...
Home News National ടെലഗ്രാഫ് പത്രം: എഡിറ്റര്‍ സ്ഥാനത്തുനിന്ന് ആര്‍ രാജഗോപാലിനെ അപ്രധാനമായ പദവിയിലേക്ക് മാറ്റി

ടെലഗ്രാഫ് പത്രം: എഡിറ്റര്‍ സ്ഥാനത്തുനിന്ന് ആര്‍ രാജഗോപാലിനെ അപ്രധാനമായ പദവിയിലേക്ക് മാറ്റി

കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും സ്വീകരിച്ച ശക്തമായ നിലപാടു കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പത്രമാണ് ദ ടെലഗ്രാഫ്. ആര്‍ രാജഗോപാല്‍ പത്രാധിപരായ ശേഷം പത്രത്തിന്റെ തലക്കെട്ടുകള്‍ അന്തർദേശീയ തലത്തിൽ പോലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

393

മലയാളിയായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാലിനെ കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലഗ്രാഫ് പത്രത്തിൻ്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി. പത്രത്തിന്റെ പുതിയ പത്രാധിപർ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശങ്കര്‍ഷന്‍ താക്കുറാണ് . നിലവിൽ എഡിറ്റര്‍ അറ്റ് ലാര്‍ജ്ജ് എന്ന താരതമ്യേന അപ്രധാനമായ പദവിയിലേക്കാണ് ആര്‍ രാജഗോപാലിനെ മാറ്റിയിട്ടുള്ളത്.

കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും സ്വീകരിച്ച ശക്തമായ നിലപാടു കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പത്രമാണ് ദ ടെലഗ്രാഫ്. ആര്‍ രാജഗോപാല്‍ പത്രാധിപരായ ശേഷം പത്രത്തിന്റെ തലക്കെട്ടുകള്‍ അന്തർദേശീയ തലത്തിൽ പോലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിപ്പൂരില്‍ വർഗീയ സംഘര്‍ഷം വ്യാപിപ്പിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ 79 ദിവസത്തിന് ശേഷം മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ മുതലക്കണ്ണീര്‍ എന്ന സൂചന തലക്കെട്ടും, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സന്യാസിമാരുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് 2023 ബിസി എന്ന തലക്കെട്ടിട്ടതുമായിരുന്നു ഈയിടെ പ്രസിദ്ധീരിച്ച, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തലക്കെട്ടുകള്‍.

രാജ്യത്തെ തീവ്ര വലതുപക്ഷത്തിനും ഹിന്ദുത്വത്തിനും മോദി സർക്കാറിൻ്റെ നിലപാടുകൾക്കുമെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ് ആർ രാജഗോപാൽ. കേരളത്തിൽ തിരുവനന്തപുരം സ്വദേശിയായ ആര്‍ രാജഗോപാല്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി ടെലഗ്രാഫിന്റെ പത്രാധിപരാണ്.

അതേസമയം, അദ്ദേഹത്തെ എന്തുകൊണ്ടാണ് പത്രാധിപ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് മാനേജ്‌മെന്റ് ഇതുവരെ വിശദീകരിച്ചിട്ടില്ല. എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന സാധാരണ ഗതിയില്‍ എഡിറ്റോറിയല്‍ നിലപാടുകളെ സ്വാധീനിക്കാന്‍ കഴിയാത്ത പദവിയിലേക്കാണ് ആര്‍ രാജഗോപാലിനെ മാറ്റിയത്. ഈ മാറ്റത്തെക്കുറിച്ച് പ്രതികരിക്കാൻ ആർ രാജഗോപാലും തയ്യാറായില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.