| രഞ്ജിത്ത് പി തങ്കപ്പൻ
ഭഗത്സിങ്ങിനെ സോവിയറ്റ് യൂണിയനിലേക്ക് ക്ഷണിച്ച സ്റ്റാലിൻ !! ഞെട്ടിയോ നിങ്ങൾ ?
എന്നാൽ അത് സ്വാഭാവികമാണ്.. ഇന്ത്യയിലെ ആദ്യകാല മാർക്സിസ്റ്റുകളിൽ ഒരാളായ ഭഗത്സിങ്ങിനെ സോവിയറ്റ് രാഷ്ട്ര ശില്പി സ്റ്റാലിൻ തിരിച്ചറിഞ്ഞിരുന്നു എന്നുമാത്രമല്ല അദ്ദേഹത്തെയും സഖാക്കളെയും സോവിയറ്റ് നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നത് ഭൂരിപക്ഷം പേർക്കും ഒരു പുതിയ തിരിച്ചറിവായിരിക്കും.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അധികം ആരും തിരിച്ചറിയാത്ത സംഭവം ആണിത്. സ്റ്റാലിൻ ഇന്ത്യൻ യുവ വിപ്ലവ നക്ഷത്രത്തിന് നൽകിയ നേരിട്ടുള്ള ക്ഷണം ഭഗത്സിങ്ങിന്റെ കയ്യിൽ എത്തിയില്ല. എത്തിയിരുന്നുവെങ്കിൽ ഇന്ത്യൻ ചരിത്രം മാറ്റിയെഴുതേണ്ടിവരുമായിരുന്നു. 1920 ൽ സോവിയറ്റ് നാട്ടിലെ താഷ്‌ക്കന്റിൽ രൂപം കൊണ്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഖാവായ ഷൗക്കത് ഉസ്മാനിക്ക് നന്ദി പറയാം. അദ്ദേഹമാണ് ഭഗത്സിങ്ങിനെ കുറിച്ചും HRA (Hindustan Republican Association) എന്ന ഭഗത്സിങ്ങിന്റെ പാർട്ടി പിന്നീട് HSRA [Hindustan Socialist Republican Association] ആയതിനെ കുറിച്ചുമെല്ലാം സ്റ്റാലിനെ അറിയിച്ച വ്യകതി. HRA ..HSRA ആകുന്നതു വെറും സോഷ്യലിസ്റ്റ് എന്ന വക്കിൽ മാത്രമല്ല അതിന്റെ വീക്ഷണത്തിൽ കൂടിയാണ് ..അതിനെ കുറിച്ച് സഖാവ് ഭഗത്സിങ് തന്നെ വ്യക്തമായി എഴുതിയിട്ടുള്ളതിനാൽ ഇവിടെ ചേർക്കുന്നില്ല.
ഉസ്മാനി എം എൻ റോയിയുടെ നിർദേശത്തിലാണ് ഇന്ത്യയിലെ വിപ്ലവ ശക്തികളുമായി ബന്ധപ്പെടാനുള്ള ദൗത്യം ഏറെറടുത്ത്. 1920 ൽ കാൺപൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന “പ്രതാപ്” എന്ന ഹിന്ദി പത്രത്തിന്റെ എഡിറ്റർ ആയിരുന്ന ഗണേഷ് ശങ്കർ വിദ്യാർഥിയിലൂടെയാണ് HSR യെ കുറിച്ചും ഭഗത്സിങ്ങിനെക്കുറിച്ചും ഉസ്മാനി അറിയുന്നത്. അന്ന് ഭഗത്സിങ് പ്രതാപിന്റെ സബ് എഡിറ്ററായി ജോലി ചെയ്തിരുന്നു. “Peshawar to Moscow: Leaves from An Indian Muhajireen’s Diary “പെഷവാർ മുതൽ മോസ്‌കോ വരെ ഒരു ഇന്ത്യൻ മുസൽമാന്റെ ഡയറിത്താളുകൾ “എന്ന പേരിൽ ഉസ്മാനിയുടെ യാത്രകൾ എഴുതിയതും സഖാവ് ഭഗത്സിങ് ആയിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി സഖാവ് എന്ന നിലയിൽ ഇന്ത്യയിലെ സായുധ മുന്നേറ്റങ്ങളെ കുറിച്ചുള്ള എല്ലാ അപ്‌ഡേഷൻസുകളും ഉസ്മാനി കൃത്യമായി സോവിയറ്റ് നേതാക്കൾക്ക് അയച്ചിരുന്നു. 1928 ലെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ സമ്മേളനത്തിലേക്ക് ഭഗത്സിങ്ങിനെയും ബിജോയ്‌കുമാർ സിൻഹയെയും (Bejoy Kumar Sinha) ഉസ്മാനി സോവിയറ്റ് നാട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. ( ഇതുപക്ഷേ സ്റ്റാലിൻ അറിഞ്ഞിട്ടില്ല കേട്ടോ )
