...
Home News Kerala ഈ ലോകം കേവലം തൃക്കാക്കര മാത്രമല്ല; തൃക്കാക്കരയിലെ വിദ്യാസമ്പന്നരായ കേവലം മധ്യ വർഗ പൊങ്ങച്ചം മാത്രമല്ല

ഈ ലോകം കേവലം തൃക്കാക്കര മാത്രമല്ല; തൃക്കാക്കരയിലെ വിദ്യാസമ്പന്നരായ കേവലം മധ്യ വർഗ പൊങ്ങച്ചം മാത്രമല്ല

ധര്‍ണയും , പിക്കറ്റിങ്ങും , ഉപരോധവും ,പ്രതിരോധവും ഒക്കെ മാത്രം നടത്തി ഇനിയുള്ള കാലം പിടിച്ചു നിൽക്കാൻ ആർക്കും കഴിയില്ല . സമരങ്ങൾ കൂടുതൽ ക്രിയാത്മകമാകേണ്ടതുണ്ട് .സമരങ്ങള്‍ സര്‍ഗാത്മകമാകുന്നത് കേവലമായ വിമര്‍ശനനങ്ങള്‍ക്കപ്പുറം അത് കൃത്യമായ ബദലുകള്‍ കൂടി രൂപപ്പെടുത്തുമ്പോഴാണ്

124

| സന്തോഷ് ടിഎൻ

ഒരു ജനാതിപത്യ സംവിധാനത്തിൽ തിരഞ്ഞെടുപ്പുകൾ അനിവാര്യമാണ് . ആരോഗ്യകരമായ സംവാദങ്ങൾ ആവണം അതിൻ്റെ കാതൽ ~ ആര് ജയിക്കുന്നു എന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ഓരോ രാഷ്ട്രീയ പാർട്ടികളും മുന്നോട്ട് വെക്കുന്ന സമീപനങ്ങളും നിലപാടുകളും. അത്തരം ഒരു ഗൗരവമായ ചർച്ചയിൽ നിന്നും വാമനമൂർത്തിയെക്കുറിച്ചോക്കെ ഓരിയിടുന്ന സംഘികളെ ആദ്യം തന്നെ ഒഴിവാക്കാം ~ റ്റൊന്റി റ്റൊന്റി പോലുള്ള ,ആം ആദ്‌മി പോലുള്ള അടിസ്ഥാന വിഷയങ്ങളിൽ നിലപാടുകൾ ഇല്ലാത്ത , അരാഷ്ട്രീയ താൽക്കാലിക തട്ടിക്കൂട്ടുകളെയും ഒഴിവാക്കാം .

പിന്നെ രണ്ടു മുന്നണികൾ മാത്രമാണ് ബാക്കി . പണ്ട് പണ്ട് രാജീവ്ഗാന്ധിയുടെ പതിനാറടിയന്തിരം വാർഡ് വാർഡാന്തരം നടത്തി വോട്ടു പിടിച്ച കോൺഗ്രസ്സുകാരുടെ പിൻതലമുറക്കാർ ഇപ്പോഴും നാട്ടുകാരുടെ സഹതാപ വോട്ടിന്റെ പിന്നാലെയാണ് . അത്തരം വഴുവഴുപ്പൻ ഡിപ്ലോമസി പ്രയോഗിക്കുന്നവരോട് പ്രത്യേകിച്ച് രാഷ്ട്രീയം പറഞ്ഞിട്ടൊന്നും കാര്യവുമില്ല. പറയാനുള്ളത് ഇടതുപക്ഷ മുന്നണിയോടാണ്
വികസനത്തെക്കുറിച്ച് കേരളത്തിൽ ആദ്യമായി ഗൗരവമായ ചർച്ചകൾ നടന്നത്
ജനകീയാസൂത്രണ കാലത്തായിരുന്നു ! വികസനം ആസൂത്രണം ഒക്കെ നിലവിലുണ്ടായിരുന്ന സങ്കൽപ്പങ്ങൾ പൊളിച്ചെഴുതപ്പെട്ടത് ആ കാലത്തതായിരുന്നു.

രാഷ്ട്രീയ പ്രവർത്തനം ,ജനാതിപത്യം ഒക്കെ കൂടുതൽ സര്ഗാത്മമാകുന്നതിനെ അത് സ്വപ്‌നം കണ്ടു. കേരളം രൂപീകരിച്ചതിനു ശേഷം ഒരുപക്ഷെ ഒരു സാമ്രാജ്യത്വ വിരുദ്ധ ബദൽ രാഷ്ട്രീയത്തെക്കുറിച്ച് ,വികസന സങ്കൽപ്പങ്ങളെക്കുറിച്ച് ഒരുപാട് സാധ്യതകൾ അത് തുറന്നിട്ടു. പക്ഷെ ജനകീയാസൂത്രണം എന്ന സങ്കൽപ്പം വളരെ ഭംഗിയായി പരാജയപ്പെട്ടു. അതിൻ്റെ ഓർമ്മകൾ പോലും അവശേഷിപ്പിക്കാതെ അത് കാലത്തിന്റെ ചവറ്റുകൂട്ടയിലേക്ക് എറിയപ്പെട്ടു.

