...
Home News Kerala അരിയിൽ ശുക്കൂർ കേസ്: യുഡിഎഫ് കാലത്തെ രാഷ്ട്രീയ വേട്ടയുടെ ബാക്കിപത്രം

അരിയിൽ ശുക്കൂർ കേസ്: യുഡിഎഫ് കാലത്തെ രാഷ്ട്രീയ വേട്ടയുടെ ബാക്കിപത്രം

തളിപ്പറമ്പിലെ യുഡിഎഫ് എന്നാൽ ലീഗാണ്. വടക്കൻ മലബാറിലെ ലീഗെന്നാൽ മറ്റു പ്രദേശത്തുള്ളവർക്ക് മനസിലാൻ പോലും പ്രയാസമുള്ള ജനുസ്സാണ്.

11

| ശ്രീകാന്ത് പി.കെ

അരിയിൽ ശുക്കൂർ വധക്കേസിൽ സിപിഐ(എം) നേതാക്കളായ പി. ജയരാജനെയും , ടി. വി രാജേഷിനെയും വെറുതെ വിട്ട സാഹചര്യത്തിൽ അവരെങ്ങനെ കേസിൽ പ്രതിയായി എന്നത് സാമാന്യ ബോധമുള്ള മനുഷ്യർ കാര്യമായി പഠിക്കേണ്ടുന്ന സംഗതിയാണ്.

ഇന്ന് കോൺഗ്രസുകാർ പുണ്യാളനാക്കി തീർത്ത ഉമ്മൻ‌ചാണ്ടിയുടെ യുഡിഎഫ് ഭരണ കാലത്ത് എന്ത് മാത്രം നികൃഷ്ടവും അധാർമിവുമായ രാഷ്ട്രീയ വേട്ടയായിരുന്നു പോലീസിനെയും ഭരണ സംവിധാനങ്ങളേയും ഉപയോഗിച്ച് നടത്തിയത് എന്ന് മനസ്സിലാക്കാനുള്ള നല്ല കെയ്സ് സ്റ്റഡിയാണ് അരിയിൽ ശുക്കൂർ വധക്കേസ്. തളിപ്പറമ്പിലെ യുഡിഎഫ് എന്നാൽ ലീഗാണ്. വടക്കൻ മലബാറിലെ ലീഗെന്നാൽ മറ്റു പ്രദേശത്തുള്ളവർക്ക് മനസിലാൻ പോലും പ്രയാസമുള്ള ജനുസ്സാണ്.

2012 ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 5 മണിക്ക് പത്ര വിതരണം നടത്തുകയായിരുന്നു സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി കുന്നൂൽ രാജനെ മുസ്ലീം ലീഗുകാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ഗുരുതരമായ പരിക്കുപറ്റിയ രാജനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് അന്ന് വൈകുന്നേരം സിപിഐ(എം) നടത്തിയ പ്രതിഷേധ പ്രകടനത്തെ അരിയിൽ വച്ച് മുസ്ലീം ലീഗുകാർ വീണ്ടും ആക്രമിക്കുകയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് സരിത്ത് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത എന്നിവർക്ക് പരിക്കേൽക്കുകയും ആശുപത്രിയിലാവുകയും ചെയ്യുന്നു. തുടർന്ന് അരിയിൽ പ്രദേശത്തുള്ള സിപിഐഎമ്മുകാരുടെ കടകളും വീടുകളും ആക്രമിക്കപ്പെടുന്നു.

അങ്ങനെ മുസ്ലീം ലീഗ് ആക്രമണത്തിൽ സിപിഐഎമ്മിന്റെ പാർടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും നാശനഷ്ടമുണ്ടാകുകയും പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്ത പ്രദേശത്തേക്ക് പിറ്റേ ദിവസം ഫെബ്രുവരി 20 – ന് സന്ദർശനത്തിനായി ചെന്ന അന്നത്തെ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശ്ശേരി എംഎൽഎ ടി. വി രാജേഷും സഞ്ചരിച്ച വാഹനം കൊല്ലപ്പെട്ട ശുക്കൂറിന്റെ നേതൃത്വത്തിൽ ഒരു സംഘം ലീഗ് പ്രവർത്തകർ തടഞ്ഞു നിർത്തി വീണ്ടും ആക്രമിക്കുന്നു. കാറിന്റെ ചില്ലുകൾ തല്ലി പൊളിക്കുന്നതും സഖാവ് പി. ജയരാജനെ ആക്രമിക്കുന്നതുമായ വീഡിയോ അന്ന് തന്നെ പുറത്ത് വന്നതാണ്.

