞ്ഞ് ആത്മഹത്യയിലേക്ക് അവനെ തള്ളിവിട്ടപ്പോൾ നേടിയതെന്താണ്. സഹമനുഷ്യനോട് മാനുഷികമായ ഒരു പരിഗണനയും നൽകാതെ തല്ലി ചതച്ചവരും പ്രതികരിക്കാതെ നോക്കി നിന്നവരും മനസാക്ഷിയം ഞെട്ടിക്കുന്ന കാഴ്ച തന്നെയാണ്.
കഴിഞ്ഞ 18-നാണ് പൂക്കോട് വെറ്ററിനറി കോളേജിലെ ബി.വി.എസ്.സി. വിദ്യാർഥി സിദ്ധാർഥനെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യം മൂലമാണ് സിദ്ധാർഥ് ആത്മഹത്യ ചെയ്തതെന്നാണ് കോളേജിൽനിന്ന് രക്ഷിതാക്കളെ അറിയിച്ചത്. മരിക്കുന്നതിന് മുമ്പ് സിദ്ധാർഥിന് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകം അറിയുന്നത്. നെഞ്ചിലും പുറത്തും മർദനത്തിന്റെ അടയാളങ്ങൾ. ബെൽറ്റ്, കേബിൾ വയർ എന്നിവകൊണ്ട് മർദ്ദിച്ചതിന്റെ പാടുകൾ ദേഹത്തുണ്ടായിരുന്നു. കഴുത്തിൽ, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ടായിരുന്നു.
15-ന് സിദ്ധാര്‍ഥന്‍ കോളേജില്‍നിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയിരുന്നു. എന്നാൽ എറണാകുളത്തെത്തിയപ്പോള്‍ അത്യാവശ്യമെന്ന് പറഞ്ഞ് മറ്റൊരു സഹപാഠി തിരികെ വിളിച്ചുവരുത്തുകയായിരുന്നു. 16-ന് കോളേജില്‍ എത്തിയതുമുതല്‍ ഹോസ്റ്റലിലും കോളേജിനു പിറകിലെ കുന്നിന്‍മുകളിലുമെല്ലാംവെച്ച് മൂന്നുദിവസം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചെന്നാണ് വിവരം. ഒരുദിവസം അര്‍ധരാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് സിദ്ധാര്‍ഥന്റെ കരച്ചില്‍ കേട്ടതായും സഹപാഠികള്‍ മൊഴിനല്‍കിയിട്ടുണ്ട്.
18-നാണ് സിദ്ധാർഥൻ മരിച്ചതെങ്കിലും നാഷണൽ ആന്റി റാഗിങ് സെല്ലിന് പരാതി ലഭിച്ചതോടെയാണ് കേസിന്റെ ഗതി മാറുന്നത്. റാഗിങ് നടന്നതായി കുട്ടികൾതന്നെ കോളേജ് അധികൃതർക്ക് മൊഴിനൽകി. സംഭവത്തിൽ 12 വിദ്യാർഥികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഈ 12 പേരെയും പ്രതി ചേർത്ത് ആദ്യഘട്ടത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹോസ്റ്റലിൽ താമസിച്ചുവന്നിരുന്നവരാണ് പ്രതികളെന്നാണ് പോലീസ് നൽകുന്ന വിവരം. കൂടാതെ ബുധനാഴ്ച ഉച്ചയോടെ കേസില്‍ ആറുപേരെ കൂടി പുതുതായി പ്രതിചേര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ബില്‍ഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശിയായ അഭിഷേക് എസ്, തൊടുപുഴ സ്വദേശിയായ ഡോണ്‍സ് ഡായി, തിരുവനന്തപുരം സ്വദേശികളായ ആകാശ് എസ്.ഡി. കൊഞ്ചിറവിള, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍.ഡി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെതന്നെ റിമാൻഡ് ചെയ്തിരുന്നു.
സംഭവത്തില്‍ ഇനി 11 പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് കല്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളടക്കം സ്വീകരിച്ചുവരികയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


