| അഭിമുഖം: ഡോൺ പാലത്തറ/ ശ്യാം സോർബ
സ്വതന്ത്ര സിനിമ മേഖലയിൽ മികച്ച സിനിമകൾ കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകൻ ഡോൺ പാലത്തറയുമായി നടത്തിയ ആംഭിമുഖം.
താങ്കളുടെ ഭൂരിഭാഗം സിനിമകളിലും കൂടുതലായി മോണോക്രോം ഉപയോഗിക്കുന്നതായി കാണാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പ് നിറങ്ങളിൽ നടത്തുന്നത്?
ഡോൺ പാലത്തറ: അതൊരിക്കലും ഒരു പ്രീ പ്ലാനോട് കൂടിയുള്ള തിരഞ്ഞെടുപ്പ് ആയിരുന്നില്ല. സിനിമകൾ ചെയ്ത സമയത്ത് ആ രീതിയിലേക്ക് വന്നതാണ്. ആദ്യത്തെ സിനിമ ‘ശവം’ ആയിരുന്നു. ശവം ചെയ്യുന്ന സമയത്ത് കളറിൽ ചെയ്യണം എന്നുള്ളതായിരുന്നു ആദ്യ ആലോചനകൾ. ആ സമയത്തെ ചിന്തകൾ പോയതും ആ തരത്തിൽ തന്നെ ആയിരുന്നു. കളറിനെ എങ്ങനെ സിനിമയിൽ വൃത്തിയായി ഉപയോഗിക്കാം എന്ന ചിന്ത വരികയും ആ സമയത്ത് പല പ്രശ്നങ്ങളും തോന്നുകയും ചെയ്തു.
ഉദാഹരണത്തിന് സിനിമയ്ക്ക് ആവശ്യമായ കളറുകൾ മാത്രമായിരുന്നില്ല അവിടെ ലൊക്കേഷനിൽ ഉണ്ടായിരുന്നത്. വളരെ ചെറിയ ബഡ്ജറ്റിൽ ഉള്ള സ്പേസുകൾ വെച്ച ചെയ്തൊരു സിനിമയായിരുന്നു ശവം. അപ്പോൾ സ്വാഭാവികമായും നമുക്ക് വേണ്ട രീതിയിൽ കളറുകൾ നിയന്ത്രിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് ഉണ്ടാവുകയും എങ്കിൽ ബ്ലാക്ക് ആൻഡ് വൈറ്റ്ൽ ചെയ്താലോ എന്നൊരു ആശയം സിനിമാട്ടോഗ്രാഫർ ആയ പ്രതാപ് ജോസെഫ് മുന്നോട്ട് വെക്കുന്നത്. ആ ആശയം മുൻനിർത്തി നമ്മൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഷൂട്ട് ചെയ്തു നോക്കുകയായിരുന്നു.
ആ സമയത്ത് ആ റിസൾട്ട് ഇഷ്ടപ്പെടുകയും പിന്നീട് ആ സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെ ചെയ്യാം എന്നൊരു തീരുമാനം എടുക്കുകയും ചെയ്തു. പിന്നീട് മറ്റ് സിനിമകൾ ചെയ്യാൻ ഒരുങ്ങുമ്പോഴേക്കും എനിക്ക് ബ്ലാക്ക് ആൻഡ് വൈറ്റിന്റെ ഒരു എസ്തെറ്റിക് ഇഷ്ടപ്പെടുകയും അതിനെ എങ്ങനെ നന്നാക്കി ചെയ്യാം എന്നും അതിനെ സിനിമയുടെ കഥയുമായി എങ്ങനെ ചേർത്ത് നിർത്താം എന്നൊക്കെയുള്ള ആലോചനയുടെയും പഠനത്തിന്റെയും ഭാഗം ആയിട്ടാണ് പിന്നീട് രണ്ട സിനിമകൾ കൂടി ബ്ലാക്ക് ആൻഡ് വൈറ്റിൽ ചെയ്തത്. പിന്നെ ‘എവെരിതിങ് ഈസ് സിനിമ’ ചെയ്തപ്പോൾ അത് പകുതി കളറിലും പകുതി ബ്ലാക്ക് ആൻഡ് വൈറ്റിലും ആയിരുന്നു.
