പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രം തങ്കലാൻ തിയേറ്ററുകളിലേക്ക്. ഒരിടവേളയ്ക്ക് ശേഷമുള്ള വിക്രമിൻ്റെ വേറിട്ട പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനും പ്രതീക്ഷ നൽകുന്നതാണ്.
അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം അഞ്ചു കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങളൊന്നും വലിയൊരു നേട്ടം കൈവരിച്ചിരുന്നില്ല. തങ്കലാൻ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലഘട്ടത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ പശ്ചാത്തലം കോലാർ ഗോൾഡ് ഫീൽഡാണ്. തൻ്റെ ഭൂമിയിൽ സ്വർണ്ണ ഖനനം നടത്താൻ വരുന്നവരിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന ആദിവാസ നേതാവായാണ് വിക്രമെത്തുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ അടക്കം ആരാധകർക്കിടയിൽ ചർച്ചാ വിഷയമായി.



