...
Home News Kerala വാചകങ്ങളെ ഏത് രീതിയിൽ വേണമെങ്കിലും ട്വിസ്റ്റ് ചെയ്യാം; മാതൃഭൂമി ന്യൂസ് ആദ്യ മരുന്നിട്ട് കൊടുത്തു

വാചകങ്ങളെ ഏത് രീതിയിൽ വേണമെങ്കിലും ട്വിസ്റ്റ് ചെയ്യാം; മാതൃഭൂമി ന്യൂസ് ആദ്യ മരുന്നിട്ട് കൊടുത്തു

വാചകങ്ങളെ ഏത് രീതിയിൽ വേണമെങ്കിലും ട്വിസ്റ്റ് ചെയ്യാം, അതിന് മാതൃഭൂമി ന്യൂസ് ആദ്യ മരുന്നിട്ട് കൊടുക്കുകയും എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. മാതൃഭൂമി ന്യൂസ് ഇപ്പോൾ തിരുത്തിയിട്ടുണ്ടത്രേ

223

| ശ്രീകാന്ത് പികെ

ചില സന്ദർഭങ്ങളിൽ വായിൽ നിന്ന് വീഴുന്ന ഒരു മുക്കലോ മൂളലോ മതി, അത് വരെയുള്ള സകലതും നേരെ തലതിരിഞ്ഞു പോകും. വാക്കുകളിൽ സൂക്ഷ്മത പുലർത്തുക എന്നത് പതം വന്ന രാഷ്ട്രീയക്കാർ പുലർത്തുന്ന ഒരു രീതിയാണ്.

എന്തൊക്കെ സൂക്ഷ്മത പുലർത്തിയാലും ചില ഘട്ടങ്ങളിൽ ‘അനാവശ്യമായ സത്യസന്ധത’ നെഗറ്റീവ് റിസൾട്ട് ഉണ്ടാക്കും.അതിലൊന്നാണ് മന്ത്രി വീണാ ജോർജ്ജിന് ഇന്ന് സംഭവിച്ചത്. ” ഈ മോൾ ഒരു ഹൗസ്‌ സർജ്ജൻ ആണ്‌. അത്ര എക്സ്‌പീരിയൻസ്ഡ്‌ അല്ല, അത്‌ കൊണ്ട്‌ തന്നെ ഇങ്ങനെ ഒരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട്‌ എന്നാണ്‌ ഡോക്ടേഴ്സ്‌ അവിടെ നിന്നും അറിയിച്ചിട്ടുള്ള ഒരു വിവരം “

അതെന്താ, എക്സ്പീരിയൻസ് ഉണ്ടേൽ അക്രമം തടയാൻ പറ്റുമോ? ഡോക്ടർമാർ എക്സ്പീരിയൻസിനായി ഇനി കളരിയും കരാട്ടെയുമൊക്കെ കൂടെ പഠിക്കാം, ഒരാൾ കുത്താൻ വരുമ്പോൾ എക്സ്പീരിയൻസ് ഉണ്ടേൽ എന്ത് മാറ്റം വരും എന്നാണ് മന്ത്രി പറയുന്നത്?, എന്തിന്റെ എക്സ്പീരിയൻസിനെ കുറിച്ചാണ് പറയുന്നത്? – എല്ലാ വിഷമങ്ങളും പരിഭവങ്ങളും പരാതികളും പരിഹാസങ്ങളും സന്ദർഭത്തിൽ സാങ്കേതികമായി വാലിഡാണ്. ഇനിയെന്തായിരുന്നു മന്ത്രി മേൽ സൂചിപ്പിച്ച ഡോക്റ്റർ പറഞ്ഞത്.

” ഡ്രസിങ് റൂമിൽ വച്ച് എന്തോ ഇൻസ്‌ട്രുമെന്റ് എടുത്ത് അക്രമി ആദ്യം ബന്ധുവിനെ കുത്തി, പിന്നീട് കൂടെ വന്ന പോലീസിനെ ഉപദ്രവിച്ചു, കണ്ടു വന്ന ഓഫീസറെ മർദ്ധിച്ചു താഴെയിട്ടു. അവർ രണ്ടു പേരും അവരുടെ പ്രാണ രക്ഷാർത്ഥം പുറത്തേക്ക് പോയി ഡോർ അടച്ചു. ഇത് കഴിഞ്ഞ് ഹൗസ് സർജനായിരുന്നു ഡോ: വന്ദന, ഞങ്ങൾ കേസ് ഡിസ്‌കസ് ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്നു, മറ്റ് ലേഡീസ് സ്റ്റാഫും ഒരു ആംബുലൻസ് ഡ്രൈവർ രാജേഷുയുണ്ടായിരുന്നു കൂടെ.