ആ സിനിമയുടെ കഥയുമായി അത് ചേർന്ന് നിൽക്കുമെന്നും, ആ എസ്തെറ്റിക് നന്നായിരിക്കും എന്നും തോന്നി. പിന്നെ ബ്ലാക്ക് ആൻഡ് വൈറ്റ് കൂടുതൽ ഇഷ്ട്ടപ്പെടാനുള്ള ഒരു കാരണം എന്താണെന്ന് ചോദിച്ചാൽ, നമുക്ക് വളരെ മിനിമല് നേച്ചറിൽ നിന്നുകൊണ്ട് രണ്ട നിറങ്ങളുടെ എസ്തെറ്റിക് മാത്രം ശ്രദ്ധിച്ചാൽ മതിയല്ലോ. പൊതുവെ മിനിമലിസം എനിക്ക് വളരെ ഇഷ്ട്ടമാണ്. അതിനെ എങ്ങനെ കോംപ്ലക്സ് ആയിട്ടുള്ള കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിന് ഉപയോഗിക്കാം എന്നുള്ള തോന്നൽ കൂടിയാണത്.
പൊതുവായി ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണല്ലോ താങ്കളുടെ സിനിമകൾ കഥ പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരം ഒരു തീരുമാനം?
ഡോൺ: അതിനു അങ്ങനെ ഒരുപാട് കാരണങ്ങൾ ഒന്നുമില്ല. എനിക്ക് ഏറ്റവും പരിചയമുള്ള ഒരു പശ്ചാത്തലമാണ് അത്. ഞാൻ ജനിച്ചു വളർന്നൊരു പശ്ചാത്തലമാണത്. എന്റെ പതിനഞ്ചു വയസ്സുവരെ നാട്ടിൽ തന്നെയായിരുന്നു ജീവിച്ചത്. എന്റെ ആ ഒരു കുട്ടികാലത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ഒരു പശ്ചാത്തലം കൂടിയായതുകൊണ്ടാണ് സിനിമകളിൽ കൂടുതൽ ആയും അത് ഉപയോഗിക്കുന്നത്.
ഒരു വ്യക്തി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തി എടുക്കുന്നതും ഏറ്റവും കൂടുതൽ എക്സ്പോസഡ് ആയിട്ടുള്ളതും ആ ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലാണ്. ജീവിതത്തിലെ പല റെസ്ടിക്ഷൻസ്, ജീവിതത്തെ കുറിച്ചുള്ള ബേസിക് ഐഡിയസ് ഒക്കെ ഉണ്ടായിട്ടുള്ള ഒരു പശ്ചാത്തലം എന്ന രീതിയിൽ കൂടിയാണ് അത് സ്വീകരിച്ചിട്ടുള്ളത്.

മൂവിങ് ഷോട്ടുകളും സ്റ്റാറ്റിക് ഷോട്ടുകളും നന്നായി ഉപയോഗിക്കുന്നത് ശ്രദ്ധിക്കാറുണ്ട്. എങ്കിലും പൊതുവായി സ്റ്റാറ്റിക് ഷോട്ടുകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?
ഡോൺ: സ്റ്റാറ്റിക് ഷോർട് മാത്രം ആയിക്കൊണ്ടുള്ള ഒരു ഉപയോഗം ഇല്ല. ആദ്യ സിനിമയായ ശവത്തിൽ ഭയങ്കര മൂവ്മെന്റ് ഉള്ള ക്യാമറയാണ് . ഒരിക്കൽ പോലും മൂവ്മെന്റ് ഇല്ലാതിരുന്ന ഒരു സമയം ഇല്ലാത്തൊരു സിനിമയാണത്. വളരെ ഡൈനാമിക് ആയിട്ടുള്ള ഒരു സിനിമയാണ് ശവം. അടുത്ത സിനിമ ചെയ്യുന്ന സമയത്ത് വേറൊരു തരത്തിൽ ഉള്ള അപ്പ്രോച് വേണം എന്ന തോന്നി. അങ്ങനെയാണ് കുറച്ചൊരു മിനിമൽ കാമറ മൂവേമെന്റുകൾ ഉള്ള ട്രാക്കിംഗ് ഷോട്ടുകളും പാരലൽ ട്രാക്കിംഗ് ഷോട്ടുകളും കൂടുതലായി ഉപയോഗിച്ചുകൊണ്ട് ഒരു എസ്തെറ്റിക് ഉണ്ടാക്കിയെടുത്തത് .
