ബ്രിട്ടനിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നതായി പുതിയ പഠന റിപ്പോർട്ട്. അതേസമയം, സ്വവർഗ ലൈംഗികാനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായും പഠനം വ്യക്തമാക്കുന്നു. മെഡിക്കൽ ജേണലായ ‘ലാൻസെറ്റിൽ’ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ.
ബ്രിട്ടീഷുകാരുടെ ലൈംഗിക സമീപനങ്ങളും താൽപര്യങ്ങളും ജീവിതരീതികളും വിലയിരുത്തുന്ന നാഷണൽ സർവേ ഓഫ് സെക്ഷ്വൽ ആറ്റിറ്റ്യൂഡ്സ് ആൻഡ് ലൈഫ്സ്റ്റൈൽസ് (Natsal) പരമ്പരയിലെ നാലാമത്തെ പഠനമാണിത്. ഏകദേശം പത്ത് വർഷത്തെ ഇടവേളകളിൽ നടത്തുന്ന സർവേയുടെ ഭാഗമായി 2022 സെപ്റ്റംബർ മുതൽ 2024 ജനുവരി വരെയാണ് ഏറ്റവും പുതിയ പഠനം നടത്തിയത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽനിന്നുള്ള 16നും 59നും ഇടയിൽ പ്രായമുള്ള 6,719 പേരാണ് സർവേയിൽ പങ്കെടുത്തത്.
സർവേയിൽ പങ്കെടുത്തവരിൽ 11 ശതമാനത്തോളം പേർ ഇതുവരെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തി. 25 വയസിൽ താഴെയുള്ളവരിലാണ് ലൈംഗികബന്ധത്തിലെ കുറവ് ഏറ്റവും പ്രകടമായത്. ഈ പ്രായപരിധിയിലുള്ള 28 ശതമാനം പുരുഷന്മാരും 38 ശതമാനം സ്ത്രീകളും ഇതുവരെ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. 2010ൽ ഈ വിഭാഗത്തിൽ അഞ്ചിലൊന്നിൽ താഴെ മാത്രമായിരുന്നു അത്തരത്തിൽ പ്രതികരിച്ചിരുന്നത്.
16 മുതൽ 44 വയസുവരെയുള്ളവരുടെ പ്രതിമാസ ലൈംഗികബന്ധങ്ങളുടെ ശരാശരി എണ്ണത്തിലും വലിയ ഇടിവുണ്ടായി. 1990ൽ പ്രതിമാസം ശരാശരി നാല് തവണയായിരുന്ന ലൈംഗികബന്ധം 2024ൽ രണ്ടായി കുറഞ്ഞു. 2010ൽ പുരുഷന്മാരിലും സ്ത്രീകളിലും ഇത് ശരാശരി മൂന്ന് തവണയായിരുന്നു. എന്നാൽ 2000ൽ സ്ത്രീകൾ മാസത്തിൽ നാല് തവണയെന്ന ശരാശരിയുമായി പുരുഷന്മാരേക്കാൾ മുന്നിലായിരുന്നു. പുരുഷന്മാരുടെ ശരാശരി മൂന്ന് തവണയായിരുന്നു.
സ്വവർഗ ലൈംഗികാനുഭവങ്ങളിൽ വർധന
ലൈംഗികബന്ധങ്ങൾ കുറയുന്നതിന്റെ കൃത്യമായ കാരണങ്ങൾ ഗവേഷകർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സ്വവർഗ ലൈംഗികാനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു.
സർവേയിൽ പങ്കെടുത്ത പുരുഷന്മാരിൽ 12 ശതമാനവും സ്ത്രീകളിൽ 14 ശതമാനവും സ്വവർഗ ലൈംഗികാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി. 2010ൽ ഇത് പുരുഷന്മാരിൽ നാല് ശതമാനവും സ്ത്രീകളിൽ ഏഴ് ശതമാനത്തോളവുമായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ കണക്കുകളിൽ ഗണ്യമായ വർധനയുണ്ടായെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കുട്ടികൾ വേണ്ടെന്ന നിലപാടിൽ സ്ത്രീകൾ
ബ്രിട്ടനിലെ സ്ത്രീകൾക്കിടയിൽ കുട്ടികൾ വേണ്ടെന്ന ഉറച്ച നിലപാടും വർധിച്ചുവരുന്നതായി പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ പ്രായവിഭാഗങ്ങളിലായി കുട്ടികൾ വേണ്ടെന്ന് വ്യക്തമായി അറിയിച്ച സ്ത്രീകളുടെ അനുപാതം ഇരട്ടിയായി.
25നും 34നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ മാറ്റം കൂടുതൽ പ്രകടമായത്. ഈ പ്രായവിഭാഗത്തിലെ 16.6 ശതമാനം സ്ത്രീകളും കുട്ടികൾ വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. 2010ൽ ഇതേ വിഭാഗത്തിൽ ഈ കണക്ക് 4.4 ശതമാനം മാത്രമായിരുന്നു. ചെറുപ്പക്കാരായ സ്ത്രീകൾക്കിടയിലും സമാനമായ പ്രവണത ശക്തിപ്പെടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അശ്ലീല ഉള്ളടക്കങ്ങളുടെ ഉപയോഗത്തിലും ഡിജിറ്റൽ ലൈംഗിക ഇടപെടലുകളിലും വ്യത്യാസം
ബ്രിട്ടനിലെ പുരുഷന്മാരിൽ 80 ശതമാനത്തോളം പേർ അശ്ലീല ദൃശ്യങ്ങൾ കാണുന്നവരാണെന്നും സ്ത്രീകളിൽ ഇത് 37 ശതമാനത്തോളമാണെന്നും സർവേ വ്യക്തമാക്കുന്നു. എല്ലാ പ്രായവിഭാഗങ്ങളിലും ഈ പ്രവണത നിലനിൽക്കുന്നുണ്ട്.
അതേസമയം, ലൈംഗിക ഇടപെടലുകൾ കൂടുതൽ ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നതായും പഠനം കണ്ടെത്തി. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ കൈമാറുന്ന സെക്സ്റ്റിങ് (Sexting) യുവാക്കൾക്കിടയിൽ വ്യാപകമാണ്.
16നും 24നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 47 ശതമാനവും പുരുഷന്മാരിൽ 43 ശതമാനവും ഇത്തരം സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. 25നും 34നും ഇടയിൽ പ്രായമുള്ളവരിൽ ഈ കണക്ക് സ്ത്രീകളിൽ 29.5 ശതമാനവും പുരുഷന്മാരിൽ 35.9 ശതമാനവുമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഇത്തരം ഡിജിറ്റൽ ലൈംഗിക ഇടപെടലുകൾ ഗണ്യമായി കുറയുന്നതായും പഠനം വ്യക്തമാക്കുന്നു.
ബ്രിട്ടനിലെ ലൈംഗിക ജീവിതത്തിലും കുടുംബസങ്കൽപ്പങ്ങളിലും ഡിജിറ്റൽ ഇടപെടലുകളിലും തലമുറകൾക്കിടയിൽ വലിയ മാറ്റങ്ങളുണ്ടാകുന്നുവെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ലൈംഗികബന്ധങ്ങൾ കുറയുന്നതിനും സ്വവർഗ ലൈംഗികാനുഭവങ്ങൾ വർധിക്കുന്നതിനും പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ വിലയിരുത്തുമ്പോൾ വ്യക്തമാകുന്നു.


