...
Home News Kerala ഇനിയെങ്കിലും അവരെ പരിഗണിച്ചില്ലെങ്കിൽ ഒരറ്റത്തു നിന്നും മരിച്ചു തീർന്നു പോകുമവർ

ഇനിയെങ്കിലും അവരെ പരിഗണിച്ചില്ലെങ്കിൽ ഒരറ്റത്തു നിന്നും മരിച്ചു തീർന്നു പോകുമവർ

കുറഞ്ഞ പക്ഷം മതിയായ സൗകര്യമുള്ള ആശുപത്രികൾ എങ്കിലും ജില്ലയിൽ സ്ഥാപിക്കണം. പരിഗണനയും കരുണയും സഹജീവി സ്നേഹവുമുള്ള ആരെങ്കിലും അവരോട് നേരിട്ട് സംസാരിച്ച് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പദ്ധതികൾ നടപ്പിലാക്കണം

170

| ശരണ്യ എം ചാരു

“ഞാൻ ചാകുവോളം ഞാൻ നോക്കിക്കോളാം എനിക്ക് എന്തേലും പറ്റിയാൽ പിന്നെ ആര് നോക്കാനാണെന്റെ മക്കളെ” എന്നത്രെ എന്റോസൾഫാൻ ഇരകളുടെ അമ്മമാർ ചോദിച്ചിട്ടുണ്ടെന്ന് ഒരു പിടിയുമില്ല. അവർക്ക് മുന്നിലെത്തുന്ന ഓരോ ആളിനോടും അവരീ ചോദ്യം ചോദിക്കും, അധികാരികളോടും, സാമൂഹ്യ പ്രവർത്തകരോടും, നാട്ടുകാരോടുമെന്നു വേണ്ട കരുണയുടെ അവസാന കാണികയെങ്കിലും ബാക്കി ഉണ്ടെന്ന് തോന്നുന്ന ഓരോ കണ്ണിലും അവരീ ചോദ്യത്തിന്റെ ഉത്തരം തിരയാറുണ്ട്.

മാറി മാറി വന്ന ഓരോ ഭരണകൂടവും ഈ ചോദ്യത്തിനുള്ള ഉത്തരം നിരസിക്കുമ്പോൾ ആത്മഹത്യ അല്ലാതെ മറ്റ് വഴികളില്ലെന്നോർത്ത് സ്വയം ഇല്ലാതാവുകയാണ് മനുഷ്യർ. ഇന്നലെ കാസർഗോഡ് ഒരമ്മയും മകളും കൂടി ആത്മഹത്യ ചെയ്തു. ചാമുണ്ഡി കുന്നിലെ വിമലയും മകൾ രേഷ്മയും. പാചക തൊഴിലാളിയായ വിമല 28 വയസ്സുള്ള മകൾക്കൊപ്പം ആത്മഹത്യ ചെയ്തത് മുന്നോട്ടിനി ഒരൊറ്റ ചുവട് പോലും ജീവിക്കാൻ കഴിയില്ലെന്ന ബോധ്യത്തിൽ തന്നെ ആയിരിക്കുമെന്ന് എനിക്കുറപ്പാണ്.

സംസാരിച്ച ഓരോ കുടുംബത്തിലും മക്കളുടെ ഭാവിയെ കുറിച്ചോർത്തുന്ന അത്രമേൽ അരക്ഷിതാവസ്ഥ ഞാൻ കണ്ടിട്ടുണ്ട്. “ഞാൻ ചാകുവോളം ഞാൻ നോക്കിക്കോളാം എനിക്ക് എന്തേലും പറ്റിയാൽ പിന്നെ ആര് നോക്കാനാണെന്റെ മക്കളെ”യെന്ന ചോദ്യം കേട്ടിട്ടുണ്ട്.

സമരം ചെയ്തും, പ്രതിഷേധിച്ചും, കളക്ട്രേറ്റ് നടയിൽ കുത്തിയിരുന്നും തളർന്നു പോയിരിക്കുന്നു ആ ജനത. ആരെങ്കിലും ഇനിയെങ്കിലും അവരെ പരിഗണിച്ചില്ലെങ്കിൽ ഒരറ്റത്തു നിന്നും മരിച്ചു തീർന്നു പോകുമവർ. മനുഷ്യനാണെന്ന പരിഗണന മതി. വയ്യാത്തവരോട് കാണുക്കുന്ന സഹജീവി സ്നേഹം മതി, അർഹിക്കുന്ന ആനുകൂല്യങ്ങൾ മുടക്കമില്ലാതെ നൽകിയാൽ മതി. അവർ ജീവിച്ചു കൊള്ളും.

നിലവിലെ അവസ്ഥയിൽ അവർക്ക് ജീവിതം സാധിക്കില്ല. തൊഴിലെടുക്കാൻ കഴിയില്ല. എന്തിന് വയ്യാത്ത മക്കളെ തനിച്ചാക്കി അമ്മമാർക്ക് ഒന്ന് ആശുപത്രിയിൽ പോകാൻ പോലും സാധിക്കില്ല. ഒന്നുകിൽ ഇത്തരം കുട്ടികളെ രാത്രിയും പകലും സംരക്ഷിക്കാൻ പാകത്തിൽ ഷെൽട്ടർ ഹോമുകൾ ഉണ്ടാവണം. കുറഞ്ഞ പക്ഷം മതിയായ സൗകര്യമുള്ള ആശുപത്രികൾ എങ്കിലും ജില്ലയിൽ സ്ഥാപിക്കണം. പരിഗണനയും കരുണയും സഹജീവി സ്നേഹവുമുള്ള ആരെങ്കിലും അവരോട് നേരിട്ട് സംസാരിച്ച് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പദ്ധതികൾ നടപ്പിലാക്കണം.

മരിച്ച വിമലയുടെയും രേഷ്മയുടെയും വീടിനോട് ചേർന്ന് ഒരു ബഡ്‌സ് സ്കൂൾ കെട്ടിയിട്ടിട്ട് വർഷമെത്ര കഴിഞ്ഞെന്നോ, കാട് പിടിച്ച് കിടപ്പാണ് പോലും ആ സ്കൂൾ. മരണ വീട്ടിൽ ചെല്ലുന്നവർ അത് കൂടി ഒന്ന് പോയി കാണണം. കാട് പിടിച്ചതും, ചുവപ്പ് നാടയിൽ കുടുംങ്ങാത്തതുമായ എന്തെങ്കിലുമുണ്ടോ അവർക്ക് സ്വന്തമായിട്ടെന്ന് അന്വേഷിക്കണം. രാത്രിയിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ എത്തുന്ന ആളുകൾക്ക് വേണ്ടിയുള്ള സ്കാനിങ്, എക്സ്റേ സംവിധാനമെങ്കിലുമുണ്ടോ കാസർകോട് എന്നൊന്ന് തിരക്കണം. രാവിലെ ആവാതെ ഇത് ചെയ്യാൻ കഴിയുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു കൊടുക്കണമവർക്ക്.

ഇനിയും ഭരണകൂടം ഇങ്ങനെ മൗനമാചരിക്കുകയാണെങ്കിൽ ഒരു കാര്യം ഉറപ്പാണ് നിങ്ങളുടെ ലക്ഷ്യം അവരുടെ മരണങ്ങൾ തന്നെ ആണെന്ന് കരുത്തേണ്ടി വരും. മരിച്ചു മരിച്ചു തീർന്നാൽ പിന്നെ ആ നിലവിളികൾ കേൾക്കേണ്ടതോ, പരിഗണിക്കേണ്ടതോ ഇല്ലല്ലോ ല്ലേ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.