ഇനിയാണ് തെലുങ്കിലെ ബാലയ്യ പടങ്ങളെ വെല്ലുന്ന സ്ക്രിപ്റ്റ് തയ്യാറായത്. അക്രമണങ്ങളെ തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ പി. ജയരാജനെയും ടി. വി രാജേഷിനെയും സന്ദർശിക്കാനായി അരിയിൽ പ്രദേശത്തെ നിരവധിയാളുകൾ ആശുപത്രിയിലെത്തുന്നു. ആശുപത്രിയിലെ 315 – ആം നമ്പർ മുറിയിലാണ് ഇരു നേതാക്കളും ചികിത്സയിൽ കഴിഞ്ഞിരുന്നത്. അപ്പോൾ കേസിലെ 30- ആം പ്രതിയായിരുന്ന യു. വി വേണു ആ മുറിക്കപ്പുറമുള്ള മുറിയുടെ വാതിൽക്കൽ നിന്ന് ശുക്കൂറിനെ ‘വേണ്ടവിധം കൈകാര്യം ചെയ്യണമെന്ന് ‘ നിർദ്ദേശം നൽകിയെന്നും, അത് ഇപ്പുറത്തെ മുറിയിൽ ചികിത്സയിൽ കഴിഞ്ഞ പി. ജയരാജനും ടി. വി രാജേഷും കേട്ടുവെന്നും, അങ്ങനെ കേട്ടിട്ടും കുറ്റകൃത്യം തടയാൻ ശ്രമിച്ചില്ല എന്നും, അങ്ങനെ ഗൂഢാലോചനയിൽ പങ്കാളിയായി എന്നുമാണ് അവർക്ക് നേരെയുള്ള കുറ്റം.

ഈ സംഭവങ്ങളെ സാധൂകരിക്കാൻ സിബിഐ കൊണ്ട് വന്നത് പ്രധാനമായും ലീഗ് പ്രവർത്തകരായ രണ്ട് സാക്ഷികളെയാണ്. 22- ആം സാക്ഷി പി. പി അബു, 23- ആം സാക്ഷി മുഹമ്മദ്‌ സ്വാബിർ. ഇവരുടെ സാക്ഷി മൊഴിയാണ് 315 – ആം നമ്പർ മുറിയിൽ ജയരാജനും രാജേഷും ഉണ്ടായിരുന്നത് കണ്ടുവെന്നും, അരിയിൽ പ്രദേശത്തെ പ്രാദേശിക നേതാക്കളും പ്രവർത്തകരും മുറിക്കകത്തും പുറത്തുമായി നിൽക്കുന്നത് കണ്ടുവെന്നതും, യു.വി വേണു എന്നയാൾ റൂമിന് പുറത്തെ വാതിൽക്കൽ നിന്ന് ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധിച്ചു എന്നതും. ഈ യു. വി വേണുവിനെയും കോടതി ഇന്ന് വെറുതെ വിട്ടിട്ടുണ്ട്.

എന്നാൽ ഗൂഢാലോചന നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിലെ ഈ പ്രധാന സാക്ഷികളായ ലീഗ് പ്രവർത്തകർ വിചാരണ കോടതിയിൽ വിചാരണ വേളയിൽ ഹാജരായില്ല, കോടതിയിൽ നിന്നുള്ള അറസ്റ്റ് വാറന്റുമായി പോയിട്ട് പോലും സിബിഐക്ക് ഈ സോ കോൾഡ് സാക്ഷികളെ കണ്ടെത്താനായില്ല. ഈ സാക്ഷി മൊഴി സത്യമാണെങ്കിൽ ആ വിവരം അറിഞ്ഞിട്ടും തടയനായി ഒന്നും ചെയ്യാതിരുന്ന ഈ സാക്ഷികൾക്ക് നേരെയും അതെ കുറ്റം നിലനിൽക്കുമെമെന്നും അവർക്കെതിരെയും കേസെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിൽ വേറെ ഹർജി വന്നു.

