കേന്ദ്രസർക്കാർ സംസ്ഥാനത്ത് ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രമേയം കൊണ്ടുവരാൻ തമിഴ്‌നാട് നിയമസഭ ഒരുങ്ങുന്നു. ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനത്തിൽ പ്രമേയം പാസാക്കാനാണ് സാധ്യത.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, എല്ലാ ഭാഷകളെയും ‘തുല്യമായി’ പരിഗണിക്കണമെന്ന് പ്രമേയം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി പഠന മാധ്യമമാക്കാൻ പാർലമെന്ററി പാനൽ നിർദേശിച്ചതിന് പിന്നാലെയാണിത്.
ഒക്‌ടോബർ 16ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു, ‘ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ സമീപകാല ശ്രമങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഹാനികരമാണെന്നും’ സർക്കാർ പ്രമേയം സഭയിൽ അവതരിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
“ഇത്തരം അപ്രായോഗികവും വിഭജിക്കുന്നതുമായ ശ്രമങ്ങൾ ഹിന്ദി ഇതര സംസ്ഥാനക്കാരെ പ്രതികൂല സാഹചര്യത്തിലാക്കുകയും യൂണിയൻ-സംസ്ഥാന ബന്ധങ്ങളുടെ ആത്മാവിനെ അപകടത്തിലാക്കുകയും ചെയ്യും. #StopHindiImposition! 8-ാം ഷെഡ്യൂളിലെ എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകളാക്കുക!,” അദ്ദേഹം തുടർന്നു ട്വീറ്റ് ചെയ്തു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ തമിഴ്‌നാട് പൂർണ്ണമായി എതിർക്കുകയും വ്യാപകമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുകയും ചെയ്തു. ഒക്‌ടോബർ 13 ന് ഡിഎംകെയുടെ യുവജന-വിദ്യാർത്ഥി വിഭാഗം ഈ നീക്കത്തിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു.