പിന്നീട് മധ്യതിരുവിതാംകൂർ എന്ന സിനിമയിലേക്ക് എത്തിയപ്പോൾ ആ ഒരു എസ്തെറ്റിക് എങ്ങനെ കുറച്ചുകൂടി മെച്ചപ്പെടുത്താം എന്ന ചിന്തയാണ് വന്നത്. ശേഷം എവെരിതിങ് ഈസ് സിനിമയിൽ എത്തിയപ്പോൾ അത് ഹാൻഡ് ഹെൽഡ് ആയി മാറി. ഫാമിലിയിലേക്ക് വരുന്ന സമയത്ത് കാമറ ഒരു സ്ഥലത്ത് വെച്ചുകൊണ്ടാണ് ചെയ്തത്. ആ ഒരു സിനിമയുടെ കഥയുമായി ചേർന്ന് നിൽക്കുന്നത് അതാണ്. ക്യാമറയുടെ ഒരു സ്വഭാവം എന്ന് പറയുന്നത് എപ്പഴും സിനിമയ്ക്ക് എന്ത് വേണം, ആ സിനിമയിലൂടെ എന്ത് കമ്മ്യൂണിക്കേറ്റ് ചെയ്യണം, അത് ഒരുപാട് അനാവശ്യ മൂവേമെന്റ് ഇല്ലാതെ മിനിമൽ ട്രീട്മെന്റുകളിൽ എങ്ങനെ കഥ പറഞ്ഞെടുക്കാം എന്നാണു ചിന്തിക്കുന്നത്.
നിശബ്ദത സംഗീതത്തേക്കാൾ കൂടുതലായി സിനിമയിൽ കാണാറുണ്ട്. എന്തുകൊണ്ടാണ് നിശബ്ദതയ്ക്കു ഇത്ര പ്രാധാന്യം കൊടുക്കുന്നത്?
ഡോൺ: നേരത്തെ പറഞ്ഞ മിനിമലിസത്തിന്റെ ഒരു ബാക്കി തന്നെയാണ് ഇവിടെ ശബ്ദത്തിന്റെ കാര്യത്തിലും. നമുക്ക് അവിടെ ഫ്രെമുകളുടെ ഉള്ളിൽ ഉള്ള ആംബിയൻസ് കൊണ്ടും അവിടെ ആ സമയത്തുള്ള നാച്ചുറൽ ശബ്ദങ്ങൾ കൊണ്ടും നമുക്ക് ആവശ്യമായത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നതുകൂടിയാണ്. പക്ഷെ അവിടെ ഒരിക്കലും ലൊക്കേഷനിൽ ഉള്ള ശബ്ദത്തെ അതേപോലെ എടുത്തു വെക്കുക അല്ല ചെയ്യുന്നത്. പകരം എങ്ങനെ കൃത്രിമമായി ഫ്രെമിന്റെ ഉള്ളിൽ ഉള്ള ഓരോ കാര്യങ്ങൾ സൃഷ്ടിച്ചെടുക്കുന്നുവോ അങ്ങനെ ശബ്ദം വെച്ച് ഒരു സൗണ്ട് സ്‌കേപ്പ് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.