അപ്പോൾ പരുങ്ങലിലായ സാക്ഷികൾ തങ്ങൾ ആശുപത്രിയിൽ പോയിട്ടേ ഇല്ലെന്ന നിലയിൽ ആദ്യ ഘട്ടത്തിൽ കോടതിയിൽ മൊഴി മാറ്റി പറഞ്ഞു. പിന്നീട് കാര്യങ്ങൾ കൈവിട്ട് പോകുന്നത് കണ്ട് ലീഗ് നേതൃത്വം ഇടപ്പെട്ട് ഇവരെ വിദേശത്തേക്ക് കടത്തി. ഒടുവിൽ സാക്ഷികൾ വിദേശത്താണെന്ന് സിബിഐ കോടതിയിൽ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് രണ്ട് തവണ കോടതി കുറ്റപത്രം മടക്കിയ കേസിലെ സിപിഐ(എം) നേതാക്കൾക്കെതിരെയുള്ള കേസിന്റെ ഗൂഢാലോചന തിയറി.

ടിപി വധക്കേസിലെ ഗൂഡാലോചനയെ വെല്ലുന്ന കഥയാണ് ഇവിടെ. പക്ഷേ രണ്ട് കേസിലും യുഡിഎഫിന് ഉദ്ദേശിച്ച കാര്യം നടന്നു. സഖാവ് പി. ജയരാജനെ അക്രമ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവാക്കി ഒരു പതിറ്റാണ്ടിലധികം വേട്ടയാടി. ആർഎസ്എസിന്റെ കൊടിയ അക്രമത്തെ മനഃക്കരുത് കൊണ്ട് തോൽപ്പിച്ച് അനേകം ശാരീരിക പ്രയാസങ്ങളുമായി ജീവിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഈ കേസിന്റെ പേരിൽ മോശമാക്കാൻ അവർക്ക് ഒരാളവോളം സാധിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കേ കണ്ണൂരിൽ ആർഎസ്എസിനോട് നേരിട്ട് രാഷ്ട്രീയ പോരാട്ടത്തിലേർപ്പെട്ട് ആർഎസ്എസ് ശക്തി കേന്ദ്രങ്ങളിൽ പോലും അവർക്ക് തിരിച്ചടികൾ നൽകിക്കൊണ്ടിരുന്ന സംഘടനാ സ്ട്രാറ്റജി കൈമുതലായ, രാഷ്ട്രീയ ഭേദമന്യേ സംഘപരിവാർ വിരുദ്ധർ അംഗീകരിച്ചിരുന്ന ഒരു ഗംഭീര സംഘാടകനെ മുസ്ലീം കമ്യൂണിറ്റിക്കിടയിൽ മറ്റൊരു രീതിയിലുള്ള ഇമേജ് സൃഷ്ടിക്കാൻ ലീഗ് ശ്രമിച്ചു. അങ്ങനെ നോക്കിയാൽ ലീഗിനും യുഡിഎഫിനും ഇത് നഷ്ടക്കച്ചവടമല്ല.

പതിനെട്ട് വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത നാദാപുരത്തെ ഷിബിൻ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊന്ന പ്രതികളുടെ ഫോട്ടോ വച്ച് പെരുന്നാൾ ആശംസ നേർന്ന ലീഗുകാർ, കോടതി പോലും ചുരുട്ടി ചവറ്റു കൊട്ടയിൽ എറിഞ്ഞ ഈ തെലുങ്ക് പടത്തിന്റെ സ്ക്രിപ്റ്റ് കണക്കെയുള്ള ഗൂഢാലോചന തിയറി വീണ്ടും ഇറക്കി മെഴുകുന്നത് കാണുന്നുണ്ട്. ഇതിന്റെ പകുതി ആവേശം സംഘികളെ എതിർക്കുന്ന കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ പേരിനെങ്കിലും ഒരു മുസ്ലീം ലീഗ് – ആർഎസ്എസ് സംഘർഷമെന്ന വാർത്ത കേരളം എപ്പോഴെങ്കിലും കേട്ടിരുന്നേനെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.