...
Home News കേരളത്തിന്റെ സാംസ്‌കാരിക ആഘോഷത്തെ സംഘപരിവാറിന് തീറെഴുതി നൽകുന്ന പ്രവണത അങ്ങേയറ്റം അപകടകരമാണ്

കേരളത്തിന്റെ സാംസ്‌കാരിക ആഘോഷത്തെ സംഘപരിവാറിന് തീറെഴുതി നൽകുന്ന പ്രവണത അങ്ങേയറ്റം അപകടകരമാണ്

തിരുവമ്പാടി ചമയപ്രദർശനം മന്ത്രിമാരായ കെ രാജനും കെ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തപ്പോഴാണ് ആ മണ്ഡലത്തിന്റെ ജനപ്രതിനിധി പോലുമല്ലാത്ത സുരേഷ് ഗോപി പാറമേക്കാവിന്‍റെ ചമയപ്രദർശനം ഉദ്ഘാടനം ചെയ്തത്.

184

| ഹരിമോഹൻ

ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരത്തിനു സർക്കാർ ധനസഹായം നൽകിയ വർഷംതന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ഒരാളുടെ മുഖവും ചരിത്രത്തിലാദ്യമായി പൂരത്തിന്റെ മുഖങ്ങളിൽ ഒന്നാകുന്നു.

പൂരത്തിന്റെ ഭാഗമായുള്ള കുടകളിൽ വി.ഡി സവർക്കർ എന്ന ആർ.എസ്.എസ് സൈദ്ധാന്തികന്റെ, ബ്രിട്ടീഷുകാർക്ക് ആറുതവണ മാപ്പപേക്ഷ എഴുതിനൽകി സ്വാതന്ത്ര്യപോരാട്ടത്തെ വഞ്ചിച്ചയാളുടെ ചിത്രം അച്ചടിച്ചിരിക്കുന്നു. “ബ്രിട്ടീഷ് സർക്കാരിനെ അവരാഗ്രഹിക്കുംവിധം സേവിക്കാൻ തയ്യാറാണ്” എന്നെഴുതിക്കൊടുത്ത അതേ സവർക്കറുടെ ചിത്രം. അക്രമപാത ഉപേക്ഷിക്കുമെന്നും ബ്രിട്ടീഷ്‌ നിയമങ്ങളും ഭരണഘടനയും അംഗീകരിക്കുമെന്നും മൊണ്ടേഗു ചെംസ്‌ഫോർഡ്‌ ഭരണപരിഷ്‌കാരങ്ങൾ വിജയിപ്പിക്കാൻ ശ്രമിക്കുമെന്നും ബ്രിട്ടീഷുകാരോടു പറഞ്ഞ ആർ.എസ്.എസിന്റെ അതേ വീർ സവർക്കറുടെ ചിത്രം. 1939 ഒക്ടോബർ മൂന്നിന്‌ വൈസ്രോയി ലിൻലിത്‌ഗോവിനെ സന്ദർശിച്ച്, ബ്രിട്ടീഷുകാർക്ക്‌ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌ത അതേ സവർക്കറുടെ ചിത്രം.

സർക്കാർ 15 ലക്ഷം രൂപ നൽകിയ, റവന്യു മന്ത്രി കെ രാജനും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും മുൻമന്ത്രി വി.എസ് സുനിൽകുമാറും മുഴുവൻ സമയവും ക്യാമ്പ് ചെയ്യുന്ന ഒരിടത്താണു സംഘപരിവാർ ഭരണകൂടം നടപ്പിലാക്കാൻ മാത്രം സാധ്യതയുള്ള ഒരു പ്രവൃത്തി ദേവസ്വത്തിൽ നിന്നുണ്ടായത്.

ആസാദി എന്നു പേരിട്ടിരിക്കുന്ന കുട ഉൾപ്പെട്ട പാറമേക്കാവ് ചമയപ്രദർശനം ഉദ്ഘാടനം ചെയ്തതു സുരേഷ് ഗോപിയാണ്. തിരുവമ്പാടി ചമയപ്രദർശനം മന്ത്രിമാരായ കെ രാജനും കെ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തപ്പോഴാണ് ആ മണ്ഡലത്തിന്റെ ജനപ്രതിനിധി പോലുമല്ലാത്ത സുരേഷ് ഗോപി പാറമേക്കാവിന്‍റെ ചമയപ്രദർശനം ഉദ്ഘാടനം ചെയ്തത്. അടുത്ത തവണ അയാളെക്കൊണ്ടു തൃശ്ശൂർ എടുപ്പിക്കുക എന്നതു മറ്റാരേക്കാളും സംസ്ഥാന സർക്കാരിന്റെ ആവശ്യമാണ് എന്നു തോന്നുന്നു.

പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആ കുടകൾ ഏതൊക്കെ മൂലയിലേക്കു മാറ്റപ്പെട്ടാലും തൃശ്ശൂർ പൂരമെന്ന കേരളത്തിന്റെ സാംസ്‌കാരിക ആഘോഷത്തെ സംഘപരിവാറിനു ഘട്ടം ഘട്ടമായി തീറെഴുതി നൽകുന്ന പ്രവണത അങ്ങേയറ്റം അപകടം തന്നെയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.