ഉസ്മാനിയുടെ വാക്കുകൾ ഇങ്ങനെ : ” സർദാർ ഭഗത് സിംഗിനെ ഞാൻ ആദ്യമായി കണ്ടത് എപ്പോഴാണെന്ന് ഇപ്പോൾ എനിക്ക് കൃത്യമായി ഓർമയില്ല. ഒന്നുകിൽ ഞാൻ അദ്ദേഹത്തെ ലാഹോറിലോ കാൺപൂരിലോ കണ്ടുമുട്ടി…അക്കാലത്ത് [ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ] HRAയെ HSRA (ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ) ആയി രൂപാന്തരപ്പെടുത്തുകയായിരുന്നു, പുതിയ സംഘടന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു… വെറും ആവേശത്തിലുള്ള വ്യക്തിഗത സായുധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുകൊണ്ടു ബഹുജന മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ ഇതിനകം തന്നെ അവർ തീരുമാനം എടുത്തിരുന്നു…, ഞാൻ ബിജോയ് ബാബുവിനോട് (ബിജോയ് കുമാർ സിൻഹ) പറഞ്ഞു, ‘വരൂ, നമുക്ക് മോസ്കോയിലേക്ക് പോകാം.’ ഭഗത് സിംഗും ഒപ്പം ബിജോയ് സിൻഹയുടെ സാന്നിധ്യവും സോവിയറ്റ് യൂണിയനിൽ നിന്ന് സജീവമായ സായുധ സഹായം ലഭിക്കുമെന്നുറപ്പായിരുന്നു.”
ബിജോയ് കുമാർ സിൻഹ പിന്നീട് അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഈ ഇൻവിറ്റേഷൻ സ്ഥിരീകരിക്കുന്നുണ്ട്. ബിജോയ് കുമാർ സിൻഹ എഴുതുന്നു : ….. “കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധി എന്ന നിലയിൽ, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസിൽ പങ്കെടുക്കാൻ മോസ്കോയിലേക്ക് പോകാനൊരുങ്ങിയ ഷൗക്കത്ത് ഉസ്മാനി, ഇന്ത്യൻ പ്രതിനിധികളായി തന്നോടൊപ്പം സോവിയറ്റ് യൂണിയനിലേക്ക് വരാൻ എന്നോടും സഖാക്കളോടും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ക്ഷണം ഞാൻ ഭഗത് സിംഗുമായി ചർച്ച ചെയ്തു, ഇത് ശരിയായ സമയമല്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ ഇപ്പോഴത്തെ പദ്ധതികൾ നടപ്പിലാക്കിയാൽ ശേഷം മോസ്കോയിലേക്ക് പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു. “
ഇക്കാര്യങ്ങളെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ് വിപ്ലവകാരിയായ കാക്കാ ബാബു എന്ന പേരിലറിയപ്പെട്ടിരുന്ന മുസഫർ അഹമ്മദ് അദ്ദേഹത്തിന്റെ “ഞാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും “എന്ന ആത്മകഥയിൽ സ്ഥിരീകരിക്കുന്നുണ്ട്.
അങ്ങനെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷ്ണൽ സമ്മേളനം 1928 ജൂലായ് 17-ന് ആരംഭിച്ച് 1928 സെപ്റ്റംബർ 1-ന് അവസാനിച്ചു. കൊളോണിയൽ രാജ്യനഗലിലെ മുന്നേറ്റങ്ങളെ ചർച്ചചെയ്യുമ്പോൾ HRA യുടെ പ്രവർത്തനങ്ങൾ സമ്മേളനം ശ്രദ്ധിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോലുള്ള ബൂർഷ്വാ പാർട്ടികളുടെ പരാജയത്തിനുള്ള മറുപടിയായി എച്ച്ആർഎയുടെ ഉയർച്ചയെ അത് തിരിച്ചറിഞ്ഞു, അത് ഒരു റാഡിക്കൽ പെറ്റി-ബൂർഷ്വാ പാർട്ടിയായി ആരംഭിച്ചു, എന്നാൽ സമരം മുന്നോട്ട് പോയപ്പോൾ അത് ബൂർഷ്വാ പരിഷ്കരണവാദികളുടെ പാർട്ടിയായി മാറിഎന്നും അത് ശുഭോദർക്കമാണെന്നും കമ്മ്യൂണിസ്റ്റ് ഇന്റർനാഷ്ണൽ വ്യക്തമാക്കി.