അങ്ങനെ ചെയ്തിട്ടാണ് നമ്മൾ ഓരോ സിനിമയും ചെയ്യുന്നത്. മ്യൂസിക് ഒരുപാട് ഉപയോഗിക്കുക എന്നത് ഒരു തരത്തിൽ എളുപ്പ പണി ആണ്. മ്യൂസിക് മാത്രം ഉപയോഗിച്ച് കഴിഞ്ഞാൽ എളുപ്പത്തിൽ റിസൾട്ട് കിട്ടും, കാരണം മ്യൂസിക് വഴി ആളുകളുടെ ഇമോഷൻസിനെ വളരെ വേഗം നിയന്ത്രിക്കാൻ പറ്റും. അത് എക്സ്പൊസിഷന്റെ വേറൊരു ലെവൽ ആണ്. നമ്മൾ ഷൂട്ട് ചെയ്യുന്ന രീതിയും ഒരിക്കലും ഇമോഷൻസ് ഡയറക്റ്റ് ആയിട്ട് മാനിപുലേറ്റ് ചെയ്യാനോ കണ്ട്രോൾ ചെയ്യാനോ ശ്രമിച്ചുകൊണ്ടല്ല. അതെ ഫിലോസഫി ആണ് ശബ്ദത്തിന്റെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്.
അഭിനേതാക്കളുടെ ചലനങ്ങൾ അനാവശ്യ വേഗത കൂട്ടാതെ നിത്യ ജീവിതത്തിൽ ഓരോ കാര്യങ്ങൾ ചെയ്യാൻ എടുക്കുന്ന ഒരു സമയം ഉണ്ട്, ഏതാണ്ട് അതെ സമയം എടുത്തുകൊണ്ടാണ് ഓരോ ആക്ഷൻസും പൂർത്തിയാക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ?
അത് പ്രധാനമായും സിനിമയിൽ പറയുന്ന കാര്യങ്ങൾ ലൈഫ് ആയിട്ടാണ് കാണുന്ന ആളുകൾക്ക് കണക്ഷൻ ഉണ്ടാക്കേണ്ടത് എന്നതുകൊണ്ടാണ്. സ്‌ക്രീനിൽ കാണുന്ന ജീവിതവുമായിട്ടാണ് പ്രേക്ഷകന് ബന്ധം ഉണ്ടാകേണ്ടത്. അല്ലാതെ വളരെ ഉപരിപ്ലവമായിട്ടുള്ള ഒന്നിനോട് ആകരുത് എന്നതുകൊണ്ടാണ്. ഒരാൾ ഒരു കാര്യം ചെയ്യുന്നത് കണ്ടാൽ ആ സ്‌ക്രീനിൽ അത് ചെയ്യുന്ന നടൻ കടന്നുപോകുന്ന അതെ മനസികവ്യവഹാരത്തിലൂടെ കാണിയും കടന്നുപോകാനായുള്ള ഒരു സാധ്യത കൊടുക്കുകയാണ്. പക്ഷെ അത് വേണോ വേണ്ടയോ എന്നത് പൂർണ്ണമായും കാണികളുടെ തീരുമാനമാണ്.
താങ്കളുടെ ഭൂരിപക്ഷം സിനിമകളിലും ഷാർപ്പ് കട്ടുകൾ ആണ് കണ്ടുവരുന്നത്. സീനുകൾ ബ്ലെൻഡ് ചെയ്യാതെ ഇത്തരം ഷാർപ്പ് കട്ട് ഉപയോഗിച്ച സീനുകൾ മാറ്റുന്നത് എന്തുകൊണ്ടാണ്?
ഡോൺ: ഇത്തരം ഒരു ചോദ്യം വരാനുണ്ടാകുന്ന കാരണം പോലും നമ്മൾ കാണുന്ന ബാക്കി സിനിമകൾ കൂടിയാണ്. ഞാൻ കാണാറുള്ള സിനിമകളും, കാണാൻ ഇഷ്ട്ടപ്പെടുന്ന സിനിമകളും ഇത്തരം ട്രീട്മെന്റുകൾ കൂടുതൽ പ്രയോഗിക്കുന്ന സിനിമകൾ ആണ്. അകി കുറിസ്മാക്കിയുടെ സിനിമകൾ ആയാലും റോയ് ആൻഡേഴ്സന്റെ സിനിമകൾ ആയാലും ഇവരൊക്കെ ചെയ്യുന്ന ആ ഒരു സ്കൂൾ ഓഫ് തോട്ടിൽ നിന്നുമാണ് ഞാനും വരുന്നത്.