സമ്പൂർണ സാക്ഷരതാ യജ്ഞത്തിന് ശേഷം അക്ഷരത്തിൽ നിന്നും വികസനത്തിലേക്ക് എന്ന മുദ്രാവാക്യവും പരാജയപ്പെട്ടു . വിജയ പരാജയങ്ങളുടെ കയറ്റിറക്കങ്ങൾ ആണ് ചരിത്രം. ഓരോ വിജയവും പരാജയവും ഒന്നിനേയും നിഷേധിക്കുന്നില്ല. ആ അനുഭവങ്ങളെ സമാഹരിച്ച് അത് മുന്നോട്ടു പോകുക തന്നെ ചെയ്യും
പറഞ്ഞു വന്നത് വികസനത്തെക്കുറിച്ചാണ് . പോസ്റ്റ് കൊറോണകാലം ഇപ്പോഴേ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ചിന്തിച്ചു തുടങ്ങി. നമ്മുടെ പരമ്പരാഗത വികസന ആസൂത്രണ സങ്കൽപ്പങ്ങൾക്കപ്പുറം , മാനുഷീകവും ജനകീയവുമായി മാറുന്നുണ്ടോ അത്തരം നിലപാടുകൾ. ഇടപെടലുകൾ
അടിസ്ഥാനപരമായ പ്രശ്‌നം തൊഴിൽ സാധ്യതകൾ ആണ്. വാങ്ങൽ ശേഷിയുള്ള വിപണിയാണ് . ഒരു ചെറിയ ഉദാഹരണം പറയാം. അറുപതിനായിരം പേര്‍ക്ക് തൊഴില്‍ കിട്ടാന്‍ ,എത്ര കോടി രൂപയുടെ വിദേശ നിക്ഷേപം വേണം , എത്ര ഏക്കര്‍ ഭൂമി തീറെഴുതി കൊടുക്കണം?- അറുപതിനായിരം പേര്‍ക്ക് തൊഴില്‍ കിട്ടാന്‍ കേരളത്തിലെ കുളിസോപ്പ് വിപണി മാത്രം പിടിച്ചെടുത്താല്‍ മതി.

സോപ്പ് ഉണ്ടാക്കാന്‍ ഒരല്‍പം പരിശീലനം കിട്ടിയ ഏതു കൊച്ചു കുട്ടിക്കും പറ്റും ,നല്ല വെളിച്ചെണ്ണയില്‍ ,ഇന്നു വിപണിയില്‍ കിട്ടുന്നതിനേക്കാളും ഗുണമേന്മയുള്ള സോപ്പ്. പിന്നെ വില്‍പ്പന ! സോപ്പ് വാങ്ങാന്‍ പോകുന്നവരുടെ മനസ്സില്‍ സോപ്പ് തേച്ച് കോരിത്തരിക്കുന്ന സിനിമ നടിയുടെ ചിത്രമല്ല സോപ്പ് ഉണ്ടാക്കി ജീവിതം മുന്നോട്ട് നീക്കുന്ന അയല്‍പക്കത്തെ സഹോദരിയുടെ ചിത്രം ഉണര്‍ന്നാല്‍ മാത്രം മതി : ഇതൊക്കെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട ആയാല്‍ മാത്രം മതി.

ധര്‍ണയും , പിക്കറ്റിങ്ങും , ഉപരോധവും ,പ്രതിരോധവും ഒക്കെ മാത്രം നടത്തി ഇനിയുള്ള കാലം പിടിച്ചു നിൽക്കാൻ ആർക്കും കഴിയില്ല . സമരങ്ങൾ കൂടുതൽ ക്രിയാത്മകമാകേണ്ടതുണ്ട് .സമരങ്ങള്‍ സര്‍ഗാത്മകമാകുന്നത് കേവലമായ വിമര്‍ശനനങ്ങള്‍ക്കപ്പുറം അത് കൃത്യമായ ബദലുകള്‍ കൂടി രൂപപ്പെടുത്തുമ്പോഴാണ് പോസ്റ്റ് കോവിഡ് കാലം നമ്മുടെ പരമ്പരാഗത സമരരൂപങ്ങളെ കൂടിയാണ് ,മാറ്റിമറിക്കുന്നത് . കേരളത്തിലെ ജനസംഖ്യ മൂന്നര കോടി . ഒരു വര്‍ഷം ഒരു വീട്ടില്‍ ഉപയോഗിക്കുന്നത് മിനിമം അന്‍പത് സോപ്പ് . ഓക്കേ ,അറുപതു ലക്ഷം വീട് . 60 X 50 ..അതായത് 30 കോടി സോപ്പ്. ശരാശരി ഒരു സോപ്പിനു 10 രൂപ കൂട്ടിയാല്‍ 300 കോടി രൂപയുടെ സോപ്പ് വിപണി. കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ മാത്രം ഏറ്റെടുത്താല്‍ ,അവര്‍ക്ക് പരിശീലനം നല്‍കാന്‍ യുവജന സ്ത്രീ സംഘടനകൾ തെയ്യാറായാല്‍ , ഒരു പ്രവര്‍ത്തന പരിപാടി ആയി ഏറ്റെടുത്താല്‍ ,അത് വാങ്ങി ഉപയോഗിക്കാന്‍ ഒരു സമൂഹം തെയ്യാര്‍ ആയാല്‍ വിപ്ലവം സോപ്പിലൂടെ വരും.