നിർഭാഗ്യവശാൽ ഉസ്മാനിയുടെ സോവിയറ്റ് നാട്ടിൽ നിന്നുള്ള തിരിച്ചുവരവിൽ അദ്ദേഹം സൂറത്ത് ഗൂഢാലോചനാ ക്കേസിൽ ( March 1929 ) അറസ്റ്റ് ചെയ്യപ്പെട്ടു. അതേസമയം ജോണ് സാന്ഡേഴ്സ് വധത്തിനോടനുബന്ധിച്ചു തൊഴിലാളി വിരുദ്ധമായ പൊതു സുരക്ഷ, വ്യാപാര തർക്ക ബില്ലുകൾക്കെതിരെ പാർലമെന്റിൽ ഭഗത്സിങ്ങും ദത്തും ബോംബുകൾ എറിയുകയും അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായെന്നു അറിയാമല്ലോ.
എന്നാൽ ലാഹോർ ഗൂഢാലോചന കേസിൽ പ്രതിയായതുകൊണ്ട് നേരത്തെതന്നെ ഒളിവിലായിരുന്ന ഭഗത്സിങ്ങിനെ ഈ ബോംബ് സ്‌ക്വഡിൽ ഉൾപ്പെടുത്താതെ ഉസ്മാനിയുടെ നേരത്തെയുള്ള അഭിപ്രായം മാനിച്ചുകൊണ്ട് സോവിയറ്റ് നാട്ടിലേക്കയക്കാൻ HSRA തീരുമാനിച്ചിരുന്നു. ഇതിനെ ലംഘിച്ചുകൊണ്ടാണ് ഭഗത്സിങ് ഈ പരിപാടികൾ തൻ തന്നെ ചെയ്യും എന്നും അതിലൂടെ കിട്ടുന്ന അവസരത്തെ പ്രസ് മീഡിയകളിലൂടെ സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയാക്കണം എന്നും അതിനു ശേഷം മാത്രമേ സോവിയറ്റ് നാട്ടിലേക്കുള്ള യാത്ര ചർച്ച ചെയ്യേണ്ട ആവശ്യമുള്ളൂ എന്നുമായിരുന്നു ഭഗത്സിങ് പറഞ്ഞത്.
എന്നാൽ സത്യത്തിൽ സാക്ഷാൽ സ്റ്റാലിൻ അയച്ച ഭഗത്സിങിനുള്ള ഇൻവിറ്റേഷൻ ആണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷ്ണൽ കഴിഞ്ഞു തിരിച്ചുവന്ന ഉസ്മാനിയുടെ പക്കൽ ഉള്ളതെന്നുള്ള സത്യം HSRA സഖാക്കൾ അറിഞ്ഞിരുന്നില്ല.
പിന്നീട്, ഉസ്മാനി, ന്യൂഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ച ഹിന്ദി ജേണലായ “നയ് സമീനിലെ Nai Zameen” ലെ ലേഖനത്തിൽ, താൻ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, സോവിയറ്റ് യൂണിയനിലേക്ക് വരാൻ ഭഗത് സിംഗിനെ ബോധ്യപ്പെടുത്താൻ സ്റ്റാലിൻ തന്നോട് ആവശ്യപ്പെട്ടതായി എഴുതി. ഉസ്മാനി പറയുന്നതനുസരിച്ച്, “ഭഗത് സിംഗിനെ മോസ്കോയിലേക്ക് വരാൻ പറയൂ” എന്നായിരുന്നു സ്റ്റാലിന്റെ വാക്കുകൾ (“Ask Bhagat Singh to come to Moscow.” ) അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം, എങ്ങനെയാണ് സ്റ്റാലിൻ ഭഗത് സിംഗിനെക്കുറിച്ച് വ്യക്തിപരമായി അറിഞ്ഞത് എന്നല്ലേ ?
ആദ്യമേ പറഞ്ഞു സഖാവ് ഉസ്മാനിയിലൂടെ തന്നെ ഒപ്പം ഭഗത് സിങ്ങിന്റെ മരുമകളും ജീവചരിത്രകാരിയുമായ വീരേന്ദർ സിന്ധുവിന്റെ അഭിപ്രായത്തിൽ, പഞ്ചാബിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത് പ്രവർത്തിക്കുന്ന രണ്ട് ഗദർ വിപ്ലവകാരികളായ ബാബ സന്തോഖ് സിംഗ്, ബാബ ഗുർമുഖ് സിംഗ് എന്നിവരിലൂടെയും സ്റ്റാലിനും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലും ഭഗത് സിംഗിനെക്കുറിച്ച് പഠിച്ചിരിക്കാം. ഭഗത് സിംഗിനെ അവരുടെ കീർത്തി ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യാൻ പോലും ഗുർമുഖസിംഗ് ശ്രമിച്ചിരുന്നു. എന്തായാലും ഭഗത്സിങ് സ്റ്റാലിന്റെ അടുത്ത് എത്തിയിരുന്നുവെങ്കിൽ..ഒരുപക്ഷെ ഇന്ത്യയുടെ തലവര തന്നെ മാറിയേനെ