അല്ലാതെ ഹോളിവുഡിലേത് പോലെ വളരെ സ്ട്രീംലെസ്സ് ആയിട്ടുള്ള അനുഭവം കാണിക്ക് കൊടുക്കുക, അഡ്രിനാലിൻ റഷ് കൊടുക്കുക എന്നതൊന്നുമല്ല നമ്മുടെ ഉദ്ദേശം. ആളുകളെക്കൊണ്ട് ആ ഫ്രെമിൽ എന്തൊക്കെയുണ്ട് എന്ന് ചിന്തിപ്പിക്കുക കൂടിയാണ്. സിനിമ ചെയ്യുന്നതിന്റെ പർപ്പസ്സിൽ തന്നെ ഈ രണ്ട് ഫിലിം മേക്കിങ്ങിൽ വ്യത്യാസമുണ്ട്. അതൊരിക്കലും കൊമേർഷ്യൽ, ആർട്ട് എന്നുള്ള വേർതിരിവൊന്നുമല്ല. എന്താണ് സിനിമ കൊണ്ടുദ്ദേശിക്കുന്നത്, ഈ സിനിമ കാണിയിൽ എന്ത് ചെയ്യണം എന്ന് നമ്മൾ ചിന്തിക്കുന്നു. അതാണ് ഇവിടെ സംഭവിക്കുന്നത്.
വളരെ റിയലിസ്റ്റിക് ആയിട്ടാണ് ഡോൺ കഥകൾ പറയുള്ളത്. ഇത്തരത്തിൽ റിയലിസത്തിൽ നിന്നുകൊണ്ട് സിനിമകൾ ചെയ്യുന്നതിൽ പ്രത്യേക താല്പര്യം ഉള്ളതുകൊണ്ടാണോ?
ഡോൺ: അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിട്ടല്ല. കാരണം പൂർണ്ണമായും ഫിക്ഷനൽ ആയിട്ടുള്ള ഒരു കഥയെ അഡാപ്റ്റ് ചെയ്തുകൊണ്ട് ഇനി ഒരു സിനിമ ചെയ്യാനുള്ള ആലോചനയിൽ ആണ്. പിന്നെ ഇതുവരെ ചെയ്ത ഒരു സിനിമയും ജീവിതത്തെ അതുപോലെ എടുത്തുവെക്കുന്നു എന്ന് പറയാൻ സാധിക്കില്ല. കാരണം നമ്മൾ ഒരുപാട് ചേരുവകൾ ചേർത്തിട്ട് ഉണ്ടാക്കിയെടുക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ് ഇവ എല്ലാം.
സ്വാഭാവികമായും നിത്യ ജീവിതത്തിൽ നിന്നും ചില എലെമെന്റുകൾ എടുക്കും, എങ്കിൽപ്പോലും പൂർണ്ണമായും ഒരാളുടെ ജീവിതം അതേപോലെ പകരുക എന്നതല്ല ചെയ്യുന്നത്. പിന്നെ റിയലിസം എന്ന് പറയുന്നതിനെ വളരെ ഫിലോസഫിക്കൽ ആയിട്ടുള്ള ചർച്ചകൾ ഉണ്ട്. കാരണം റിയലിസം എന്ന് പറയുന്നതിന്റെ രീതികൾ വെച്ചുനോക്കിയാൽ ഞാൻ ഒരു റൊമാന്റിക് അല്ല, റിയലിസ്റ്റിക് തന്നെ ആണ് എന്നതാണ് ഞാൻ മനസിലാക്കുന്നത്.
ലൈഫ് ഒരിക്കലും ഫെയർ അല്ലല്ലോ, അപ്പോൾ ആ ഒരു അൺഫെയർനെസ് അതുപോലെ സൂക്ഷിക്കുക എന്ന ഒരു കാര്യം കൂടി ഇതിലുണ്ട്. പോളിഷ് ചെയ്തു കാണിക്കാതെ, ഒരു ഫേക്ക് ആയ പ്രതീക്ഷ കൊടുക്കാതെ, മനുഷ്യരോട് നമ്മൾ എന്തിനാ കള്ളം പറയുന്നത് എന്ന ഒരു ചിന്തയിൽ നിന്നും ഉണ്ടാവുന്നതാണ്.