പക്ഷേ അതിനു സമൂഹം പരസ്പ്പരം ചേർത്തുപിടിക്കേണ്ടതുണ്ട് .പരസ്പരബന്ധിതമായ വിപണി സങ്കല്പങ്ങൾ രൂപപ്പെടേണ്ടതുണ്ട് .നമ്മള്‍ ഓരോരുത്തോരും ഒരേസമയം ഉല്‍പ്പാദകരും ഉപഭോക്താവും ആവേണ്ടതുണ്ട്. സോപ്പ് എന്നത് ഒരുപ്രതീകം മാത്രമാണ് ,അതിനെ ഒറ്റപ്പെടുത്തിക്കാണാന്‍ ആവില്ല. ഞാനുണ്ടാക്കുന്ന സോപ്പ് വാങ്ങാന്‍ അയല്‍ക്കാരനോട് പറയുമ്പോള്‍ ,അയാളുടെ മകള്‍ തുന്നിത്തരുന്ന ഷര്‍ട്ട് വാങ്ങാതെ ,വിലകൂടിയ ഫോറിന്‍ ലേബല്‍ ഉള്ള ,ഷര്‍ട്ട് മാത്രേ ഇടൂ എന്നു എന്‍റെ മകന്‍ വാശി പിടിച്ചാലോ . അതിനപ്പുറം താമസിക്കുന്നയാൽ ഉണ്ടാക്കുന്ന ചെരുപ്പിടാതെ ,ബ്രാൻഡഡ് കമ്പനി ചെരുപ്പ് തന്നെ വേണമെന്ന് ഞാന്‍ തീരുമാനിച്ചാലോ , കൈത്തറി പോര , ബ്രാന്‍ഡഡ് സാരി തന്നെ വേണം എന്ന് എന്‍റെ ഭാര്യ നിര്‍ബന്ധം പിടിച്ചാലോ . പുതിയൊരു സാമൂഹ്യക്രമത്തിലേക്ക് രൂപം മാറിയാലേ നിലനിൽപ്പുള്ളൂ എന്ന സാമാന്യബോധമാണ് പ്രധാനം.

ഇതൊക്കെ ഒരുപാട് കേട്ടതാണ് ; നിങ്ങളുടെയൊക്കെ പഴകിപ്പുളിച്ച പ്രാചീന പരമ്പരാഗത കാൽപ്പനിക വായ്‌ത്താരികളുടെ കാലം കഴിഞ്ഞു എന്ന് നമുക്ക് ആരോപിക്കാം . ഈ ലോകം സ്‌പീഡ്‌ന്റേതാണ് . വരാനിരിക്കുന്ന തലമുറകൾ ആഗ്രഹിക്കുന്നതും അതാവാം. പക്ഷെ ഭക്തി പോലെ തന്നെയാണത് . ഭക്തി ആയാലും സ്‌പീഡ് ആയാലും പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല എന്ന് പറഞ്ഞത് ആരാണ് . തീർച്ചയായും മാർക്‌സ് അല്ല എൻഗൾസും.

സാമ്പത്തിക ബന്ധങ്ങളുടെ സമീകൃത രൂപമാണ് രാഷ്ട്രീയം എന്ന് നിർവചിച്ചത് ലെനിൻ ആണ്. പട്ടിണിയും പരിവട്ടവുമൊക്കെ അറിഞ്ഞ ,പത്ത് പൈസ ST ഉള്ളത് കൊണ്ട് മാത്രം പഠിച്ച ,മണ്ണിലും മഴയിലും കവിതയിലും പുളഞ്ഞ , ജീവിതത്തിൽ ഒരുമാതിരി പണിയൊക്കെ ചെയ്‌ത , നിലവിൽ അത്യാവശ്യം നല്ലൊരു കോർപ്പറേറ്റ് പണിയുള്ള ഒരു അമ്പതുകാരൻ്റെ കാൽപ്പനികതയായോ ,വൈകാരികതയായോ കണ്ടാൽ മതി

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.