| പിഎം മനോജ്
ആ പ്രസ്താവനയിൽ ചില പ്രശ്നങ്ങൾ ഉണ്ടല്ലോ. ഒന്ന്: നിയമം അനുശാസിക്കുന്ന അന്വേഷണവുമായി സഹകരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല. സഹകരിച്ചില്ലെങ്കിൽ അകത്തു കിടക്കേണ്ടിവരും.
രണ്ട്: പരമ്പരയിലെ സ്റ്റോറിക്കതിരെ അല്ല അന്വേഷണം. ആ സ്റ്റോറിക്ക് വേണ്ടി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഇരുത്തി വ്യാജ വീഡിയോ ചിത്രീകരിച്ചു സംപ്രേഷണം ചെയ്തു എന്ന ഗുരുതര ആരോപണം അടങ്ങുന്ന പരാതിയിൽ ആണ്.
മൂന്ന് : പോലീസ് പരിശോധനയിൽ ഒരു “ഗുണ്ടായിസവും” നിങ്ങളുടെ ചാനൽ സംപ്രേഷണം ചെയ്തതായി കണ്ടിട്ടില്ല.
നാല് : ക്രിമിനൽ കേസ് അന്വേഷണത്തിനെതിരെ പോലീസിന്റെ സാന്നിധ്യത്തിൽ തന്നെ അപഹാസ്യമായ രീതിയിൽ റിപ്പോർട്ടിങ് നടത്തിയപ്പോഴും പോലീസ് ഒരു ഗുണ്ടായിസവും കാണിച്ചതായി ജനങ്ങൾ ആരും കണ്ടിട്ടില്ല.
അഞ്ച് : സ്വതന്ത്ര മാധ്യമപ്രവർത്തനം പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഇരുത്തി വ്യാജ വീഡിയോ ചിത്രീകരിക്കൽ ആണ് എന്ന് ഒരു നിയമ പുസ്തകത്തിലും മാധ്യമ സദാചാര സംഹിതകളിലും കണ്ടതായി അറിവില്ല.
ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണ രൂപം:
നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കും. നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരന്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്ഐആറിൽ പറയുന്നത്.
ലഹരിമാഫിയക്കെതിരായ പോരാട്ടം നാടിന്റെ താൽപര്യമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. ഒരു ഭരണകക്ഷി എംഎൽഎയുടെ പരാതിയിൻമേലുള്ള തുടർനടപടികളുടെ മിന്നൽവേഗം എടുത്തുപറയേണ്ടതാണ്. അന്വേഷണം പോലും തുടങ്ങുന്നതിന് മുന്പ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നതും ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്ന നിലപാട് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കുന്നു.
സ്വതന്ത്ര്യമായ മാധ്യമപ്രവർത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിർഭയം നിരന്തരം തുടരും.