പെട്ടെന്ന് രാജേഷ് ഞങ്ങളോട് പറഞ്ഞു റൂമിൽ കയറി കതകടക്ക് കതകടക്ക് എന്ന്, ഇയാൾ വരുന്നുണ്ടാണെന്ന് തോന്നുന്നു. ഞാൻ റൂമിൽ കയറി, സിസ്റ്റേഴ്സ് എല്ലാവരും അവരുടെ റൂമിൽ കയറി, പക്ഷെ നന്ദന കുറച്ച് മുന്നോട്ട് നടന്നു. അപ്പോൾ ഞങ്ങൾ എല്ലാവരും കൂടി റൂം തുറന്ന് വിളിച്ചു ആളെ, പക്ഷേ ആള് പേടിച്ച് പോയിട്ടാണെന്ന് തോന്നുന്നു ആളിങ്ങനെ സ്റ്റെക്കായിട്ടവിടെ നിൽക്കുകയായിരുന്നു… ചെറിയ കുട്ടിയല്ലേ പെട്ടെന്ന് പേടിച്ചു പോയതാകണം “

ഇനി മന്ത്രി പറഞ്ഞത് ഒന്ന് കൂടി വായിച്ചാൽ സംഭവം നേരിൽ കാണാത്ത മന്ത്രിക്ക്, കണ്ടവരിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യ പ്രതികരണമായി പുറത്ത് വന്നതാണ് ഇപ്പോൾ വിവാദമായ പ്രസ്താവന. അത് അങ്ങനെയാണോ പറയേണ്ടിയിരുന്നത് എന്ന് ചോദിക്കാം, എന്നാൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന വിവാദം വീണ ജോർജ്ജ് മനസാ വാചാ ആലോചിച്ചിട്ട് കൂടിയുണ്ടാകില്ല എന്നത് മാത്രമല്ല, ഏതൊരാൾക്കും രണ്ട് വട്ടം കണ്ടാൽ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാകുന്നത് കൂടിയാണ്.

‘നല്ല വണ്ണം വരുത്തണേ ഭഗവാനെ’ എന്ന് പ്രാർത്ഥിച്ചപ്പോൾ ഭഗവാൻ വണ്ണം കൂട്ടി എന്ന് പറഞ്ഞത് പോലെ വാചകങ്ങളെ ഏത് രീതിയിൽ വേണമെങ്കിലും ട്വിസ്റ്റ് ചെയ്യാം, അതിന് മാതൃഭൂമി ന്യൂസ് ആദ്യ മരുന്നിട്ട് കൊടുക്കുകയും എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. മാതൃഭൂമി ന്യൂസ് ഇപ്പോൾ തിരുത്തിയിട്ടുണ്ടത്രേ, എന്ത് കാര്യം, ചെയ്യേണ്ട ഡാമേജ് ചെയ്ത് കഴിഞ്ഞു. ഇങ്ങനെ ന്യായീകരണ തൊഴിലാളി ആവല്ലടാ – ഒട്ടും താല്പര്യമില്ല, പക്ഷെ ആരോപണ മുതലാളിമാർക്കും അത് ബാധകമാണെന്ന് പറഞ്ഞു കൊടുക്കണം.

ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ദുരന്തം, പ്രായോഗികമായ ഒരളവുകോലു വച്ചും നിയന്ത്രിക്കാൻ സാധ്യമല്ലാത്ത ഒരപകടമൊക്കെ നടക്കുമ്പോൾ ഒന്നിച്ചു നിൽക്കാതെ കേവല താല്പര്യങ്ങൾക്കായി നിൽക്കുന്ന പ്രബുദ്ധ മലയാളികളുടെ വളർച്ച എവിടെ ചെന്ന് നിൽക്കുമെന്ന് കണ്ട് തന്നെയറിയണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.