ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ടി20 ലോകകപ്പ് 2024 ലെ അവസാന മത്സരത്തിൽ ഇന്ത്യ 7 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. കളിയിൽ 177 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 20 ഓവറിൽ 169/8 എന്ന നിലയിൽ ഒതുങ്ങി. നേരത്തെ, വിരാട് കോഹ്‌ലി 59 പന്തിൽ 76 റൺസുമായി നങ്കൂരമിട്ടപ്പോൾ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടമാണിത്. 2007ല്‍ എം.എസ്. ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം. ധോണിക്കു ശേഷം ലോകകപ്പ് ഉയർത്തുന്ന ക്യാപ്റ്റനായി രോഹിത് ശർമ. സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176, ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റിന് 169.
ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയിൽ നിർണായകമായത്. 16 റൺസായിരുന്നു അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ബൗണ്ടറി ലൈനിനു സമീപത്തു നിൽക്കുകയായിരുന്ന സൂര്യകുമാർ യാദവ് തകർപ്പൻ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 20–ാം ഓവറിൽ എട്ടു റൺസ് മാത്രമാണ് ഇന്ത്യ വഴങ്ങിയത്.
ഹെൻറിച് ക്ലാസൻ അർധ സെഞ്ചറി നേടി. 27 പന്തിൽ 52 റൺസെടുത്താണു താരം പുറത്തായത്. ഓപ്പണർ റീസ ഹെൻറിക്സ് (നാല്), ക്യാപ്റ്റൻ എയ്ഡന്‍ മാർക്രം (നാല്), ട്രിസ്റ്റൻ സ്റ്റബ്സ് (21 പന്തിൽ 31), ക്വിന്റൻ ഡികോക്ക് (31 പന്തിൽ 39) എന്നിവരും പുറത്തായി. ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറിൽ റീസ ബോൾഡാകുകയായിരുന്നു. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാർക്രത്തെ പുറത്താക്കി.
ഡികോക്കും സ്റ്റബ്സും കൈകോർത്തതോടെ പവർപ്ലേയിൽ ദക്ഷിണാഫ്രിക്ക നേടിയത് 42 റണ്‍സ്. സ്കോർ 70ൽ നിൽക്കെ സ്റ്റബ്സിനെ സ്പിന്നർ അക്ഷർ പട്ടേൽ ബോൾഡാക്കി. 11.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 100 പിന്നിട്ടത്. 13–ാം ഓവറിൽ ഡികോക്കിനെ അർഷ്ദീപ് സിങ് കുൽദീപ് യാദവിന്റെ കൈകളിലെത്തിച്ചു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. രോഹിത് ശർമയുടേതുൾപ്പെടെ മൂന്നു മുൻനിര വിക്കറ്റുകൾ തുടക്കത്തിൽ നഷ്ടമായെങ്കിലും വിരാട് കോലി നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 59 പന്തുകൾ നേരിട്ട കോലി 76 റൺസെടുത്തു പുറത്തായി. 31 പന്തുകൾ നേരിട്ട അക്ഷര്‍ പട്ടേൽ 47 റൺസെടുത്തു മടങ്ങി. ശിവം ദുബെ 16 പന്തിൽ 27 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമയും (അഞ്ച് പന്തിൽ ഒൻപത്), ഋഷഭ് പന്തും, സൂര്യകുമാർ യാദവും (അഞ്ച് പന്തിൽ മൂന്ന്) പവർപ്ലേ അവസാനിക്കും മുൻപേ പുറത്തായിരുന്നു.
മാർകോ ജാൻസന്റെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോലി തുടങ്ങിയത്. ആദ്യ ഓവറിൽ ഇന്ത്യ നേടിയത് 15 റൺസ്. രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്ക സ്പിന്നര്‍ കേശവ് മഹാരാജിനെ ഇറക്കിയപ്പോൾ ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയായിരുന്നു രോഹിത് ശർമയുടെ മറുപടി.
എന്നാൽ നാലാം പന്തിൽ രോഹിത്തിന് അടി പതറി. സ്ക്വയർ ലെഗിലേക്കു പോയ പന്ത് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു. പിന്നാലെയെത്തിയ ഋഷഭ് പന്ത് ഒരു റൺ കൂട്ടിച്ചേർക്കും മുൻപേ പോയി. കേശവ് മഹാരാജിന്റെ പന്ത് ഋഷഭിന്റെ ബാറ്റിൽ തട്ടി ഉയർന്നപ്പോൾ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് പിടിച്ചെടുക്കുകയായിരുന്നു.
കഗിസോ റബാദയെറിഞ്ഞ അഞ്ചാം ഓവറിൽ സൂര്യകുമാർ യാദവും പുറത്തായി. മൂന്നാം പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച് ക്ലാസൻ ക്യാച്ചെടുത്തു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ അക്ഷർ പട്ടേലിനെ നേരത്തേയിറക്കി. എയ്ഡന്‍ മാർക്രത്തെയും കേശവ് മഹാരാജിനെയും സിക്സർ പറത്തിയ അക്ഷര്‍ ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി.
സ്പിന്നർമാരെ ഇറക്കി റണ്ണൊഴുക്കു തടയുകയെന്നതായിരുന്നു മധ്യഓവറുകളിലെ ദക്ഷിണാഫ്രിക്കൻ തന്ത്രം. 10 ഓവറിൽ 75 റൺസാണ് ഇന്ത്യ നേടിയത്. സ്കോര്‍ 100 പിന്നിട്ടതിനു പിന്നാലെ അക്ഷർ പട്ടേല്‍ വീണു. 14–ാം ഓവറിൽ റണ്ണിനായി ഓടുന്നതിലുണ്ടായ ആശയക്കുഴപ്പത്തിനിടെ ക്വിന്റൻ ഡികോക്ക് താരത്തെ റൺഔട്ടാക്കി.
കോലിക്കു പിന്തുണയേകി ശിവം ദുബെ നിലയുറപ്പിച്ചതോടെ അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോർ ഉയർന്നു. 18 ഓവറിൽ ഇന്ത്യ 150ൽ എത്തി. 19–ാം ഓവറിൽ മാർകോ ജാൻസനെ ബൗണ്ടറി കടത്താൻ ശ്രമിച്ച കോലിയെ കഗിസോ റബാദ ക്യാച്ചെടുത്തു പുറത്താക്കി. ആൻറിച് നോർട്യ എറിഞ്ഞ അവസാന ഓവറിൽ ശിവം ദുബെയും പുറത്തായി.



