...
Home News National ജനാധിപത്യം കശാപ്പുചെയ്യപ്പെടുമ്പോൾ വടിയെടുത്ത് സുപ്രീം കോടതി

ജനാധിപത്യം കശാപ്പുചെയ്യപ്പെടുമ്പോൾ വടിയെടുത്ത് സുപ്രീം കോടതി

ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വരണാധികാരിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് എ.എ.പി.യും കോൺഗ്രസും ഹൈക്കോടതിയെ സമീപിച്ചത്.

191

ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടുവെന്ന് രാജ്യത്തെ പരമോന്നത കോടതി ഒരു വരണാധികാരിയുടെ പ്രവർത്തിയെ ചൂണ്ടികാട്ടി പരോക്ഷമായി വിമർശിക്കുക, ബാലറ്റ് പേപ്പറുകൾ പരിശോധിച്ച് ക‍ൃത്രിമം ചൂണ്ടികാട്ടി തിരഞ്ഞെടുപ്പ് ഫലം വീണ്ടും പ്രഖ്യാപിക്കുക…. ചരിത്രത്തിലാദ്യമായാണ് ഒരു വരണാധികാരിയെ ചീഫ് ജസ്റ്റിസ് നേരിട്ട് വിസ്തരിക്കുക… കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തെ സുപ്രീം കോടതിയിൽ സംഭവിക്കുന്നത് ജനാധിപത്യത്തെ സംരക്ഷിക്കാൻ മൂന്നാം തൂൺ നേരിട്ടിറങ്ങുന്നതാണ്. ബിജെപിക്ക് വന്‍ തിരിച്ചടി സമ്മാനിച്ചാണ് ചൊവ്വാഴ്ച ചണ്ഡിഗഢ് മേയറായി AAP അംഗം ജയിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചത്.

ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ വരണാധികാരി ബിജെപി അംഗത്തെ അട്ടിമറിയിലൂടെ മേയറാക്കിയ നടപടിയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, ജെ.ബി. പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് അസാധുവാക്കിയത്. തിരഞ്ഞെടുപ്പിലെ എട്ട് വോട്ടുകള്‍ അസാധുവാണെന്നായിരുന്നു വോട്ടെണ്ണലിൽ വരണാധികാരി അനില്‍ മസീഹ് നിലപാടെടുത്തത്. ഇതോടെ 36 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി.ക്കു 16 വോട്ടും എ.എ.പി. കോൺ​ഗ്രസ് സഖ്യത്തിന് 12 വോട്ടുമായി. എ.എ.പി, കോണ്‍ഗ്രസ് സഖ്യത്തിന് 20 പേരുടെയും ബിജെപിക്ക് 16 പേരുടെയും പിന്തുണയുണ്ടായിരുന്നതുകൊണ്ടുതന്നെ ഇന്ത്യ സഖ്യം അനായാസം വിജയിക്കുമെന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്.

ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വരണാധികാരിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് എ.എ.പി.യും കോൺഗ്രസും ഹൈക്കോടതിയെ സമീപിച്ചത്. ഒട്ടേറെ പ്രതിപക്ഷനേതാക്കൾ വീഡിയോ സാമൂഹികമാധ്യങ്ങളിൽ പങ്കുവെച്ചിരുന്നു. സ്റ്റേചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിച്ചു. ബാലറ്റും വീഡിയോദൃശ്യങ്ങളും സംരക്ഷിക്കാൻ നിർദേശം നൽകിയ സുപ്രീംകോടതി, വരണാധികാരി അനിൽ മസീഹിനോട് 19-ന് നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ ഞായറാഴ്ച രാത്രി മേയറായി വിജയിച്ച ബി.ജെ.പി അം​ഗം മനോജ് സോങ്കർ രാജിവച്ചിരുന്നു. ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയതുൾപ്പെടെ പരി​ഗണിക്കുമ്പോൾ ബി.ജെ.പിക്കിത് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.