നമ്മുടെ രാജ്യത്ത് ഭരണഘടനാ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശബ്ദമുയരുന്നുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാടിന്റെ ആവശ്യങ്ങളെ കേന്ദ്രസർക്കാർ മാനിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ എംകെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു നേതാക്കളുടെ പ്രസംഗം. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ പിണറായി വിജയന്‍, തേജസ്വി യാദവ്, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിഭിന്ന സംസ്‌കാരങ്ങളും ഭാഷാന്യൂനപക്ഷങ്ങളും ഭീഷണി നേരിടുന്നുവെന്ന് പിണറായി പറഞ്ഞു. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം കൂടുതല്‍ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം നിലനിര്‍ത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട നേരമാണിതെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തായിരുന്നു സ്റ്റാലിന്റെ പ്രസംഗം. ഇന്ത്യയുടെ ഇപ്പോഴുള്ള മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ പാര്‍ട്ടികളും കൈകോര്‍ക്കണം. എല്ലാവര്‍ക്കും എല്ലാം എന്ന ദ്രാവിഡ രാഷ്ട്രീയ മുദ്രാവാക്യം നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു.



